“അതൊക്കെ വഴിയേ മനസിലായിക്കോളും. തൽക്കാലം മോൻ കേറ്.”
അതിലൊരാൾ അർജ്ജുവിന്റെ തോളിൽ പിടിച്ചുകൊണ്ട് പറഞ്ഞു.
“കൈയെടുക്കട പന്ന..”
അർജ്ജുൻ തോളിൽവച്ച അയാളുടെ കൈയെടുത്ത് മാറ്റിയതും ശരംവേഗത്തിൽ അടുത്തയാളുടെ വലതുകൈ അർജ്ജുവിന്റെ ഇടത് കവിളിൽ പതിച്ചു.
“ഫ്ബ… കഴിവേറിയുടെ മോനെ, കേറാടാ വണ്ടിയിലേക്ക്.”
അയാൾ അവനെ തൂക്കിയെടുത്ത് കാറിലേക്ക് കയറ്റി.
“നിങ്ങൾ ആരാ? എന്താ വേണ്ടത്.?”
അടികിട്ടിയ കവിൾത്തടം ഇടതുകൈകൊണ്ട് പൊത്തിപ്പിടിച്ച് അർജ്ജുൻ ചോദിച്ചു.
“അതൊക്കെ വഴിയേ പറഞ്ഞുതരാം.”
ഇന്നോവ ഫോർട്ട്കൊച്ചി ലക്ഷ്യമാക്കി കുതിച്ചു. വൈകാതെ ആളൊഴിഞ്ഞ കെട്ടിടത്തിന്റെ ഗോഡൗണിൽ ഇന്നോവ സഡൻബ്രേക്കിട്ട് നിന്നു. ഡോർ തുറന്ന് അവർ അർജ്ജുവിനെ പുറത്തേക്ക് ഇറക്കി.
കുറച്ചപ്പുറത്ത് നീല നിറത്തിലുള്ള ബിഎംഡബ്ല്യു എക്‌സ്ഫൈവ് കാർ ഹെഡ്ലൈറ്റ് കത്തിച്ച് നിൽക്കുന്നത് അവൻ ശ്രദ്ധിച്ചു.
സൂക്ഷിച്ചുനോക്കിയ അർജ്ജുൻ കാറിന്റെ ബോണറ്റിനുമുകളിൽ ഒരാൾ ഇരിക്കുന്നതുപോലെ തോന്നി. കാറിൽനിന്നിറങ്ങിയ മറ്റ് രണ്ടുപേരിൽ ഒരാൾ അർജ്ജുവിന്റെ കഴുത്തിന് പിടിച്ചു മുന്നോട്ട് ആഞ്ഞുതള്ളി. നിലത്തുവീണ അർജ്ജുൻ എഴുന്നേറ്റു നോക്കിയപ്പോഴാണ് അത് തന്റെ തോന്നലല്ലായെന്ന് മനസിലായത്. കറുത്ത പാന്റും, കറുത്ത കോട്ടുമിട്ട്, ഒറ്റനോട്ടത്തിൽ മുപ്പത്തിയഞ്ച്, നാല്പത് വയസുതോന്നിക്കുന്ന അയാൾ അർജ്ജുവിനെ സഹതാപത്തോടെ നോക്കി.
“ഡോ, ജോസേ.. തന്നോട് ഞാൻ പറഞ്ഞിട്ടില്ലേ ഉപദ്രവിക്കാതെ കൊണ്ടുവരാൻ.”
കാറിന്റെ ബോണറ്റിനു മുകളിൽനിന്നും ഇറങ്ങി അയാൾ ചോദിച്ചു.
“നിങ്ങളൊക്കെ ആരാ? എന്തിനാ എന്നെ പിടിച്ചുകൊണ്ടുവന്നത്.?”
“അയ്യോ സാറേ, സാറിനെ ആരും പിടിച്ചുകൊണ്ട് വന്നതല്ല സാറിന്റെ കൈയ്യിലിരിപ്പുകൊണ്ടു മാത്രം ഇവിടെയെത്തിയതാണ്.”
എന്താണ് സംഭവിച്ചത് എന്നറിയാതെ അർജ്ജുൻ അയാളുടെ മുഖത്തേക്കുനോക്കി.