“പറയാം, എന്റെ ഫ്രണ്ട് വൈഗ നിങ്ങളുടെ ഓഫീസിലാണ് ജോലിചെയ്യുന്നത്. അവളാണ് പറഞ്ഞത്. മരിച്ച നീന അവിടെ വന്നിരുന്നുയെന്ന്.”
“ഓഹ് അങ്ങനെ, ജോസേ ഇവനെ എവിടന്ന് പൊക്കിയോ അവിടെത്തന്നെ കൊണ്ടുപോയി ഇട്ടേക്ക്.”
അർജ്ജുവിന്റെ പിന്നിൽനിൽക്കുന്നയാളോട് ലൂക്ക പറഞ്ഞു.
“പിന്നെ, ഇതിനെതിരെ എന്തെങ്കിലും പരാതിയുമായി വല്ല സ്റ്റേഷനിലോ കയറിയിറങ്ങിയെന്നറിഞ്ഞാൽ ലൂക്കയങ്ങുവരും. പിന്നെ നിനക്കും നിന്റെ തള്ളക്കും അന്തിയുറങ്ങാൻ നല്ല നാടൻ തേക്കിന്റെ ശവപ്പെട്ടിയായിരിക്കും ഓർത്തോ.”
അപ്പോഴേക്കും ജോസ് ഇന്നോവ സ്റ്റാർട്ട് ചെയ്ത് വളരെവേഗത്തിൽ റിവേഴ്‌സ് വന്നു.
പൊടിപടലങ്ങൾ തൂളിച്ചുകൊണ്ട് ഇന്നോവ സഡൻ ബ്രേക്കിട്ട് അർജ്ജുവിന് സമാനമായി നിന്നു.
വൈകാതെ അർജ്ജുവിനെയും കൂട്ടി ആ ചുവന്ന ഇന്നോവ ഗോഡൗണിൽനിന്നും പുറത്തേക്ക് കടന്നയുടനെ ലൂക്ക തന്റെ ഫോണെടുത്ത് ആരെയോ വിളിച്ചു.
” താൻ ശ്രദ്ധിക്കണം, നമ്മളറിയാതെ ഒരു ഷാഡോ നമുക്ക് പിന്നിലുണ്ട്.”
അത്രെയും പറഞ്ഞ് ലൂക്ക ഫോൺ കട്ട് ചെയ്തു.
ജോസ് അർജ്ജുവിനെ എവിടെനിന്നാണോ കാറിലേക്ക് കയറ്റിയത് അവിടെത്തന്നെ കൊണ്ടുപോയി വിട്ടു. മേലാസകാലം വേദനതോന്നിയ അർജ്ജുൻ മുൻപേ നിശ്ചയിച്ചയാത്ര ഒഴിവാക്കി വീട്ടിലേക്ക് തിരിച്ചു. വീട്ടിൽ വന്നുകയറിയ അവൻ അമ്മയുടെ ചോദ്യങ്ങൾക്ക് മറുപടി പറയാൻ നിൽക്കാതെ മുറിയിലേക്കുകയറി.
×××××××××××
അനസ് ഗിയർ മാറ്റിക്കൊണ്ട് കാറിന്റെ വേഗതകൂട്ടി. പുഴക്കൽ എത്തിയപ്പോഴേക്കും രഞ്ജൻ മുൻസീറ്റിലിരുന്ന് ഒന്നുമയങ്ങി.
കുന്നംകുളം കഴിഞ്ഞ് അക്കിക്കാവിലെത്താറായപ്പോൾ അനസ് രഞ്ജനെ വിളിച്ചെഴുന്നേല്പിച്ചു.
അക്കിക്കാവ് സിഗ്നലിൽ കാർ നിറുത്തി. വലതുഭാഗത്തേക്ക് ഇൻഡിക്കേറ്ററിട്ട് സിഗ്നലിൽ പച്ചതെളിയുന്നതും കാത്തുനിന്നു.
അല്പസമയം കഴിഞ്ഞപ്പോൾ സിഗ്നൽബോർഡിൽ പച്ചലൈറ്റ് തെളിഞ്ഞു. അനസ് ഫസ്റ്റിലേക്ക് ഗിയർമാറ്റി കാർ പതിയെ മുന്നോട്ടുചലിപ്പിച്ചു.
അക്കിക്കാവ് ഭഗവതിക്ഷേത്രത്തെ മറികടന്ന് വലത്തോട്ടുള്ള റോഡിലൂടെ അനസ് കാർ ഓടിച്ചു. ശ്രീകോവിൽ മുൻപിൽകണ്ട രഞ്ജൻ കാറിനുള്ളിൽനിന്ന് തൊഴുതു.
വിശാലമായ പാടത്തിന്റെ നടുവിലൂടെയുള്ള റോഡിൽകൂടെ കാർ അക്സയുടെ വീട് ലക്ഷ്യമാക്കി കുതിച്ചു.
പന്നിത്തടം ടൗണിൽ എത്തിയ അവർ മേൽവിലാസം ചോദിച്ചറിഞ്ഞ് അക്സയുടെ വീടിന്റെ മുൻപിലെത്തി.