തഴപ്പായ [ചിപ്പി] 54

തഴപ്പായ

Thappaya | Author : Chippi

 

തോട്ടു വക്കത്തെ കൈതപ്പൊന്തകൾ കണ്ടിട്ടുണ്ടോ ? കൈത പൊന്തയുടെ കാലുകൾക്കിടയിൽ ഒറ്റാല് വച്ചിട്ടുണ്ടോ ?… തറവാടിന്റെ പിന്നിൽ പാടത്തിന്റെ അതിരുകളിൽ തെളിഞ്ഞൊഴുകുന്ന നീർചാലുകൾക്കിരുപുറവും നിറയെ കൈതകൾ ആയിരുന്നു ….അതിന്റെ മറവു പറ്റി തോട്ടിൽ കളിച്ച എത്രയോ നാളുകൾ ….
സ്കൂളിൽ പോകുമ്പോഴും വരുമ്പോഴും കൈതയോല വലിച്ചു പറിച്ചു പീപ്പി ഉണ്ടാക്കി കളിക്കുമായിരുന്നു ഞങ്ങൾ ..ഞാൻ , എന്റെ അനിയത്തി , വിഷ്ണു , വൃന്ദ , വർഷ , സുബീന. തോട്ടുവക്കത്താണ് ശാന്തമ്മയുടെ വീട് . കൈത പൂക്കുന്ന സമയത്തു രമണൻ മാമൻ എനിക്ക് കൈതപ്പൂ പൊട്ടിച്ചു തരുമായിരുന്നു .അതും കൊണ്ട് ക്ലാസ്സിൽ ചെന്നാൽ പിന്നെ അന്നത്തെ താരം ഞാൻ ആയിരിക്കും .ഒരു ഇതൾ കിട്ടുവാൻ വേണ്ടി വരി നിൽക്കും കൂട്ടുകാർ . ഞാനോ , നമ്മുടെ ഇഷ്ടക്കാർക്ക് മാത്രം വാരിക്കോരി കൊടുത്ത് പിന്നെ ലേശം ജാഡ ഒക്കെ ഇട്ടു നിക്കും . എത്രയോ പഴയകാല സുന്ദരിമാരുടെയും സുന്ദരന്മാരുടെയും പ്രണയത്തിനും സൗഹൃദത്തിനും സാക്ഷ്യം വഹിച്ചിട്ടുണ്ടാകാം കൈതപ്പൂക്കൾ ..
കൈതകൾക്ക് ഇനിയും ഉണ്ട് കഥകൾ പറയാൻ …പാതിരാവിൽ കൈതയുടെ മറ പറ്റി ഒളിച്ചിരുന്ന കള്ളന്മാരുടെയും ജാരന്മാരുടെയും കഥകൾ ..കൂടു കൂട്ടി പെറ്റു പെരുകിയ കുളക്കോഴി കുഞ്ഞുങ്ങളുടെയും അവരെ പിടിക്കാൻ വരുന്ന കുറുക്കന്മാരുടെയും കഥകൾ ….. രാത്രി വൈകി വീടണയുന്ന പേടിത്തൊണ്ടന്മാർ ഒറ്റകൈതയെ കണ്ടു പേടിച്ച കഥകൾ …കൈതക്കലുകൾക്കിടയിൽ ഒറ്റാലിൽ കുടുങ്ങി മരണം കാത്തു കിടന്ന ബ്രാലിന്റെ കഥകൾ …
കഴിഞ്ഞോ ?…ഇല്ല … കൈതോലപ്പായയുടെ കഥയും ഉണ്ട് .. കേൾക്കണ്ടേ… കർക്കിടകമാസം വന്നാൽ കുടിലുകളിൽ അടുപ്പ് പുകയുക എന്ന് പറയുന്നത് വല്ലപ്പോഴുമായിരിക്കും . കൂലിപ്പണിക്കാർക്ക് പണിയില്ല .തെങ്ങുകയറ്റക്കാർക്കും പണിയില്ല . തൊടിയും പറമ്പും ഇല്ലാത്തവർക്ക് കുഴിച്ചെടുത്തു തിന്നാനും ഒന്നുമില്ല . പത്തായപ്പുര ഉള്ളവർ ഔഷധ കഞ്ഞിയും കുടിച്ചു രാമായണവും ജപിച്ചു ഇരിക്കുമ്പോൾ പാവങ്ങൾ വെറും തിണ്ണയിൽ മുണ്ടും മുറുക്കി കരിപ്പെട്ടി കാപ്പിയും കുടിച്ചു തണുത്തു വിറച്ചു കൂനിയിരിക്കും . പഞ്ഞമാസം കടന്നു പോകേണ്ട ദുർഘടം .
