Yakshayamam Part 1 by Vinu Vineesh
ഗൗരീ…..
അഞ്ജലി നീട്ടിവിളിക്കുന്നതുകേട്ട് ഗൗരി പുതപ്പിനുള്ളിൽനിന്ന് തല പുറത്തേക്കിട്ടുകൊണ്ട് അവളെ തീക്ഷ്ണമായിനോക്കി.
പുറത്തുനിന്ന് അരുണരശ്മികൾ ജാലകത്തിലൂടെ ഫ്ലാറ്റിനകത്തേക്ക് ഒരു വിരുന്നുകാരനെപോലെ ഒഴുകിയെത്തി.
മേശക്കുമുകളിൽ ആവിപറക്കുന്ന കട്ടൻചായ ഗൗരിയെ നോക്കി പുഞ്ചിരിക്കുന്നുണ്ടായിരുന്നു.
ഇളംവെയിൽ അവളെ തഴുകിതലോടിയപ്പോൾ
കിടക്കയിൽ നിന്നുമെഴുന്നേറ്റ് തന്റെ മേശപ്പുറത്തുവച്ച കൃഷ്ണന്റെ ചെറിയ വിഗ്രഹത്തെ തൊഴുത് വീണ്ടും അഞ്ജലിയെത്തന്നെ നോക്കി.
“ന്തടി.., നോക്കി പേടിപ്പിക്കുന്നോ, കണ്ണ് ഞാൻ കുത്തിപ്പൊട്ടിക്കും. പോയി കുളിച്ചിട്ട് വാടി”
നനഞ്ഞ കാർകൂന്തൽ ഫാനിന്റെ മുൻപിൽ പരത്തിയുണക്കുന്നതിനിടയിൽ അഞ്ജലി പറഞ്ഞു.
“നീ പോടി, നൂലുണ്ടെ..! ഹും”
“എടി… വേണ്ട നീ, കഴിഞ്ഞതവണ കിട്ടിയത് ഓർമ്മയുണ്ടല്ലോ…”
തലമുടിചീകുന്ന ചീർപ്പ് ഗൗരിയുടെ നേരെ ചൂണ്ടികൊണ്ട് അഞ്ജലി പറഞ്ഞു.
“ഹോ… അതിനിത്തിരി പുളിക്കും.
ബാത്‌റൂമിലേക്ക് കടക്കുന്ന വാതിലിന്റെ അടുത്തു നിന്നുകൊണ്ട് ഗൗരി വെല്ലുവിളിച്ചു.
ദിവസങ്ങൾക്കുമുൻപ് ഒരു പുലരിയിൽ ഗൗരി അഞ്ജലിയെ ‘നൂലുണ്ടെ’ എന്നൊന്ന് വിളിച്ചിരുന്നു.
കൈയ്യിൽ കിട്ടിയ എസിയുടെ റെമോർട്ട്കൊണ്ട് അവൾ ഗൗരിയെ അതുവച്ചൊരെറ് കൊടുത്തു.
ഉന്നംവച്ചെറിഞ്ഞപോലെ അത് കൃത്യമായി ഗൗരിയുടെ ഇടത് കണ്ണിന് മുകളിലെ നെറ്റിയിൽ ചെന്നുപതിച്ചു.
നെറ്റിപൊത്തി ഗൗരി നിന്ന് കരയുന്നത് കണ്ട അഞ്ജലി അടുത്തചെന്ന് നോക്കിയപ്പോൾ പൊത്തിയ കൈക്കുള്ളിലൂടെ രക്തം ഒഴുകാൻ തുടങ്ങിയിരുന്നു.
ഉടനെ ആശുപത്രിയിൽ ചെന്ന് രണ്ട് സ്റ്റിച്ചിട്ടു.
നെറ്റിയുഴിയുന്നത് കണ്ട അഞ്ജലി അവളുടെ മുഖത്തേക്ക് നോക്കിക്കൊണ്ട് പുഞ്ചിരിച്ചിരുന്നു.
“ഈ സ്റ്റിച്ചിന് മറുസ്റ്റിച്ചിട്ടില്ലങ്കിൽ എന്റെ പേര് നിന്റെ പട്ടിക്കിട്ടൊ…ഹും..”
ബാത്റൂമിലേക്ക് കയറി അവൾ വാതിൽ ശക്തിയായി കൊട്ടിയടച്ചു.