എനിക്ക് ഏറ്റവും ഇഷ്ടം അമ്മിണിടീച്ചറോടായിരുന്നു. എന്റെ മലയാളം ടീച്ചര്‍ . എനിക്ക് മറ്റാരോടും ഇഷ്ടമില്ലെന്നു ധരിക്കല്ലേ. എനിക്ക് എല്ലാവരോടും ഇഷ്ടം തന്നെ. അമ്മിണി ടീച്ചറിനോട് ഒരു പ്രത്യേക ഇഷ്ടം. പാവം ടീച്ചര്‍ , ഒട്ടും പത്രാസ്സോ ഗൌരവമോ ഇല്ല. എനിക്കെന്നല്ല, എല്ലാ കുട്ടികള്‍ക്കും ടീച്ചറിനോട് ഒരു പ്രത്യേക ഇഷ്ടം തോന്നിയിട്ടുണ്ട്. ടീച്ചര്‍ക്ക് എല്ലാവരോടും മക്കളോടെന്നപോലെ സ്നേഹമായിരുന്നു. ടീച്ചര്‍ക്ക് ഞങ്ങളെപ്പോലൊരു മോനും ഞങ്ങളെക്കാള്‍ ചെറിയൊരു മോളുമുണ്ടെന്നു പറഞ്ഞിരുന്നു. ടീച്ചറിന്റെ ഭര്‍ത്താവു പട്ടാളത്തിലാണത്രെ. അഭിമാനമാണ് അദ്ദേഹത്താട് എനിക്ക് തോന്നിയത്. ശത്രു സൈന്യത്തോട് പോരാടി രാജ്യത്തെ സേവിക്കുന്നവരല്ലേ പട്ടാളക്കാര്‍. അദ്ദേഹം രാജ്യസ്നേഹിയും നല്ലവനുമാനെന്നു ടീച്ചര്‍ പറയുന്നത് കേള്‍ക്കുമ്പോള്‍ തോന്നുന്നു. ടീച്ചര്‍ ഒരിക്കലും കള്ളം പറയില്ല. ടീച്ചറിനെ വിശ്വസിക്കാം.
“മക്കളെ, നിങ്ങള്‍ എന്റെ കുട്ടികളാണ്. നിങ്ങള്‍ നല്ലവണ്ണം പഠിച്ചു നല്ല നിലയിലെത്തി നല്ല കര്‍മങ്ങള്‍ ചെയ്യുകയും ചെയ്യാന്‍ പ്രേരിപ്പിക്കുകയും ചെയ്യണം. ചെയ്യില്ലേ നിങ്ങള്‍ ? നിങ്ങള്‍ നല്ല കുട്ടികളാണ്. അല്ലെ?” ഞങ്ങള്‍ ടീച്ചറിന്റെ വാക്കുകള്‍ക്ക് സമ്മതം മൂളും. ടീച്ചറിന്റെ മുഖം സന്തോഷം കൊണ്ട് വികസിക്കും. ഞങ്ങള്‍ക്ക് ടീച്ചര്‍ ഒരമ്മയുടെ സ്നേഹമാണ് തന്നിരുന്നത്.
ടീച്ചര്‍ ക്ലാസ്സെടുക്കുന്നത് എത്ര രസകരമായാണ്? ഞങ്ങള്‍ വളരെ ശ്രദ്ധയോടെ കേട്ട് ഹൃദ്യസ്ഥമാക്കും. സമയം പോകുന്നതറിയാറില്ല. എതു പാഠം പഠിപ്പിച്ചാലും നല്ല നല്ല തത്വങ്ങള്‍ കൂട്ടിച്ചേര്‍ക്കും. അതുമല്ലെങ്കില്‍ ഒരു കഥ ടീച്ചര്‍ പറയാന്‍ മറക്കാറില്ല. ടീച്ചറെപോലുള്ള ഒരു ഗുരുവിന്റെ ശിഷ്യര്‍ ചീത്തയാകാന്‍ വഴിയില്ലെന്ന് ഞാന്‍ പലപ്പോഴും ഓര്‍ക്കാറുണ്ട്.’ ഗുരുര്‍ ദേവോ ഭവഃ’ എന്നതു ആരും എന്നെ പറഞ്ഞു മനസ്സിലെക്കേണ്ടി വന്നിരുന്നില്ല.
