ഒരു മൂലയിൽ ഒരു വലിയ ഗ്രാമഫോൺ. അതിനടുത്തായി ഒന്നു രണ്ടു ഡിസ്കുകൾ.
എതിർഭാഗത്ത് ഒരു പിയാനോ. അതിനുമപ്പുറം പഴയ രാജകൊട്ടാരങ്ങളെ അനുസ്മരിപ്പിക്കുന്ന ഒരു വലിയ സോഫ.
ചുമരിലെല്ലാം കുറെ പെയിന്റിംഗുകൾ ഉണ്ടായിരുന്നു. വിഷാദഭാവത്തിലുള്ള സ്ത്രീമുഖങ്ങളായിരുന്നു അതിൽ പലതും. ഹാളിന്റെ ജനാലകളിലെ കട്ടി കൂടിയ കർട്ടൻ അവിടേക്കുള്ള സൂര്യപ്രകാശം ഏറെക്കുറെ പൂർണ്ണമായും മറച്ചിരുന്നു.
എന്നാൽ ഹാളിന്റെ മധ്യഭാഗത്തുണ്ടായിരുന്ന കുല കുലയായുള്ള ബൾബുകളിലെ മങ്ങിയ മഞ്ഞ ലൈറ്റ് ആ ഒരു അന്തരീക്ഷത്തിനു ചേർന്നതായി ആനിക്ക് തോന്നി.
“ആനി ഇവിടമൊക്കെ ചുറ്റി കണ്ടോളൂ! ഞാൻ ഭക്ഷണം റെഡിയാക്കാം.” ജാക്കറ്റ് അഴിച്ചുവെച്ച് ആനന്ദ് കിച്ചണിലേക്ക് പോയി.
ആനി ഒരു പുഞ്ചിരി നൽകി സമ്മതമറിയിച്ചു. ഒരു മ്യൂസിയത്തിൽ വന്നതുപോലെയാണ് അവൾക്ക് തോന്നിയത്. ഈ കാലഘട്ടത്തിലും ഒരു ടിവിയോ ഹോം തിയേറ്ററോ പോലൊരു മോഡേൺ ഇലക്ട്രോണിക് ഉപകരണങ്ങളും അവിടെ കാണാത്തത് അവളെ അതിശയിപ്പിച്ചു.
ഹാളിൽ ഒന്നു രണ്ടു റൂമുകൾ കൂടെ ഉണ്ടായിരുന്നു. അവിടേക്ക് കയറാതെ അവൾ ഗോവണി കയറി മുകളിലേക്ക് പോയി.
മുകളിലെ നിലയും ഏറെക്കുറെ താഴത്തെ പോലെ തന്നെയായിരുന്നു. പഴയ ബൾബുകൾ, ചിത്രങ്ങൾ. പിന്നെ ആനി ഇന്നേ വരെ കണ്ടിട്ടില്ലാത്ത വെറെന്തൊക്കെയോ സാധനങ്ങൾ.
മുകളിലെ നിലയിൽ മുഴുവൻ കടുംചുവപ്പ് കാർപെറ്റ് വിരിച്ചിരുന്നു. ആ കാർപെറ്റ് മാത്രമാണ് അവിടുത്തെ ഇന്റീരിയറിന് ചേരാത്ത പോലെ ആനിക്ക് അനുഭവപ്പെട്ടത്.
ആനി ആദ്യം കണ്ട മുറിയിലേക്ക് കയറി. ആ റൂം നിറയെ പുസ്തകങ്ങളായിരുന്നു. ഒരു റൂം നിറയെ ഷെൽഫുകളാക്കി പുസ്തകങ്ങൾ.
ആനന്ദിന്റെ വായനാശീലം അവൾ നേരത്തെ തന്നെ മനസ്സിലാക്കിയതാണ്. ഇവിടെ ഇങ്ങനൊരു ലൈബ്രറി സെറ്റപ്പ് ഇല്ലെങ്കിലേ അത്ഭുതപ്പെടാനുള്ളൂ.
മിക്കതും ഇംഗ്ലീഷ് പുസ്തകങ്ങളായിരുന്നു.
മറ്റൊരു ഷെൽഫിൽ വേറെതൊക്കെയോ ഭാഷയിലുള്ള മറ്റു ചില പുസ്തകങ്ങൾ കണ്ടു. ആനി അതൊക്കെ എടുത്ത് മറിച്ചു നോക്കി. കുറേ തവണ ഉപയോഗിച്ചതിന്റെ ലക്ഷണമുണ്ടായിരുന്നു അവയ്ക്കെല്ലാം. പേജുകൾ പിഞ്ഞിയും അതിന്റെ അറ്റങ്ങൾ ചുരുണ്ടും തുടങ്ങിയിരുന്നു. എന്നാൽ അതിന്റെ പേജുകളിൽ നിന്ന് അസഹ്യമായ ദുർഗന്ധം വമിച്ചപ്പോൾ ആനി അത് തിരിച്ചു വെച്ചു. അവൾക്ക് ഓക്കാനം വന്നു.
ഇവനിതൊക്കെ ഒന്ന് വൃത്തിയാക്കി വെച്ചൂടെ?!
“ആനീ!!!” താഴെ നിന്ന് ആനന്ദിന്റെ വിളി കേട്ട് അവൾ വേഗം താഴേക്കിറങ്ങി.
താഴെ ആനന്ദ് ഒരുക്കിയ കാഴ്ച കണ്ട് ആനിയുടെ കണ്ണു തള്ളിപ്പോയി. ഒരു മേശ നിറയെ വിഭവസമൃദ്ധമായ ഭക്ഷണങ്ങൾ. വില കൂടിയ വൈൻ ബോട്ടിലുകൾ. അവിടമാകെ ചുവന്ന മെഴുകുതിരികൾ കത്തിച്ചു വെച്ചിരുന്നു. റൂമിലാകെ ആ മെഴുകുതിരികളുടെ വെളിച്ചം മാത്രം. മേശയ്ക്കരികിൽ ഒരു കറുത്ത ബ്ലേസർ ധരിച്ച് ആനന്ദ് ഒരു പുഞ്ചിരിയോടെ നിൽക്കുന്നു. അവന്റെ കയ്യിൽ രണ്ട് വൈൻ ഗ്ലാസ് ഉണ്ടായിരുന്നു .
Oho man valatha oru story ayi poyi
❤❤❤❤❤