ഉണ്ണി എന്ന ഉണ്ണിക്കുട്ടന്‍ 2124

പറമ്പിലെ മാവു, പ്ലാവ്, തെങ്ങ് തുടങ്ങിയ ഫലവൃക്ഷങ്ങളെല്ലാം മുത്തശ്ശന്‍ വച്ചതാണത്രേ. മുത്തശ്ശി പറഞ്ഞു എനിക്കറിയാം. ന്‍റെ ഉണ്ണ്യേ, നിനക്കറിയാമോ ഈ മരങ്ങളെല്ലാം നിന്റെ മുത്തശ്ശന്‍ വച്ചതാണ്. ഇവിടമാകെ കാടുപിടിച്ച് കിടന്ന സ്ഥലമായിരുന്നു. നിന്റെ മുത്തശ്ശനും ഞാനും രാപകലില്ലാതെ കിളച്ചും കാടുകള്‍ വെട്ടിതെളിച്ചുമാണ് ഇങ്ങനെയാക്കിയത്. എന്റെ കുട്ട്യേ, എന്ത് മാത്രം കഷ്ടപ്പെട്ടു നിന്റെ മുത്തശ്ശന്‍? മുത്തശ്ശി ഇത് പറഞ്ഞപ്പോള്‍ എനിക്കെന്റെ മുത്തശ്ശനോടും മുത്തശ്ശിയോടും എത്ര മാത്രം ബഹുമാനമാണെന്നോ ഉണ്ടായതു? ഇന്ന് ഞങ്ങള്‍ക്ക് സുഭിക്ഷമായി കഴിയാനുള്ള എല്ലാ വകകളും അവര്‍ ഉണ്ടാക്കിയതാണ്. മുത്തശ്ശിയുടെ കൈ പിടിച്ചു നടക്കുമ്പോഴെല്ലാം എനിക്ക് അദ്ധ്വനിക്കണമെന്നു മോഹം ഉണ്ടായി. തീര്‍ച്ചയായും മുത്തശ്ശന്‍റെ ഈ ഭൂമിയെ ഞാന്‍ സംരക്ഷിക്കും. അവരുടെ ആത്മാവ് സന്തോഷിക്കുമല്ലോ. അത് എത്ര നല്ല കാര്യമാണ്?

സമ്പത്ത് കാലത്ത് തൈ പത്തു വച്ചാല്‍
ആപത്തു കാലത്ത് കാ പത്തു തിന്നാം.

അമ്മിണി ടീച്ചര്‍ പറയജുള്ളത് എത്ര ശരിയാണ്. മുത്തശ്ശിക്കും ആ പഴമൊഴി അറിയാമായിരുന്നുവത്രേ.

മുത്തശ്ശി പറഞ്ഞു തരാറുള്ള പഴയ കാര്യങ്ങള്‍ കേള്‍ക്കുന്തോറും കൂടുതല്‍ കേള്‍ക്കാനാഗ്രഹിക്കുന്നവയായിരുന്നു. മുത്തശ്ശിക്കൊപ്പമുള്ള ഓണം ഒരിക്കലും മറക്കാനാവില്ല. ഓര്‍ക്കുമ്പോള്‍ വളരെ ദുഃഖമുണ്ട്. രാവിലെ മുത്തശ്ശിക്കൊപ്പം എഴുന്നേറ്റു അത്തം തൊട്ടു പത്തു നാള്‍ മുറ്റത്തെ ചാണകത്തറയില്‍ പൂക്കളമൊരുക്കുന്നത് എത്ര സന്തോഷമുള്ള കാര്യമായിരുന്നു? അതിരാവിലെ മുത്തശ്ശിക്കൊപ്പം എഴുന്നേറ്റു കുളിച്ചു ഈറനുടുത്തു തലേ ദിവസം പറിച്ചുവച്ച പൂക്കള്‍കൊണ്ട് പൂക്കളമിടുമ്പോള്‍ മഹാബലിതമ്പുരാന്റെ ഓര്‍മ്മകളുംസമൃദ്ധികളും മനസ്സില്‍ തെളിയും. ആ നാളുകളില്‍ മുത്തശ്ശി മാവേലിതമ്പുരാന്റെ ഭരണകാലത്തെ കുറിച്ചുള്ള ഐതിഹ്യങ്ങളും ഓണപ്പാട്ടുകളും പറഞ്ഞും പാടിയും തരുമായിരുന്നു. പൂക്കളമിട്ട് കഴിഞ്ഞാല്‍ ഞാന്‍ മുത്തശ്ശിയോടു ചോദിക്കും, മുത്തശ്ശീ, എങ്ങനെയുണ്ട് നമ്മുടെ പൂക്കളം? നന്നായിരിക്കുന്നു കുട്ടാ! മുത്തശ്ശിയുടെ അഭിപ്രായം കേട്ടാല്‍ തൃപ്തിയാകും. തിരുവോണദിവസം ആഹ്ലാദവും ആഘോഷവും തന്നെ. തൃക്കാക്കരയപ്പനെ ഓണം കൊള്ളിക്കുക്. അത് മനോഹരമായ ഒരു ചടങ്ങാണ്. വെളുപ്പിന് മൂന്നു മണിക്ക് ഞാനും മുത്തശ്ശിയും ഉണര്‍ന്നു കുളിച്ചു കോടിമുണ്ട് ചുറ്റി ചന്ദനവും അരിമാവും പൂശിയ തൃക്കാക്കരയപ്പനെ കുരവയും ആര്‍പ്പുവിളിയോടും കൂടി തുമ്പക്കുടം കൊണ്ട് മൂടും. പിന്നെ പൂവട നേദിച്ച് അത് ഞങ്ങള്‍ ഭക്ഷിക്കും. ചുറ്റും ചിരാതുകള്‍ കത്തിച്ചു വയ്ക്കും. മനസ്സും വീടും പ്രകാശം കൊണ്ട് നിറയും. പിന്നീട് വിഭവസമൃദ്ധമായ ഉച്ചയൂണ്‌വരെ പല ഓണക്കളികള്‍ . മുത്തശ്ശിയും കൂടും ഞങ്ങള്‍ക്കൊപ്പം. അമ്മയെ സഹായിക്കാന്‍ മുത്തശ്ശി ആവുന്നത് പോലെ കൂടുമായിരുന്നു. ഉച്ചക്ക് വിളക്ക് കത്തിച്ചു നാക്കിലയില്‍ ദാഹം വയ്ക്കും. പിന്നെ എല്ലാവരും തറയില്‍ പാ വിരിച്ചു ഇലയില്‍ ഊണ്. ഞാന്‍ മുത്തശ്ശിക്കൊപ്പമായിരിക്കും ഉണ്ണാനിരിക്കുക. ആകെ സന്തോഷമുള്ള ദിവസം. എല്ലാം മുത്തശ്ശിയുടെ മരണത്തോടെ അവസാനിച്ചു. അമ്മ അച്ഛനോട് പറയുന്നത് കേട്ടു, നമുക്ക് ഇപ്രാവശ്യം ഓണത്തിന് പുറത്തുനിന്നു ഊണുകഴിക്കാം. എല്ലാം പുറത്തുനിന്നും കിട്ടുമ്പോള്‍ അതല്ലേ സൌകര്യം? ഒരു സിനിമയും കാണാം. ആര്‍ക്കുവേണം ആ ഓണസദ്യ! മുത്തശ്ശിയില്ലാത്ത ഓണം, അത് ഓണമല്ല.

