The Storyteller [Prayag Padassery] 28

റൂംമേറ്റ്സിനോട് ആനി ആനന്ദിന്റെ കാര്യമൊന്നും പറഞ്ഞിട്ടില്ല. ചില ഞായറാഴ്ചകളിൽ അവൾ ലൈബ്രറിയിൽ പോകാൻ ഇതുപോലെ ഇറങ്ങാറുണ്ട്. അതുകൊണ്ട് തന്നെ വൈകീട്ട് റൂമീന്ന് ഇറങ്ങുമ്പോൾ എങ്ങോട്ടാണെന്ന് അവരും ചോദിച്ചില്ല.

 

അഞ്ചുമിനിറ്റ് കഴിഞ്ഞപ്പോൾ പാർക്കിനുമുന്നിൽ ഒരു വിന്റേജ് മോഡൽ കാർ വന്നു നിന്നു. അതിൽ നിന്നും ആറടിയിലധികം ഉയരമുള്ള ഒരു ചെറുപ്പക്കാരൻ ലെതർ ജാക്കറ്റും കൂളിംഗ് ഗ്ലാസും ധരിച്ച് ഇറങ്ങി വന്നു.

 

“ആനന്ദ്!”

ആനിയുടെ മുഖം വിടർന്നു.

ഫോട്ടോയിൽ കണ്ടതിലും എത്രയോ സുന്ദരനായിരുന്നു അയാൾ. ചുരുണ്ട മുടിയിൽ വെയിലേൽക്കുമ്പോൾ ഇളം ബ്രൗൺ നിറം തോന്നിച്ചിരുന്നു. ജാക്കറ്റിനുള്ളിലാണെങ്കിലും നല്ല ഉറച്ചശരീരമാണെന്ന് ആനന്ദിന്റെ ആകാരവടിവിൽ നിന്നും മനസ്സിലാവും. വേഷത്തിനും തന്റെ കാറിനും ചേർന്ന തരത്തിലുള്ള ബൂട്ടുകളായിരുന്നു അയാൾ ധരിച്ചിരുന്നത്. അതിന്റെ ഡിസൈൻ മുതലയുടെ തൊലിപൊലെ ആനിക്ക് തോന്നിച്ചു.

 

ആനിയുടെ അടുത്തെത്തിയ ആനന്ദ് തന്റെ കയ്യിലെ പൂക്കൾ അവൾക്ക് നേരെ നീട്ടി: ” ഹലോ, ബ്യൂട്ടിഫുൾ..!”

 

ആനന്ദിന്റെ സൗന്ദര്യത്തിൽ മയങ്ങി നിന്ന ആനിക്ക് അപ്പോഴാണ് വെളിവുണ്ടായത്. ആനന്ദ് തന്റെ നേരെ വെച്ചു നീട്ടിയ പൂക്കൾ കണ്ട് അവൾ ചുറ്റും നോക്കി.

എല്ലാവരും ഇങ്ങോട്ട് തന്നെയാണ് നോക്കി നിൽക്കുന്നത്.

ഓ നാണം കെട്ടു!! ഇതെന്തോന്ന്? കരൺജോഹറിന്റെ സിനിമയോ!

ചമ്മലോടെ തന്നെ അവൾ ആ പൂക്കൾ വാങ്ങി ഇളിച്ചു കാട്ടി നിന്നു. എന്നാൽ അവിടുള്ളവർ തങ്ങളെ നോക്കുന്നുണ്ടെന്നുള്ള യാതൊരു കൂസലും ആനന്ദിനുണ്ടായിരുന്നില്ല. അവൻ ആനിയുടെ കയ്യിൽ പിടിച്ചു: “വാ!”

അവളെ കാറിലേക്ക് ആനയിച്ചു.

ആനിക്ക് അവന്റെ പിന്നാലെ അനുസരണയുള്ള ഒരു കൊച്ചുകുട്ടിയെ പോലെ നടക്കാനേ കഴിഞ്ഞുള്ളൂ. അവളുടെ ഉള്ളും ഉള്ളവുമെല്ലാം മരവിച്ചു പോയിരുന്നു. ആനന്ദിന്റെ പ്രസരിപ്പും പൗരുഷവും എല്ലാം കണ്ടതോടെ അവളുടെ അടിവയറ്റിൽ ചിത്രശലഭങ്ങൾ വിരിഞ്ഞു.

 

 

 

ഒരു മണിക്കൂറോളം നീണ്ട യാത്രയ്ക്കൊടുവിൽ കാർ ഒരു ചെറിയ പട്ടണത്തിലേക്ക് എത്തിച്ചേർന്നു. അങ്ങിങ്ങായി പഴയ കുറച്ചു കടകൾ. ഒരു ടാക്സി സ്റ്റാൻഡ്. പിന്നെ വിരലിലെണ്ണാവുന്ന കുറച്ചാളുകൾ. അത്രയേ ആ പട്ടണത്തിൽ അവൾക്ക് കാണുവാൻ സാധിച്ചുള്ളൂ. സിറ്റിയിലെ തിരക്കിലും ബഹളത്തിലും നിന്നുള്ള ഈ മോചനം അവൾക്ക് ഏറെ ആശ്വാസം നൽകി.

 

കാർ ഒരു ചെറിയ റോഡിലേക്ക് കയറി ഒരു കയറ്റം കയറി ഒരു പഴയ ബംഗ്ലാവിലേക്ക് പ്രവേശിച്ചു.

“വരൂ!” ആനന്ദ് അവൾക്ക് ഡോർ തുറന്നുകൊടുത്തു.

 

അവർ ആ വലിയ ബംഗ്ലാവിനുള്ളിലേക്ക് കടന്നു. വിശാലമായൊരു ഹാളാണ് ആനിയെ സ്വാഗതം ചെയ്തത്. അവിടെ സ്ഥാനം പിടിച്ചിരുന്ന എല്ലാ സാമഗ്രികളും വളരെ കാലപ്പഴക്കം തോന്നിക്കുന്നതായിരുന്നു.

2 Comments

Add a Comment
  1. Oho man valatha oru story ayi poyi

  2. നിധീഷ്

    ❤❤❤❤❤

Leave a Reply

Your email address will not be published. Required fields are marked *