ഇവിടെയാണ് കൈതോലപ്പായകൾ ജനിക്കുന്നത്. മഴക്കാലം തുടങ്ങും മുൻപേ മീന വേനലിൽ എല്ലാ വീട്ടിലെയും പെണ്ണുങ്ങൾ കൈതയോല കൊയ്യും … ഇടംകൈയ്യാൽ ഓലകൾ ചുറ്റിപ്പിടിച്ചു വളം കയ്യിലെ അരിവാൾ കൊണ്ട് കൊയ്യുന്നത് കണ്ടാൽ അവർ പട വെട്ടുകയാണോ എന്ന് തോന്നിപ്പോകും …സത്യമാണ് .ജീവിതത്തോടുള്ള പടവെട്ടൽ . പിന്നെ ഈ ഓലകൾ ചീന്തണം… മുള്ളുകളഞ്ഞു രണ്ടായി കീറുന്നതിനെ ആണ് ചീന്തുക എന്ന് പറയുന്നത് ..കത്തികൊണ്ട് മുകളിൽ നിന്ന് താഴേക്ക് ചീന്തുന്നത് കണ്ടാൽ നല്ല രസമാണ് . മൂന്നു മുള്ളു വള്ളികൾ കത്തിയുടെ പുറം തഴുകി ഊർന്നു വീഴുന്നത് കാണാം . ഇത് നോക്കി നിന്ന് കാലിൽ മുള്ളു കേറ്റുന്നത് എന്റെ സ്ഥിരം പതിവായിരുന്നു . പിന്നെ ഇത് ചുറ്റിയെടുത്തു തളിക പോലെ ആക്കും . അതിനെ ” തഴ ” എന്നാണ് വിളിക്കുന്നത്
ഈ പറത്തിലിട്ടു ഉണക്കിയ തഴകൾ ആണ് പാവങ്ങളുടെ മഴക്കാലത്തെ അന്നം . പണക്കാരുടെ പത്തായത്തിൽ നെല്ലെന്ന പോലെയാണ് പാവങ്ങൾക്ക് പറത്തിലെ തഴ എന്ന് ശാന്തമ്മ പറയാറുണ്ട് . പഞ്ഞമാസം വരുമ്പോൾ അവർ ഈ തഴ എടുത്തു പായ നെയ്യും . ആണുങ്ങൾ അത് ചന്തയിൽ കൊണ്ടുപോയി വിൽക്കും . ഒരു ദിവസം നാല് പായക്ക് അഞ്ചു രൂപ വരെ കിട്ടിയിട്ടുണ്ടന്നു ശാന്തമ്മ പറയുമ്പോൾ എനിക്കും അത്ഭുതം .. സ്കൂൾ മാഷ് ആയിരുന്ന എന്റെ അച്ചാച്ചന്റെ ശമ്പളം 45 രൂപ ആയിരുന്നെന്നു ഞാൻ കേട്ടിട്ടുണ്ട് .
ഇന്ന് കാലം ഒക്കെ മാറിപ്പോയി ..പക്ഷെ ശാന്തമ്മ പഴയ ശാന്തമ്മ തന്നെ .. ഇന്നും ശാന്തമ്മ പായ നെയ്യും … പുത്തൻ പായ നെയ്തുകഴിഞ്ഞാൽ അതിൽ ആദ്യം കേറിക്കിടക്കുന്നത് ഞാൻ ആണ് …അതിൽ ഉണങ്ങിയ കൈത കീറുകളിൽ നിന്നും ഒരു ഗന്ധം വരും ..അത് ഞാൻ എന്റെ ആത്മാവിലേക്ക് വലിച്ചു കേറ്റിയിട്ടുണ്ട് ….കാരണം അത് നാളേയ്ക്ക് നഷ്ടപ്പെടാൻ പോകുന്ന ഒരു ഗന്ധം ആണ് ..

