തിരുവട്ടൂർ കോവിലകം 3
Story Name : Thiruvattoor Kovilakam Part 3
Author : വിശ്വനാഥൻ ഷൊർണ്ണൂർ
പേടിച്ചരണ്ടു നിൽക്കുന്ന കുട്ടികള്‍ക്ക് മുന്നിൽ കുറച്ചകലെയായി കണ്ടാല്‍ ആരും ഭയപ്പെട്ടു പോകുന്ന രൂപത്തിൽ കറുത്ത ഒരു നായ.
സാധാരണ നായകളേക്കാൾ ഉയരവും വണ്ണവും ആ നായക്കുണ്ടായിരുന്നു. ചെങ്കനൽ പോലെ തിളങ്ങുന്ന രണ്ട് കണ്ണുകള്‍, ക്രമാതീതമായി വളര്‍ന്നു നിൽക്കുന്ന ഉളിപ്പല്ലുകൾ, നീണ്ട നാവില്‍ നിന്നും അപ്പോഴും ഇറ്റി വീഴുന്ന ദ്രാവകത്തിന് ചോരയുടെ നിറമുണ്ടോ എന്ന്പോലും അതിൽ പലരും സംശയിച്ചു.
ഒറ്റനോട്ടത്തിൽ ആരു കണ്ടാലും പേടിച്ച് പോകുന്ന രൂപമായിരുന്നു ആ നായക്ക്.
ഓടിയെത്തിയവരെ കണ്ടതും വല്ലാത്ത ശബ്ദത്തില്‍ ഒന്ന് മുരണ്ട് നായ ഇരുളിലേക്ക് ഓടി മറഞ്ഞു.
എന്തൊക്കെയോ അടക്കം പറഞ്ഞുകൊണ്ട്
മുതിർന്നവർ വീണ്ടും വിരുന്നിലേക്ക്
തിരിച്ചു നടന്നു.
“അങ്കിള്‍ അത് ചാരൂന് നേരെയാ ചാടിയത് . അവൾ കരഞ്ഞപ്പോഴാ ഞങ്ങളും കരഞ്ഞേ”
കുട്ടികള്‍ ശ്യാമിനോട് ഒരേ ശബ്ദത്തില്‍ പറഞ്ഞു .
ചാർവി അപ്പോഴും പേടിച്ചരണ്ട് നിൽക്കുകയായിരുന്നു .
“അച്ഛന്റെ ചാരു കുട്ടി പേടിച്ചു പോയോ”
“സാരല്യട്ടോ അതു പോയില്ലേ , വാ നമുക്ക് അപ്പുറത്തോട്ട് പോകാം “
ശ്യാം കുട്ടികളെയും കൂട്ടി മുറ്റത്തേക്ക് നടന്നു. അവര്‍ വീണ്ടും കളിയും ചിരിയും തമാശയുമായി ആഘോഷം തുടർന്നു.
രാത്രി കൂറേ പിന്നിട്ടപ്പോൾ പാര്‍ട്ടിക്ക് വന്നവര്‍ ഓരോരുത്തരായി പിരിഞ്ഞു .
അവസാനം ആ വലിയ കോവിലകത്ത് ശ്യാം സുന്ദറും, അവന്തികയും, അവളുടെ അച്ഛന്‍ കൃഷ്ണന്‍ മേനോനും, അമ്മയും, ചാർവിയും മാത്രം ബാക്കിയായി .
?