“ഉവ്വ് സർ, അന്നേരം അവളെന്തൊക്കെയോ പറഞ്ഞു ഒഴിഞ്ഞുമാറി.”
“ഈ സുധീഷ് കൃഷണ എന്നുപറയുന്നയാളെ നിങ്ങൾ കണ്ടിട്ടുണ്ടോ?”
“ഇല്ല സർ, ഒരിക്കൽ ഫോണിൽ സംസാരിച്ചിട്ടുണ്ട്. ഒരു ദിവസം നീന കുളിക്കാൻപോയ സമയത്തായിരുന്നു സുധി വിളിക്കുന്നത്. അന്ന് ഞാൻ ഫോൺ എടുത്തു.
“ആകെ പ്രശ്നമായി, ഇനി എന്തും സംഭവിക്കും” എന്ന് ഇങ്ങോട്ടുപറഞ്ഞു. ഞാൻ നീനയല്ല അക്സയാണെന്ന് പറഞ്ഞപ്പോൾ ഫോൺ കട്ട് ചെയ്തു.”
അക്സ പറഞ്ഞുനിർത്തി.
“ഈ സംഭവം നടന്നിട്ട് എത്ര ദിവസമായി ?” രഞ്ജൻ ചോദിച്ചു.
“സർ, അത്..”അക്സ അല്പസമയം ആലോചിച്ചു നിന്നു.
“ആ, സർ മൂന്നുമാസം. അന്ന് ശനിയാഴ്ച്ചയായിരുന്നു.”
പെട്ടന്ന് അക്സ മറുപടി പറഞ്ഞപ്പോൾ അനസിന് സംശയം ഉടലെടുത്തു.
“ഇത്ര കൃത്യമായി അക്സ ഓർക്കാൻ കാരണം?”
“സർ, ജിനുവിന് ഒരു സുഹൃത്തുണ്ട് വിനു. ആളുടെ കുഞ്ഞേച്ചിയുടെ പിറന്നാളിന് സാരിവാങ്ങാൻ ഞാനും ജിനുവുമാണ് പോയത്. അന്ന് ഹാഫ് ഡേ ലീവ് എടുത്തിട്ട് റൂമിൽ വന്നപ്പോഴാണ് നീനയുടെ ഫോൺ ബെല്ലടിക്കുന്നത് കേട്ടത്. അപ്പോഴാണ് ഞാനാ ഫോണെടുത്തത്.”
“ശരി അക്സ, എന്തെങ്കിലും ആവശ്യം വരുമ്പോൾ വിളിപ്പിക്കും. അവയ്ലബിൾ ആയിരിക്കണം.”
“സർ.”
“ഓക്കെ, അനസ് ലെറ്റ്സ് ഗോ.”
അപ്പോഴേക്കും അക്സയുടെ ‘അമ്മ കുടിക്കാൻ ചായയുമായി വന്നു.
ഓരോ കവിൾ കുടിച്ചിട്ട് അവർ യാത്രപറഞ്ഞ് ഇറങ്ങി.
ഗേറ്റിനടുത്തേക്ക് നടന്നുനീങ്ങുമ്പോൾ രഞ്ജൻ പിന്നിലേക്കൊന്ന് തിരിഞ്ഞുനോക്കി.
മുകളിൽ അക്സ അവരെനോക്കി നിൽക്കുന്നുണ്ടായിരുന്നു.
ഡ്രൈവിംഗ് സീറ്റിലേക്ക് കയറിയിരുന്ന് സീറ്റ്ബെൽറ്റിട്ട് രഞ്ജൻ കാർ സ്റ്റാർട്ട് ചെയ്തു.
“സോ, നീനയുടെ കൈയിൽ ഒരു ചെറിയ ബോക്സ് ഉണ്ടായിരുന്നു. അതിന്റെയായിരിക്കണം ഇതിലെ ഒരു കീ.”