ഇപ്പോൾ അയാളുടെ കൈയ്യിൽനിന്നും നിങ്ങളെന്നെ മോചിപ്പിച്ചു.
പൂർണ സ്വാതന്ത്ര്യത്തോടെ.
ഇനിയെനിക്ക് പ്രതികാരം ചെയ്യണം.
എന്നെ നശിപ്പിച്ചവർക്കെതിരെ
എന്റെ ജീവിതം തകർത്തവർക്കെതിരെ,
എന്റെ സ്വപ്നങ്ങളെ ചുട്ടെരിച്ചവർക്കെതിരെ.
അത്രെയും പറയുമ്പോൾ സീതയുടെ കണ്ണുകളിൽ നിന്നും മിഴിനീർക്കണങ്ങൾക്കുപകരം ചുടുരക്തമായിരുന്നു ഒഴുകിയിരുന്നത്.
“ഇനിയൊരു കർമ്മവും അവൻ ഒരു കന്യകയെയുംവച്ച് ചെയ്തുകൂട.”
കണ്ണുകളിൽ നിന്നും അഗ്നി ജ്വലിച്ചുകൊണ്ട് സീത പറഞ്ഞു.
എന്നിട്ട് അവൾ ഗഗനനീലിമയിലേക്ക് മറഞ്ഞു.
പതിയെ പ്രകൃതി ശാന്തമായി. പൊടിപടലങ്ങൾ മണ്ണോടുചേർന്നു.
അപ്പോഴാണ് അമ്മു ഗൗരിയുടെ കൈയ്യിലുള്ള ആ ബാഗ് ശ്രദ്ധിച്ചത്.
“ഇതെവിടന്നാ ഗൗര്യേച്ചി ?..”
“ഓ, ഇതോ, ഇതാ ചെറിയ അറ തുറന്നപ്പോൾ കിട്ടിയതാ. ഞാനിങ്ങെടുത്തു.”
“മ്, ഇനിയിപ്പ ഇതിന്റെ പേരിൽ ന്ത് പ്രശ്നാണാവോ ണ്ടാവാ..”
മറുത്തൊന്നും പറയാതെ ഗൗരി അമ്മുവിന്റെ കൈയ്യുംപിടിച്ച് മനയിലേക്ക് തിരിച്ചുനടന്നു.
ചെറിയ ഇടവഴികഴിഞ്ഞ് റോഡിലേക്ക് ചെന്നുകയറിയപ്പോൾ അവിചാരിതമായി അനി മുന്നിൽവന്നുനിന്നു.
“മ്…ഈ വഴി എവിടന്നാ വരുന്നേ ?..”
അമ്മുവിനോടാണ് ചോദിച്ചതെങ്കിലും ഗൗരിയുടെ മുഖത്തുനോക്കിയായിരുന്നു അയാൾ നിന്നത്.
“എങ്ങടുല്ല്യാ ഏട്ടാ…
ഗൗര്യേച്ചിക്ക് സ്ഥലങ്ങളൊക്കെ കാണണമെന്നുപറഞ്ഞപ്പോൾ ഒന്നു നടക്കാൻ ഇറങ്ങീതാ..”