സാമാന്യം തരക്കേടില്ലാത്ത ഇരുനിലവീട്.കാർപോർച്ചിൽ മഹീന്ദ്രയുടെ എക്‌സ്യുവി 500 മോഡൽകാർ ഒരു രാജാവിനെപോലെ തലയുയർത്തി നിൽക്കുന്നുണ്ടായിരുന്നു. അനസും, ശ്രീജിത്തും കാറിൽനിന്നിറങ്ങി ഗേറ്റ് തുറന്ന് മുൻപേ നടന്നു. രഞ്ജൻ വീടിനുചുറ്റും കണ്ണോടിച്ചു. കോളിംഗ് ബെൽ അടിച്ചപ്പോൾ അല്പം പ്രായംചെന്നയാൾ വാതിൽതുറന്ന് ഉമ്മറത്തേക്ക് വന്നു.
ക്രൈംബ്രാഞ്ചിൽ നിന്നാണെന്ന് പറഞ്ഞപ്പോൾ അകത്തേക്കുകയറിയിരിക്കാൻ പറഞ്ഞപ്രകാരം മൂവരും ഷൂ അഴിച്ച് അകത്തേക്ക് കയറി.
അല്പനിമിഷം കഴിഞ്ഞപ്പോൾ ഇരുനിറത്തിൽ അല്പം തടിച്ച പ്രകൃതവുമായി ചുരിദാറിട്ട് ഒരു പെണ്കുട്ടി അവരുടെ മുൻപിലേക്കുവന്നു.
അക്സയാണെന്ന് സ്വയം പരിചയപ്പെടുത്തി.
“സീ അക്സ, നീനയുടെ മരണം ഒരു കൊലപാതകമാണെന്ന നിഗമനത്തിലാണ് ഞങ്ങൾ. ഇനി അറിയാനുള്ള കുറച്ചുകാര്യങ്ങൾ അതിൽ അക്സക്ക് എന്തെങ്കിലും കൂടുതലായി അറിയുമോ എന്നാണ് ഞങ്ങൾക്ക് അറിയേണ്ടത്.”
ഇടതുകാലിന്റെ മുകളിലേക്ക് വലതുകാൽ കയറ്റിവച്ചുകൊണ്ട് രഞ്ജൻ ചോദിച്ചു.
“ചോദിച്ചോളൂ സർ”
നീനയുടെ മുറിയിൽനിന്നും കിട്ടിയ ചെരുപ്പും അതിൽ ഒളിപ്പിച്ചുവച്ച രണ്ടുതാക്കോലും അക്സക്ക് കാണിച്ചുകൊടുത്തു.
പക്ഷെ ഒന്നൊഴിച്ചു അതുല്യ പറഞ്ഞ അതേ ഉത്തരങ്ങളായിരുന്നു അക്സയും പറഞ്ഞത്.
“സർ, അവൾക്ക് കാശിന് നല്ല ചിലവുണ്ടായിരുന്നു. അന്നേരം ഞങ്ങൾ പറയാറുണ്ട്. വലിയ ഡയമണ്ട് വ്യാപാരിയായ അച്ഛനോട് പണത്തിന് ആവശ്യംവരുമ്പോൾ നിനക്ക് ചോദിച്ചാൽ പോരെയെന്ന്. ഡയമണ്ടിനെ കുറിച്ചുള്ള അത്യാവശ്യം വിവരങ്ങൾ അവൾക്ക് അറിയാം സർ, അതേക്കുറിച്ച് ഫോണിൽ സംസാരിക്കുന്നതും കേട്ടിട്ടുണ്ട്.”
അക്സയുടെ മറുപടികേട്ട രഞ്ജനും ശ്രീജിത്തും മുഖത്തോട് മുഖം നോക്കി.
ഉടനെ ശ്രീജിത്ത് നീനയുടെ ചെരുപ്പിന്റെ രഹസ്യഅറയിൽനിന്നും കിട്ടിയ താക്കോൽ അക്സയെ കാണിച്ചു.
“ഇത് നീനയുടെയാണ്. ഈ കീ എന്തിന്റെയാണ്?”
“സർ, അവളുടെ കൈയ്യിൽ ചെറിയ ഒരു ബോക്സ് ഉണ്ടായിരുന്നു. ഞാൻ കണ്ടിട്ടുണ്ട് അവൾ അത് തുറന്ന് നോക്കുന്നത്.”
“നിങ്ങൾ ചോദിച്ചില്ലേ എന്താണ് അതെന്ന്?”രഞ്ജൻ സംശയത്തോടെ ചോദിച്ചു.