19 Comments

  1. ചിപ്പി

    Thank u jonas

  2. ഒരു പേജിൽ ഒരു ചരിത്രം കൂടി ആണ് ചിപ്പി എഴുതിയത് ❤️ ഞാൻ ഒക്കെ ജനിച്ച സമയം വരെ ഒക്കെ കൈത ഓല പായും മറ്റും വരെ ഇതൊക്കെ ഉണ്ടാരുന്നുള്ളു. പിന്നീട് കൈതകാടും മറ്റും അപ്രതീക്ഷിതമായി… അവസാനം വീടിന്റെ അടുത്തു ഒരു ഒറ്റ കൈത.അവസാനം അതും പോയി ?. അതെ പോലെ എത്ര എത്ര സാധനങ്ങൾ.. പറമ്പിൽ ഓടികളിക്കാൻ ആയത് ആ സമയം ജനിച്ചത് കൊണ്ടു.. ഇന്ന് കുട്ടികൾ മൊബൈലും ടാബും ലാപ്ടോപ്പിലും തടവിൽ പെട്ടു… ഇനിയും ഉണ്ടാകുമോ അതെ പോലെ ഒരു കാലം ? ജീവിത സാഹചര്യം മെച്ചപ്പെട്ടു എങ്കിലും എന്തൊക്കയോ തീരാ നഷ്ടം ?? ഈ കഥ ഒരു ഓർമപ്പെടുത്തൽ കൂടെ ആണ് ?

    1. ചിപ്പി

      എന്തോ പുണ്യം. എന്റെ ശാന്തമ്മ ഇന്നും തഴപ്പായ നെയ്യുന്നു. എന്റെ മകൻ അതിലൊന്നിൽ കിടന്നു കളിക്കുന്നു

  3. Again!! ❤️.

    1. ചിപ്പി

      Oh. ഒത്തിരി നന്ദി ഒരു കഥയെ ഇട്ടുള്ളു എങ്കിലും ഓർക്കുന്നല്ലോ

  4. ഗംഭീരമായി..ഒത്തിരി ഇഷ്ടപ്പെട്ടു..!!
    ഓണകഥകൾ എഴുതിയ ചിപ്പി ആണോ? ആണെങ്കിൽ വീണ്ടും കണ്ടതിൽ സന്തോഷം..തുടർന്നും എഴുത്തുകൾ പ്രതീക്ഷിക്കുന്നു❤️

    1. ചിപ്പി

      ഒണക്കഥ എഴുതിയ ചിപ്പി തന്നെ ആണ് കേട്ടോ. തീർച്ചയായും എഴുതാൻ ശ്രെമിക്കും

  5. ༻™തമ്പുരാൻ™༺

    സുഹൃത്തെ.,.,.,

    എന്നെ പഴയകാല ഓർമ്മകളിലേക്ക് കൊണ്ടു പോയ വരികൾ.,.,.ഒത്തിരി ഇഷ്ടപ്പെട്ടു..,.
    വീടിന്റെ മുൻപിലെ കുളത്തിന്റെ അരികത്ത് നിന്നിരുന്ന കൈത..,.,
    അതിന്റെ ഓലകീറുകൾ വെട്ടി കൊണ്ടുപോകുന്ന പെണ്ണുങ്ങൾ.,..

    ഇത്രയും കുറഞ്ഞവരികളിലൂടെ എന്നെ എന്റെ ബാല്യകാലത്തിലെ ഓർമ്മകളിലേക്ക് കൂട്ടികൊണ്ടുപോകാൻ സാധിച്ചു.,.,. ഇപ്പൊ കൈത തന്നെ ഉണ്ടോ എന്നറിയില്ല.,.,.

