റോസ് നിറത്തിലുള്ള കടലാസുപൂക്കളും മൂസാണ്ടയും റോഡിലേക്ക് ചാഞ്ഞുനിൽക്കുന്ന ഗെയ്റ്റിന്റെ മുൻപിൽ അനസ് ജീപ്പ് നിറുത്തി.
“റോസ് വില്ല”
രഞ്ജൻ മനസിൽ വായിച്ചു.
ജീപ്പിൽ നിന്നുമിറങ്ങിയ അവർ ഗെയ്റ്റുതുറന്ന് അകത്തേക്കുനടന്നു.
ഇന്റർലോക്കുകൊണ്ട് മുറ്റം മനോഹരമാക്കിയിട്ടുണ്ടായിരുന്നു. ചുറ്റിലും പലനിറത്തിലുള്ള പനിനീർപൂക്കൾ വിരിഞ്ഞുനിൽക്കുന്നു.
ഉമ്മറത്തേക്കുകയറി അനസ് കോളിങ്ബെൽ അമർത്തി.
വാതിൽ തുറന്നുവന്ന സ്ത്രീയെകണ്ട അനസ് അമ്പരന്നുനിന്നു.
“വാർഡൻ.”
അനസ് അറിയാതെ പറഞ്ഞു.
“ഗുഡ് മോർണിംഗ് മാഡം, ”
പുഞ്ചിരി പൊഴിച്ചുകൊണ്ട് രഞ്ജൻ പറഞ്ഞു.
“മോർണിംഗ്, ”
“ക്യാൻ യൂ റിമെമ്പർ മീ.?”
രഞ്ജൻ ചോദിച്ചു.
“യെസ് സർ, വരൂ..”
വാർഡൻ അവരെ അകത്തേക്ക് ക്ഷണിച്ചു.
അകത്തേക്കു കയറിയ അവർ വീടിനകത്തെ സൗകര്യങ്ങൾകണ്ട് മുഖത്തോടു മുഖംനോക്കി.
“ഈ തണുപ്പിലും ഇവിടെ നല്ല ചൂടാണ് അല്ലെ മാഡം.?”
സാരിയുടെ തലപ്പുകൊണ്ട് ഇടക്കിടക്ക് മുഖം തുടക്കുന്ന വാർഡനെനോക്കി രഞ്ജൻ ചോദിച്ചു.
ഒരു പുഞ്ചിരിമാത്രമായിരുന്നു മറുപടിയായി വാർഡൻ നാൽകിയത്.