The Storyteller [Prayag Padassery] 28

എന്തൊക്കെയാണ് ദൈവമേ ഇവിടെ സംഭവിച്ചത്? ആനന്ദ് എവിടെപ്പോയി?? അപ്പോഴത്തെ ഹാങ്ങോവറിൽ അവൾക്ക് സംഭവിച്ചതെല്ലാം ഒരു പുകമറപോലെ തോന്നി.

ആനി ഫോണെടുത്തു നോക്കി. സമയം രാത്രി പതിനൊന്നര. റൂംമേറ്റ് സൂസന്റെ ഏഴ് മിസ്ഡ്കോൾ.

കർത്താവേ ആരോടും പറയാതെയാണ് താൻ വന്നത്. അവരൊക്കെ പേടിച്ചു കാണും..

അവൾ ഒന്നു രണ്ടു തവണ തിരിച്ചു വിളിക്കാൻ നോക്കിയെങ്കിലും കോൾ കണക്റ്റ് ആയില്ല.

 

പെട്ടെന്ന് ഒരു ചീഞ്ഞഗന്ധം അവൾക്ക് മൂക്കിലടിച്ചു. ചുറ്റും നോക്കിയിട്ടും ഒന്നും കാണാതെ അവൾ കിടന്നിരുന്ന കിടക്കയിൽ പരതി. തലയിണയുടെ അടിയിൽ നിന്നും കിട്ടിയ സാധനം കണ്ട് അവൾ അറച്ചു പോയി!

നേരത്തെ ഷെൽഫിൽ കണ്ട ബുക്ക്. ഏതോ അന്യ ലിപിയിൽ എഴുതിയ ചീഞ്ഞ ദുർഗന്ധമുള്ള അതേ ബുക്ക്.

അവൾ ഓടി ബാത്ത്റൂമിൽ കയറി രണ്ടു തവണ ഛർദ്ദിച്ചു.

ഇപ്പോൾ ചെറിയൊരു ആശ്വാസം!

എന്നിട്ടും ആ മണം വിട്ടു പോവുന്നില്ല. അവൾ കൈ ഉയർത്തി സ്വന്തം ദേഹം ഒന്നു മണത്തു നോക്കി.

അതെ! തന്റെ ദേഹത്തുനിന്നാണ്.

ഓക്കാനിച്ചു കൊണ്ടാണെങ്കിലും അവൾ ഒരുവിധം ദേഹമൊക്കെ കഴുകി വൃത്തിയാക്കി.

 

അതോടെ അവളിൽ ഒരു ഭീതി ഉയർന്നു തുടങ്ങിയിരുന്നു.

ആനന്ദിനെ കാണാനില്ല. റൂംമേറ്റ്സിനോട് വൈകിയതിന്റെ കാരണവും പറഞ്ഞിട്ടില്ല. നാളെ ഓഫീസിൽ പോവണം. എല്ലാത്തിലുമുപരി.. ആ പുസ്തകം.. അതാണവളെ ഏറ്റവും പേടിപ്പിച്ചത്.

 

എത്രയും പെട്ടെന്ന് ഇവിടുന്ന് പോണം. റൂമിലെത്തണം.

ആനി ആ ബെഡ്റൂമിൽ നിന്നിറങ്ങി ആ വീട്ടിൽ മുഴുവൻ ആനന്ദിനെ അന്വേഷിച്ചു. കുറേ വിളിച്ചു നോക്കി. യാതൊരു പ്രതികരണവും ഉണ്ടായിരുന്നില്ല.

ബംഗ്ലാവിന് പുറത്തു വന്നു നോക്കിയപ്പോൾ അവർ വന്ന കാറും അവിടെ ഇല്ലായിരുന്നു.

അവൾ ആ വലിയ ബംഗ്ലാവിൽ ഒറ്റയ്ക്കാണെന്ന് മനസ്സിലാക്കി.

ഇനി സമയം കളഞ്ഞിട്ട് കാര്യമില്ല. ഉള്ള ധൈര്യം സംഭരിച്ച് തന്റെ ഫോണിലെ ഫ്ലാഷ്ലൈറ്റ് ഓണാക്കി ആനി പുറത്തേക്കുള്ള വഴിയിലൂടെ ഓടി. ഒന്നു തിരിഞ്ഞു നോക്കാൻ പോലും അവൾക്ക് ധൈര്യമുണ്ടായിരുന്നില്ല.

 

ഓടിയോടി കവലയിലെത്തിയ അവൾക്ക് ആശ്വാസമെന്നോണം അവിടുത്തെ ടാക്സി സ്റ്റാൻഡിൽ ഒരു ടാക്സി കിടപ്പുണ്ടായിരുന്നു.

 

ഉറങ്ങുകയായിരുന്ന ഡ്രൈവറെ വിളിച്ചുണർത്തി ആ ടാക്സിയിൽ അവൾ തന്റെ താമസസ്ഥലത്തേക്ക് എത്തിച്ചേർന്നു. അവിടെ ഇറങ്ങിയപ്പോഴാണ് അവൾക്ക് ആശ്വാസമായത്.

റൂമിൽ രണ്ടു പേരും ഉറങ്ങാതെ കാത്തിരിക്കുകയായിരുന്നു. ആനിയെ കണ്ട സൂസൻ ഓടി വന്നു കെട്ടിപ്പിടിച്ചു. പറയാതെ പോയതിന് അവർ ആനിയെ കുറെ ചീത്തപറഞ്ഞു.

പക്ഷേ അവൾ നടന്ന കാര്യം ഒന്നും അവരോട് പറഞ്ഞില്ല. ഒരു ഫ്രണ്ടിനെ കാണാൻ പോയതാണെന്നും ഇറങ്ങിയപ്പോൾ ലേറ്റായെന്നും മാത്രം പറഞ്ഞു.

2 Comments

Add a Comment
  1. Oho man valatha oru story ayi poyi

  2. നിധീഷ്

    ❤❤❤❤❤

Leave a Reply

Your email address will not be published. Required fields are marked *