എന്റെ മുത്തശ്ശി എപ്പോഴും പറയുമായിരുന്നു, ഈ ആചാരങ്ങളും ആഘോഷങ്ങളും ഒന്നും മറക്കരുതെന്ന്. തീര്‍ച്ചയായും ഞാനിതൊന്നും മറക്കില്ല. മാത്രമല്ല, ഞാന്‍ വലുതായാല്‍ ഇതെല്ലാം ആചരിക്കുകയും ചെയ്യും. പാവം മുത്തശ്ശിയെ കെട്ടിപ്പിടിച്ചു ഉറങ്ങാനും കഥകള്‍ കേള്‍ക്കാനും എനിക്ക് കഴിയില്ലല്ലോ. എങ്കിലും എന്റെ മുത്തശ്ശിയുടെ ആത്മാവ് ഈ ഉണ്ണിയോടൊപ്പം എന്നും ഉണ്ടാകും. അത് മാത്രം മതി ഈ ഉണ്ണിക്ക്‌.

മുത്തശ്ശി മരിച്ചതോടെ ഞാന്‍ ആകെ ഒറ്റപ്പെട്ടതുപോലെ ഒരു തോന്നല്‍. എങ്കിലും മുത്തശ്ശി എപ്പോഴും പറയുന്നതുപോലെ, ഉണ്ണീ, നീ മടി കാണിക്കരുത്. പഠിച്ചു മിടുക്കനാകണം. നല്ല നിലയിലെത്തണം നല്ല കാര്യങ്ങള്‍ ചെയ്യണം. ആ ഓര്‍മ്മകള്‍ എന്നെ കൂടുതല്‍ ഉത്സാഹിയാക്കുന്നുണ്ട്. ഞാന്‍ നന്നായി പഠിക്കുന്നുണ്ട്. ക്ലാസ്സില്‍ എല്ലാ കുട്ടികളും എന്നെ ഏറെ ഇഷ്ടപ്പെടുന്നു. ഞാനും അങ്ങനെ തന്നെ.

പുസ്തകങ്ങള്‍ നല്ല കൂട്ടുകാരെപ്പോലെ ആണെന്നും വായന മനുഷ്യനെ മഹോന്നതനാക്കുമെന്നും ടീച്ചര്‍ പറയുന്നത് എത്ര ശരിയാണ് ഞാന്‍ ധാരാളം വായിക്കും. എല്ലാം നല്ല പുസ്തകങ്ങള്‍ . എന്നെപ്പോലെ നിങ്ങളും ആയിത്തീരണം. ആകില്ലേ നിങ്ങള്‍? നമുക്ക് ഈ നാടിന്‍റെ ഐക്യവും ഐശ്വര്യവും കാത്തു സൂക്ഷിക്കാം. അടുത്ത ആഴ്ച ഓണപ്പരീക്ഷയാണ്. നന്നായി പഠിക്കേണ്ടതുണ്ട്. ഞാന്‍ മുത്തശ്ശിക്ക് വാക്ക് കൊടുത്തതല്ലേ പഠിച്ചു മിടുക്കനാകും എന്ന്. ആ വാക്ക് പാലിക്കാന്‍ ബാധ്യസ്ഥനല്ലേ ഞാന്‍? ഞാന്‍ പിന്നീട് വരാം. ഇപ്പോള്‍ നിങ്ങളോട് വിട ചൊല്ലട്ടെ.