“ഹൈ, കൂൾ ഡൗൺ അനസ്.”
രഞ്ജൻ അയാളെ സമാധാനിപ്പിച്ചു.
“സംശയം തോന്നുന്ന ആരെയും ചോദ്യം ചെയ്യാനും, കസ്റ്റഡിയിലെടുക്കാനും, ഞങ്ങൾക്ക് നിയമമുണ്ട്. സോ, പ്ലീസ് കോപറേറ്റ്. ഇനി അതല്ല, നിങ്ങളെ രക്ഷിക്കാൻ സാക്ഷാൽ ക്രിസ്റ്റീഫർ വരുമെന്ന ചിന്തയുണ്ടെകിൽ അതുവേണ്ട കാരണം അയാൾ എപ്പോൾവേണമെങ്കിലും പിടിക്കപ്പെടും. ഒറ്റച്ചോദ്യം നീനയുടെ കൊലപാതകത്തിൽ നിങ്ങൾക്കുള്ള പങ്ക്?”
രഞ്ജൻ പറഞ്ഞവസാനിച്ചപ്പോൾ ലെനയും അമ്മയും നിന്നുപരുങ്ങി.
“സിറ്റ് ഡൗൺ പ്ലീസ്..”
രഞ്ജൻ അടുത്തുള്ള സോഫയിലേക്ക് ചൂണ്ടി പറഞ്ഞു. പക്ഷെ
മുഖത്തേക്കുനോക്കാതെ അവർ രണ്ടുപേരും ഒരേ നിൽപ്പുനിന്നു.
“ഐ സേ സിറ്റ് ഡൗൺ.”
രഞ്ജന്റെ ശബ്ദം കനത്തു. അയാൾ സോഫയുടെ ഒരു വശത്ത് ഇരുന്നു.
എതിർദിശയിൽ ലെനയും അമ്മയും.
“സീ മാഡം, നമുക്ക് നല്ലരീതിയിൽ പറഞ്ഞവസാനിപ്പിക്കാം. ക്രിസ്റ്റീഫറുമായുള്ള നിങ്ങളുടെ ബന്ധം? നീനയുടെ കൊലപാതകത്തിൽ നിങ്ങൾക്കുള്ള പങ്ക്? അത്രേം അറിഞ്ഞാൽ മതി. ഇനിയതല്ല പറയാൻ ഉദ്ദേശമില്ലങ്കിൽ ചോദിക്കുന്ന രീതി ഞങ്ങളൊന്നു മാറ്റിപിടിക്കും.”
രക്ഷപെടാൻ മറ്റുമാർഗങ്ങൾ ഇല്ലെന്നു മനസിലാക്കിയ വാർഡൻ ദയനീയമായി രഞ്ജന്റെ മുഖത്തേക്ക് നോക്കി.
“പറയാം സർ, ക്രിസ്റ്റീഫർ എന്റെ ഹസ്ബന്റിന്റെ ഫ്രണ്ടാണ്. അദ്ദേഹം മരിച്ചപ്പോൾ പിന്നെ ബിസിനസ് കാര്യങ്ങളൊക്കെ നോക്കിയിരുന്നത് ഞങ്ങളായിരുന്നു. ബാധ്യതകൾ പെരുകിവന്നപ്പോൾ കടങ്ങൾ മുഴുവനും ക്രിസ്റ്റീഫർ ഏറ്റെടുത്തു കമ്പനി അയാൾ നടത്തി. എന്റെ മകളെ അയാളുടെ പേഴ്സണൽ സെക്രട്ടറിയാക്കി.
പക്ഷെ മോളുടെ ഐഡന്റിറ്റി വളരെ രഹസ്യമാക്കിവച്ചു. ലൂക്കയ്ക്കുപോലും അറിയില്ല എന്റെ മകളാണ് ക്രിസ്റ്റീഫറുടെ പേഴ്‌സണൽ സെക്രട്ടറിയെന്ന്. കമ്പനി അക്കൗണ്ടന്റെന്ന നിലയിൽ അവിടെപോയി കണക്കുകളൊക്കെ നോക്കിവരും.