“മനസിലായില്ലേ, ഞാൻ ലൂക്ക, മോൻ ഒരു വ്യാജ ഐഡി കാർഡുമായി രണ്ടുദിവസം മുൻപേ ഹോമെക്‌സ് ബിൽഡേഴ്സിൽ വന്നില്ലേ? അത് എന്തിനാണെന്നറിഞ്ഞാൽ കൊള്ളാമായിരുന്നു.”
അപ്പോഴാണ് അർജ്ജുവിന് കാര്യങ്ങൾ മനസിലായിതുടങ്ങിയത്.
“നീ സ്വയം പറയുന്നോ, അതോ എന്റെപിള്ളേർ പറയിപ്പിക്കണോ?
ലൂക്ക ചോദിച്ചപ്പോഴും അർജ്ജുൻ മൗനമായിതന്നെ നിന്നു.
“ശടാ,ജോസേ ഇവനെന്താ ഒന്നും മിണ്ടാതെ നിൽക്കുന്നെ?.”
അടുത്തനിമിഷം ലൂക്ക തന്റെ മുഷ്ഠി ചുരുട്ടി അർജ്ജുവിന്റെ അടിവയറ്റിലേക്ക് ആഞ്ഞിടിച്ചു. ഇടിയുടെ ആഘാതത്തിൽ അവൻ രണ്ടടി പിന്നിലേക്ക് തെന്നിമാറി.
“ഞാൻ പറയാം, ഞാൻ പറയാം.”
അടിവയറിനെ പൊത്തിപ്പിടിച്ചുകൊണ്ട് അർജ്ജുൻ പറഞ്ഞു.
“വിമൻസ് ഹോസ്റ്റലിൽ മരണപ്പെട്ട നീന മരിക്കുന്നതിന് രണ്ടുദിവസം മുൻപ് നിങ്ങളുടെ സ്ഥാപനത്തിൽ വന്നിരുന്നു. കൂടെയുള്ളത് ആരാണെന്ന് അറിയാൻ വേണ്ടിയാണ്. ഞാനവിടെ വന്നത്.”
“നിനക്ക് എങ്ങനെ ആ വിവരം കിട്ടി.”
ലൂക്കയുടെ ചോദ്യത്തിന് അല്പം ഗാംഭീര്യം ഉണ്ടായിരുന്നു.
“അത്.. അത്..”
ലൂക്കയുടെ ചോദ്യത്തിനുള്ള അർജ്ജുവിന്റെ പ്രതികരണം കണ്ട അയാളുടെ സഹായി അവനെ പിന്നിൽനിന്നും പുറത്ത് ആഞ്ഞുചവിട്ടി.
നിലത്ത് കൂട്ടിയിട്ടിരിക്കുന്ന മണൽകൂനയിലേക്ക് അർജ്ജുൻ മൂക്കുംകുത്തി വീണു. നിലത്തുവീണ അർജ്ജുവിന്റെ കോളറിൽ പിടിച്ച് എഴുന്നേൽപ്പിച്ചുകൊണ്ട് ജോസ് ലൂക്കയുടെ മുൻപിലേക്ക് കൊണ്ടുവന്നു.
“എടാ ചള്ള് ചെറുക്കാ,നിനക്ക് ഇതിന്റെ വല്ല ആവശ്യമുണ്ടോ? കാര്യങ്ങൾ മണിമണിയായി പറഞ്ഞാൽ നിനക്ക് പോകാം. ഇല്ലങ്കിൽ വായയിൽനിന്നു വരുന്നത് പണ്ട് കുടിച്ച മുലപ്പാലാണോ ചോരയാണോ എന്നറിയാൻ നീ നന്നെകഷ്ടപ്പെടും.”