വൈദേഹി 1553

ഒന്ന് ഉച്ചത്തിൽ പൊട്ടിച്ചിരിക്കാൻ…. പൊട്ടിക്കരയാൻ…. അട്ടഹസിക്കാൻ… ഉച്ചത്തിൽ സംസാരിക്കാൻ ശുദ്ധവായു ശ്വസിക്കാൻ…..ആരും കാണാതെ ഇഷ്ടപ്പെട്ട മധുരപലഹാരങ്ങൾ കൊതിയോടെ കട്ടുതിന്നാൻ……
എല്ലാം ആസ്വദിക്കാൻ ലഭിക്കുന്ന അപൂർവ്വ നിമിഷങ്ങൾ…….
ഈ പകലിനെ വിട്ടുപിരിയാതെ സൂര്യാസ്തമയം സംഭവിക്കാതിരുന്നെകിൽ എന്ന്‌ ആശിക്കുകയും പ്രാർത്ഥിക്കുകയും ചെയ്യുന്ന ദിവസം……
പെട്ടന്ന് വാതിലിൽ മുട്ടുന്ന ശബ്ദം കേട്ട് വൈദേഹി ഞെട്ടിത്തരിച്ചു….
തന്റെ സ്വാതന്ത്രത്തിന്റെ സീമകളെ ലംഘിച്ചു കൊണ്ട് ആരായിരിക്കും ഇപ്പോൾ വന്നിരിക്കുന്നത്…
മനസ്സാ ശപിച്ചു കൊണ്ട് വൈദേഹി ജനൽപ്പാളിയുടെ ഒരു ജാലകം തുറന്നു…
പാതിമുഖം പോലും പുറത്തു കാണിക്കാതെ സാരിത്തലപ്പ് കൊണ്ട് മുഖവും തലയും മറച്ചു ജനൽപാളിയുടെ ഇടയിൽ നിന്നും വിളിച്ചു ചോദിച്ചു…
“ആരാ?..എന്തു വേണം”….
“ഞാൻ റാം വെങ്കിടിയുടെ സുഹൃത്താണ്‌ “…
“ഇവിടെ ആരുമില്ല.. എല്ലാവരും ചാർഥ് ഉൽസവത്തിൽ പങ്കെടുക്കാൻ പോയിരിക്കയാണ്‌”…..
“എനിക്ക് അറിയാം…..
ഞാൻ ചാർഥ് ഉത്‌സവം കാണാൻ വേണ്ടി വന്നതല്ല…….ഞാൻ വൈദേഹിയെ കണ്ടു സംസാരിക്കാൻ വേണ്ടി മാത്രം വന്നതാണ്”….
ഒരു നിമിഷം വൈദേഹി സ്തംഭിച്ചു പോയി…
“എന്നെ കാണുന്നതിനോ!”…
“അറിയാം എനിക്കെല്ലാം…. ഇരുളടഞ്ഞ ഈ അഗ്രഹാരത്തിന്റെ നാലുചുമരിന്റെ അകത്തളങ്ങളിൽ ഒടുങ്ങേണ്ടതല്ല വൈദേഹിയുടെ ജീവിതം”….
“ദേഹി നഷ്ട്ടപെട്ട വെറുമൊരു ദേഹം മാത്രമാണ് റാം ഞാൻ ഇപ്പോൾ…. നാളെയെന്ന പ്രതിക്ഷയോടെ ജീവിക്കുന്ന അഹല്യ പോലുമല്ല…മരണം എന്ന ശാപമോക്ഷം അല്ലാതെ മറ്റൊന്നും പ്രതീക്ഷിക്കുന്നില്ല”………
“അതിരുകളില്ലാത്ത ഭൂമികയിൽ സ്ത്രീയെന്ന അവകാശത്തോടെ ജീവിക്കാൻ….നഷ്ട്ടപ്പെട്ടു എന്നു കരുതുന്ന സ്വപ്നം വീണ്ടെടുത്ത് സ്വയംപര്യപ്‌ത നേടിയ സ്ത്രീയായി വൈദേഹിക്ക് മാറാൻ കഴിഞ്ഞാൽ………
അഡിഗ സ്ത്രീയുടെ വിധിയെന്ന് സ്വയം വിലപിച്ചു കഴിയുന്ന മറ്റു വിധവകൾക്കും വൈദേഹിയിലൂടെ എഴുതപ്പെടുന്ന പുതിയചരിത്രത്തിലൂടെ ഒരു മാറ്റത്തിന് നിമിത്തമായാൽ!”….റാം പറഞ്ഞു നിർത്തി…
ഒരു നിമിഷത്തെ മൗനം ഭേധിച്ചു കൊണ്ട് വൈദേഹി പറഞ്ഞു……
“മതത്തിൻെറയും സമുദായത്തിന്റെയും ആചാരങ്ങളുടെ അതിർവരമ്പുകൾക്ക് അപ്പുറം ഒരു ലോകം അഡിഗ വിധവയുടെ സങ്കൽപ്പത്തിൽ പോലുമില്ല…ഈ ലോകവും ഇവിടത്തെ ഇരുട്ടുമായി ഞാൻ പൊരുത്തപ്പെട്ടു കഴിഞ്ഞിരിക്കുന്നു റാം”…..
വൈദേഹിയുടെ മറുപടി കേട്ട് റാം ഒന്ന് ചിരിച്ചു…
“അബലയായ സ്ത്രീയെ സമൂഹത്തിന്റെ ഇരുട്ടറയിൽ തളച്ചിടാൻ പൗരുഷത്തിന്റെ വക്താക്കളാണ് തങ്ങൾ എന്ന് സ്വയം കരുതുന്നവർ പൗരോഹിത്യത്തെ കൂട്ടുപിടിച്ച് മൃഗത്തെ മനുഷ്യൻ ചാട്ട കൊണ്ട് ഭയപ്പെടുത്തുന്നത് പോലെ. അനാചാരങ്ങളും അന്ധവിശ്വാസങ്ങളും മതം എന്ന ചാട്ട ഉപയോഗിച്ച് സ്ത്രീയിൽ അടിച്ചേൽപ്പിച്ച് അടിമയാക്കുന്ന സാമൂഹിക വ്യവസ്ഥിതിയെയാണ് ആദ്യം തൂത്തെറിയേണ്ടത്……
വൈദേഹി..നിങ്ങളായിരിക്കണം ആ മാറ്റത്തിന്റെ ആദ്യ തിരിനാളം തെളിയിക്കേണ്ടത് “…

2 Comments

  1. ഒറ്റപ്പാലം കാരൻ(മുഹമ്മദ് അനസ്)

    നന്നായിട്ടുണ്ട്?

Comments are closed.