ആനിയ്ക്ക് വേണ്ടി ആനന്ദ് കസേര നീക്കിയിട്ടു. അവൾ അവിടിരുന്നു. മേശയിലെ വിഭവങ്ങളിലേക്ക് കണ്ണോടിച്ച അവളുടെ മനസ്സിൽ ഇതൊക്കെ ആര് കഴിക്കും എന്ന സംശയമായിരുന്നു.
ആനന്ദ് ഗ്രാമഫോണിൽ ഒരു ഡിസ്ക് എടുത്ത് വെച്ച് പ്ലേ ചെയ്തു. ഒരു അറുപതുകളിലെ ഇംഗ്ലീഷ് പാട്ട് അവിടുത്തെ നിശബ്ദത ഭേദിച്ച് ഒഴുകിയിറങ്ങി.
ആ പാട്ട് ആസ്വദിച്ചുകൊണ്ട് അവൻ ആനിയുടെ എതിർഭാഗത്ത് കസേരയിട്ട് ഇരുന്നു. വൈൻ ഗ്ലാസിലേക്ക് വൈൻ പകർന്ന് ഒരെണ്ണം ആനിയ്ക്ക് നേരെ നീട്ടി.
“ഞാൻ ഇതൊന്നും…”ആനി പറഞ്ഞുതുടങ്ങും മുൻപേ ആനന്ദ് ഇടയ്ക്ക് കയറി:”വൈനാണ്… മുന്തിരി ജ്യൂസായി കണ്ടാൽ മതി. താൻ മദ്യപിക്കില്ലെന്ന് അറിയുന്നതു കൊണ്ടാണ് ഒരു ഷാംപെയിൻ പോലും എടുക്കാതിരുന്നത്.”
പൂർണ്ണമനസ്സോടെയല്ലെങ്കിലും ആനി ആ ഗ്ലാസ് വാങ്ങിച്ചു.
” For our first date!” വൈൻ ഗ്ലാസുകൾ കൂട്ടി മുട്ടിച്ച് ആനന്ദ് ചിയേർസ് പറഞ്ഞു.
ആനി ടേസ്റ്റ് അറിയാതിരിക്കാൻ വായയിലേക്ക് ഒറ്റ കമിഴ്ത്തായിരുന്നു. അരിഷ്ടത്തിന്റെ ചുവ!
അവളുടെ മുഖഭാവം കണ്ട ആനന്ദിന് ചിരി പൊട്ടി.
” Wine is divine ആനീ… അതിങ്ങനെ ചുമ്മാ വയറ്റിലേക്ക് ഒഴിച്ചുകളയാനുള്ളതല്ല..!” ഒരു പുഞ്ചിരിയോടെ ആനന്ദ് തന്റെ കസേര ആനിയുടെ അടുത്തേക്ക് നീക്കിയിട്ടു. എന്നിട്ട് അവളുടെ ഗ്ലാസിൽ വീണ്ടും വൈൻ ഒഴിച്ചു.
” ഈ വീഞ്ഞ് നമ്മുടെ സകല ഇന്ദ്രിയങ്ങളെയും ഉണർത്തിക്കൊണ്ടാണ് ഉള്ളിലെത്തേണ്ടത്. ആദ്യം ഇതിന്റെ ചുവന്ന നിറം ആസ്വദിക്കണം. പിന്നെ ഇതിന്റെ വശ്യമായ ഗന്ധം…”ആനന്ദ് ആ ഗ്ലാസ് അവളുടെ മൂക്കിലേക്ക് അടുപ്പിച്ചു.
ആനി ചെറുതായി ഒന്ന് ഉച്ഛ്വസിച്ചു. ഒരു മത്തു പിടിപ്പിക്കുന്ന മണം അവളിലേക്ക് ഇരച്ചു കയറി.
ആനന്ദ് ആ ഗ്ലാസ് അവളുടെ കയ്യിലേക്ക് വെച്ചു. അതിന്റെ തണുപ്പ് അവളറിഞ്ഞു. ആ തണുപ്പ് കൈയിൽ നിന്നും തന്റെ സകല നാഡീവ്യൂഹത്തിലേക്കും വ്യാപിക്കുന്നതായി അവൾക്കു തോന്നി.
“Now have it !” ഒരു സ്വകാര്യമെന്നോണം ആനന്ദ് അവളുടെ ചെവിയിൽ പറഞ്ഞു.
ആനി ഗ്ലാസ് തന്റെ ചുണ്ടിലേക്കടുപ്പിച്ചു. അരിഷ്ടത്തിന്റെ ചവർപ്പ് മധുരത്തിനു വഴിമാറുന്നത് അവളറിഞ്ഞു. ഓരോ തുള്ളിയും കൊതിയോടെ അവൾ കുടിച്ചിറക്കി.
ആനന്ദ് ഇതെല്ലാം കണ്ടാസ്വദിച്ച് പുഞ്ചിരിച്ചു കൊണ്ട് അരികത്ത് തന്നെ ഇരിക്കുന്നുണ്ടായിരുന്നു. ഇന്ന് പാർക്കിൽ വച്ച് കണ്ടതു മുതൽ ഈ പുഞ്ചിരി അവന്റെ മുഖത്ത് തന്നെ ഉണ്ടായിരുന്നു. എന്തൊരു മനുഷ്യനാണിത് കർത്താവേ?!
” ആനന്ദ്… തനിക്കെന്താടോ മൊത്തം ഒരു വിന്റേജ് വൈബ്?” ആനി ചോദിച്ചു. വൈനിന്റെ ലഹരി അവളിൽ ചെറുതായി ഉണർന്നു തുടങ്ങിയിരുന്നു.
Oho man valatha oru story ayi poyi
❤❤❤❤❤