പത്തുമിനുറ്റിനുള്ളിൽ ഇരുകൈകളിലും വെളളം നിറച്ച കന്നാസുകളും തൂക്കിപ്പിടിച്ചു ആയാസപ്പെട്ടു തിരിച്ചുവന്നതിനുശേഷം കറുത്ത നിറമുള്ള ദാവണിയുയർത്തി നെറ്റിയിലെ വിയർപ്പ് ഒപ്പിയെടുക്കുമ്പോൾ കരാറുറപ്പിച്ചിരുന്ന ഇരുപതുരൂപയെടുത്തു നീട്ടുന്നതിനിടയിലാണ് തിരക്കിയത്.
“എനിക്കും തെരയാതെ നിങ്ക…..
ഡ്രൈവറോട് ശ്ശൊല്ലുങ്കോ…’
മുഖത്തുനോക്കാതെ താഴോട്ടുനോക്കി പുഞ്ചിരിച്ചുകൊണ്ട് പറയുമ്പതിനിടെ രൂപവാങ്ങി കൈയ്യിലെ ചെറിയ തുണിസഞ്ചിയിലിട്ടു മുറുക്കികെട്ടി അരയില്‍ തിരുകിയശേഷം പൂക്കൊട്ടയുമായി അവൾ വീണ്ടും ടൂറിസ്റ്റുകളുമായി വരികയും പോകുകയുംചെയ്തുകൊണ്ടിരിക്കുന്ന വാഹനങ്ങളുടെ അരികിലേക്കും താൻ പാചക തിരക്കിലേക്കും നീങ്ങി…..!
“മുടിഞ്ഞാ……”
അല്പസമയത്തിനുശേഷം പിറകിൽ നിന്നും ശബ്ദം കേട്ടാണ് തിരിഞ്ഞു നോക്കിയത്…..!
പൂക്കൊട്ടയിലെ മുല്ലമൊട്ടുമാലയെ വെല്ലുന്ന പുഞ്ചിരിയുമായി പിറകിൽ അവൾ നിൽക്കുണ്ടായിരുന്നു……!
“മുടിഞ്ഞില്ല……
നീയെന്നെ ഹെല്‍പ്പു ചെയ്യൂമോ… കൂലിതരാം….”
തമാശയുടെ രീതിയിലാണ് ചോദിച്ചത്.
“ആമാ…… സർ…….’
വിടര്‍ന്ന ചിരിയോടെയായിരുന്നു് അവളുടെ അപ്രതീക്ഷിതമായ മറുപടി…..!
പച്ചക്കറികൾ അരിയുന്നതിനിടയിലും …..
അരി കഴുകികൊണ്ടിരിക്കുമ്പോഴും ഇടയ്ക്കിടെ വന്നുകൊണ്ടിരുന്ന ടൂറിസ്റ്റ് വാഹനങ്ങൾക്ക് അടുത്തേക്ക് പൂകൊട്ടയുമായി ഓടിയും……
അടുപ്പിലെ തീയുടെ ശക്തി കൂട്ടിയും കുറച്ചും….
തവികൊണ്ടു ഇളക്കിയും….
തിളയ്ക്കുമ്പോൾ ചരുവത്തിന്റെ അടപ്പ് തുറന്നുവച്ചും പിന്നെയവൾ സജീവമായിരുന്നു.
❤️❤️