യക്ഷയാമം (ഹൊറർ) – 1 59

“ഗൗരി… ഇത്തവണ നീ എങ്ങടാ… കൊച്ചിയിലേക്കണോ..?”

കൂട്ടത്തിൽനിന്നൊരു സുഹൃത്ത് ചോദിച്ചു.

“ഏയ്‌ അല്ല..!”
മുഖത്തേക്കുനോക്കാതെ അവൾ പറഞ്ഞു.

“പിന്നെ എങ്ങോട്ടാ… യൂഎസ് ലേക്കണോ?”

“അല്ല മുത്തശ്ശന്റെ നാട്ടിലേക്ക്..”

“അതെവിടെയാ ഗൗരി…?”

“ബ്രഹ്മപുരം..”

അതുപറഞ്ഞതും, കിഴക്കുനിന്ന് കാറ്റ് ശക്തമായി വീശാൻ തുടങ്ങി.
അഴിഞ്ഞുകിടന്ന ഗൗരിയുടെ മുടിയിഴകൾ കാറ്റിൽ പാറിനടന്നു.

ക്ലാസ് റൂമിലെ ജാലകപ്പൊളികൾ ശക്തമായി വന്നടഞ്ഞു.
പുസ്തകത്തിലെ പേജുകൾ കൂടിയടിക്കുന്ന ശബ്ദം ആ ക്ലാസ്സ്മുറിയിൽ നിറഞ്ഞുനിന്നു.

“കർത്താവേ… ഇതെന്നാ കാറ്റാ.. ഓഖിയാന്നോ..”

കൂട്ടത്തിലൊരുവൾ കഴുത്തിൽ കിടന്ന കൊന്തയെടുത്തു പുറത്തേക്കിട്ടു.

ഗൗരി ബെഞ്ചിൽ നിന്നുമെഴുന്നേറ്റ് ക്ലാസ്സ്മുറിയുടെ വരാന്തയിലേക്ക് ഇറങ്ങിനിന്നു.

വിണ്ണിൽ കാർമേഘം ഇരുണ്ടുകൂടിയിരുന്നു.
ശക്തമായ കാറ്റിൽ കോളേജ് ഗ്രൗണ്ടിലെ ചപ്പുചവറുകൾ വായുവിൽ നൃത്തമാടി.

“ഇതെന്താ മുത്തശ്ശാ.. ഞാൻ ആ നാടിനെകുറിച്ച് എന്തെങ്കിലും പറഞ്ഞാലോ, ചിന്തിച്ചാലോ ഇങ്ങനെയൊരോ അനർത്ഥങ്ങൾ കാണിച്ചു തരുന്നെ…?”

ഗൗരി കണ്ണടച്ചുകൊണ്ട് മനസിൽ ചോദിച്ചു.

“എനിക്കുള്ള സ്വീകരണമാണോ?”