“മ്, ഈ സ്ഥലം അത്ര ശരിയല്ല. വേഗം മനയിലേക്ക് പൊയ്ക്കോളൂ.”
അത്രേയും പറഞ്ഞ് അയാൾ നടന്നകന്നു.
മനയിലേക്ക് അവർ കയറിച്ചെല്ലുമ്പോൾ തിരുമേനി കലിതുള്ളി നിൽക്കുകയായിരുന്നു.
“ന്താ കുട്ട്യോളെ, നേരം എത്രയായി ഇവിടന്ന് പോയിട്ട്. ഞാൻ പറഞ്ഞതല്ലേ അധികദൂരം പോണ്ടന്ന്. ”
“അത്… അതുമുത്തശ്ശാ ഞങ്ങളൊന്നു നടക്കാനിറങ്ങിയതാ. അധികദൂരം പോയിട്ടൊന്നുല്ല്യാ..”
അമ്മു ഒറ്റശ്വാസത്തിൽ പറഞ്ഞു.
“മ്, ഭക്ഷണം കഴിക്കൂ, നമുക്ക് വൈകിട്ട് മണ്ഡപത്തിലേക്ക് ഒന്നുപോണം.”
ചാരുകസേരയിലേക്ക് ഇരുന്നുകൊണ്ട് തിരുമേനി പറഞ്ഞു.
അമ്മുവും, ഗൗരിയും അകത്തേക്ക് കയറിപ്പോയി.
മുറിയിൽ ചെന്ന ഗൗരി തന്റെ കൈവശമുള്ള ബാഗ് തുറന്നുനോക്കി.
കുറച്ചു കുപ്പിവളകളും പിന്നെ ചളിപിടിച്ചതുമായ രണ്ടുപേനകളും ഒരു പുസ്തകവും.
വേഗം കമ്പ്യൂട്ടറിന്റെ അടുത്തുള്ള കസേര വലിച്ചിട്ട് അതിലിരുന്നു.
ഒരു കാൽ കട്ടിലിലേക്ക് കയറ്റിവച്ചുകൊണ്ട് ഗൗരി ആ പുസ്തകം പതിയെ തുറന്നുനോക്കി.
“ഹോ എന്തൊരു ചൂടാ ഗൗര്യേച്ചി.”
അമ്മു പിന്നിലൂടെവന്ന് വാതിലിനോട് ചാരികിടക്കുന്ന സ്വിച്ച്‍ബോർഡിലെ ഫാനിന്റെ സ്വിച്ചിട്ടു.
വേഗത്തിൽ കറങ്ങിയ ഫാനിന്റെ കാറ്റുമൂലം
കൈയ്യിലെ പുസ്തകത്താളുകളിലെ പൊടിപടലങ്ങൾ വായുവിൽ കലർന്നു.
പൊടിയുടെ ഗന്ധം നസികയിലേക്ക് അടിച്ചുകയറിയപ്പോൾ ഫാൻ നിറുത്താൻ കൽപ്പിച്ച് അവൾ വീണ്ടും പുസ്തകത്തിലേക്ക് കണ്ണോടിച്ചു.
ആദ്യപേജിൽ ഇങ്ങനെ എഴുതിയിരുന്നു.