മുത്തശ്ശി എപ്പോഴും പറയുമായിരുന്നു, “ഉണ്ണ്യേ, ന്‍റെ കുട്ട്യേ, ഗുരുക്കന്മാര്‍ ദൈവങ്ങളെപ്പോലെയാണ്. അവരെ ബഹുമാനിക്കണം.അങ്ങനെയുള്ള കുട്ട്യോള്‍ക്ക് നല്ലതേ വരൂ. ന്‍റെ കുട്ടിക്ക് മുത്തശ്ശി പറയുന്നത് മനസ്സിലാവണുണ്ടോ?” ഉണ്ട് മുത്തശ്ശീ, ഈ ഉണ്ണിക്കു മുത്തശ്ശി പറയുന്നത് മനസ്സിലാവണുണ്ട്. മുത്തശ്ശിക്ക് എന്റെ ഈ വാക്കുകള്‍ എത്ര സന്തോഷം കൊടുത്തിരുന്നെന്നോ?പാവം മുത്തശ്ശി ഇന്നില്ലല്ലോ. ഓര്‍ക്കുമ്പോള്‍ ഒരു വിഷമം. മുത്തശ്ശി മരിച്ച ദിവസം ടീച്ചര്‍ എന്റെ അടുത്ത് വന്നു സമാധാനിപ്പിച്ചത് ഓര്‍ക്കുന്നു ഞാന്‍.’ മാതൃഭാഷയും മാതൃഭൂമിയും പെറ്റമ്മയെപ്പോലെ’ ആണെന്ന് ടീച്ചറും മുത്തശ്ശിയും പറയുമായിരുന്നു. ടീച്ചറിന്റെയും മുത്തശ്ശിയുടെയും മനസ്സ് ഒരുപോലെയാണെന്ന് എനിക്ക് പലപ്പോഴും തോന്നാറുണ്ട്. അതില്‍ ഒരു മനസ്സ് പറന്നുപോയിരിക്കുന്നു. തന്റെ പ്രിയപ്പെട്ട മുത്തശ്ശി. ഒറ്റക്കിരിക്കുമ്പോള്‍ മുത്തശ്ശിയെ ഓര്‍ക്കും. അപ്പോഴെല്ലാം കരയും. ആരെങ്കിലും കണ്ടാല്‍ കുറ്റപ്പെടുത്തുന്നത് എനിക്കിഷ്ടമല്ല.
സ്കൂള്‍ വിട്ടു വീട്ടിലെത്തിയാല്‍ ഞാന്‍ അധിക സമയം മുത്തശ്ശിക്കൊപ്പമായിരിന്നു. അമ്മക്ക് ഇതത്ര പിടിക്കാറില്ല. മുഖം കണ്ടാലറിയാം. അമ്മയെ കുറ്റപ്പെടുത്തുകയല്ല. അമ്മക്ക് ഒരുപക്ഷെ തോന്നിയിരിക്കാം എനിക്ക് അമ്മയെ ഇഷ്ടമല്ലാഞ്ഞിട്ടാണെന്നു. ആരെങ്കിലും അമ്മയെ വെറുക്കുമോ? അമ്മ എന്റെ കാണപ്പെട്ട ദൈവം തന്നെ. പക്ഷെ, എന്റെ മുത്തശ്ശിക്ക് ആരാണോരു കൂട്ട്, ഞാനല്ലാതെ? അമ്മയും അച്ഛനും ലോകകാര്യങ്ങള്‍ പറഞ്ഞിരിക്കും. മീനുവിനു ടി.വി. കണ്ടിരിക്കണം. മുത്തശ്ശിക്ക്, പാവം അതിനു ആരും മിണ്ടാനും പറയാനുമില്ല. അമ്മയ്ക്കും ടി.വി. ഒരു ഹരം തന്നെ. അമ്മ ടി.വി. പരിപാടി കണ്ടായിരിക്കണം ഇത്ര മുരടന്‍ സ്വഭാവം ആയത്. ഈ ടി.വി.ക്കാര്‍ക്ക് നല്ല കാര്യങ്ങള്‍ മാത്രം കാണിച്ചാല്‍ പോരെ, ഞാന്‍ പലപ്പോഴും ഓര്‍ക്കാറുണ്ട്. എന്ത് ചെയ്യാം? ഈ മനുഷ്യരൊക്കെ സ്വാര്‍ഥമോഹികളാണെന്നു ഇന്നത്തെ സംഭവങ്ങള്‍ തെളിയിക്കുന്നുണ്ടല്ലോ. ആരു ആരെ കുറ്റം പറയാന്‍? ഓ! ഞാന്‍ മുത്തശ്ശിയുടെ കാര്യം അല്ലെ പറഞ്ഞു വന്നത്?
മുത്തശ്ശിക്ക് ഏറെ വയസ്സുണ്ടായിരുന്നു. എങ്കിലും എന്നെ കുളിപ്പിക്കുന്നത് മുത്തശ്ശിയായിരുന്നു. അത് എനിക്കും ഇഷ്ടമുള്ള കാര്യമായിരുന്നു. വീട്ടുവേല ചെയ്യാന്‍ മുത്തശ്ശിക്ക് ആവതില്ല. മുത്തശ്ശിക്കൊപ്പം ഇരിക്കുന്നതും പറമ്പിലും തൊടിയിലുമെല്ലാം നടക്കുന്നതും എനിക്ക് വളരെ ഇഷ്ടമുള്ള കാര്യമായിരുന്നു. മനസ്സിന് എന്തെന്നില്ലാത്ത ഒരു സുഖമാണത്. മുതശ്ഷിക്കൊപ്പം ഇരുന്നാല്‍ എത്ര നല്ല നല്ല കാര്യങ്ങളാണ് കേള്‍ക്കാന്‍ കഴിയുക! പുരാണങ്ങളും ഐതിഹ്യങ്ങളും പഴയ ആഘോഷങ്ങളും ഉത്സവങ്ങളും എന്ന് വേണ്ടാ കേട്ടാലും കേട്ടാലും മതിവരാത്ത എത്രയെത്ര കാര്യങ്ങള്‍ ? അതൊന്നും ഇന്ന് കേള്‍ക്കാന്‍ കഴിയുന്നില്ലല്ലോ എന്നോര്‍ക്കുമ്പോള്‍ വല്ലാത്ത ദുഃഖം തോന്നും. പാവം മുത്തശ്ശിക്ക് ഈ ഉണ്ണിയെ തനിച്ചാക്കിപ്പോയതില്‍ ദുഖമുണ്ടാകും. ഉണ്ടാകാതിരിക്കില്ല.