    നല്ല എഴുത്ത്.,.,. ചെറിയ ഗ്യാപ്പ് ഇട്ട് പാരഗ്രാഫ് തിരിച്ചു എഴുതുകയാണെങ്കിൽ വായിക്കാൻ എളുപ്പത്തിൽ സാധിക്കും.,.. അത് ഒന്ന് ശ്രദ്ധിക്കുക.. എന്റെ മാത്രം അഭിപ്രായം ആണ്.,.,
    എന്തായാലും എനിക്ക് വളരെ ഇഷ്ടപ്പെട്ടു…

    സ്നേഹപൂർവ്വം
    തമ്പുരാൻ??

    1. ചിപ്പി

      പാരഗ്രാഫ് തിരിക്കാൻ ശ്രദ്ധിക്കാം കേട്ടോ. അഭിപ്രായം കേട്ടതിൽ ഒത്തിരി സന്തോഷം

  6. ജോനാസ്

    നല്ല എഴുത്ത് ഇഷ്ട്ടായി ???

    1. ചിപ്പി

      Thank u ജോനാസ്

  7. // അതിൽ ഉണങ്ങിയ കൈത കീറുകളിൽ നിന്നും ഒരു ഗന്ധം വരും ..അത് ഞാൻ എന്റെ ആത്മാവിലേക്ക് വലിച്ചു കേറ്റിയിട്ടുണ്ട് ….കാരണം അത് നാളേയ്ക്ക് നഷ്ടപ്പെടാൻ പോകുന്ന ഒരു ഗന്ധം ആണ് .. //

    ഇന്നു നഷ്ടപ്പെട്ടു പോവുന്ന ഒരുപാട് ഗന്ധങ്ങളിൽ ഒന്നുമാത്രം. ഇടക്കൊക്കെ പണ്ട് നടന്നു പോയിരുന്ന ഇടവഴികൾ കാണുമ്പോൾ തിരിച്ചറിയാറു പോലുമില്ല.. എല്ലാം മാറ്റങ്ങളാണ്.. എന്നാലും, അന്നും ഇന്നും എന്നും ഒരേ ജോലി ചെയ്യുന്ന പഴമയുടെ ഗന്ധം പേറുന്നവരെ കണ്ടിട്ടുണ്ട്.. അന്നിനെയും ഇന്നിനെയും കൂട്ടിയോജിപ്പിക്കാനുള്ള അവസാന കണ്ണികൾ.. നാളെ ഇതെല്ലാം ഉണ്ടാവുമോ എന്നുറപ്പില്ല.. ഉണ്ടാവില്ല എന്നു ഏതാണ്ട് ഉറപ്പാണ് താനും..

    ഒറ്റയടിക്ക്, യൂണിഫോമിട്ടു സ്‌ലേറ്റും പിടിച്ചു, പാടത്തൂടെ തുള്ളിച്ചാടി നടന്ന വാനരപ്പടയെ ഓർത്തുപോയി… മനോഹരം??

    1. ചിപ്പി

      അഭിപ്രായം കേട്ടതിൽ ഒത്തിരി സന്തോഷം

  8. ഹൗ…

    നിമിഷങ്ങൾ കൊണ്ട് എന്നെ നിങ്ങൾ ഇരുപത്തി അഞ്ചു കൊല്ലം പുറകിലേക്ക് നടത്തിച്ചു…

    അഭിനന്ദനങ്ങൾ ???

    1. ചിപ്പി

      ഇതിൽ പരം സന്തോഷം നമുക്ക് വേറെയില്ല. ഒത്തിരി നന്ദി

  9. വല്ലാത്തൊരു എഴുത്തു… പറയാൻ വാക്കുകൾ ഇല്ല ????

    1. ചിപ്പി

      Thank u villi.

  10. Nice storie ethokkae enganae kittunnu. Pazhayakurae ormakailek pokunnapolae. Sherikkum patanjali thakazhiyudae okkae novelilae cheriya oru bhagam vayichapolae❤❤❤

    1. ചിപ്പി

      ഓർമ്മകൾ പറ്റി ഇങ്ങനെ ഇരിക്കയല്ലേ ഹൃദയത്തിൽ

Comments are closed.