രക്തരക്ഷസ്സ് 9 52

എന്താ ന്റെ കുട്ടിക്ക് പറ്റിയെ. കുമാരൻ ചോദിച്ചു. നിക്കൊന്നും ഓർമ്മയില്ല്യ അച്ഛ. വല്യമ്പ്രാട്ടി പടിപ്പുര അടയ്ക്കാൻ പറഞ്ഞു വിട്ടു.ഞാൻ അടച്ചിട്ട് തിരിച്ചു നടന്നു അത്രേ ഓർമ്മയുള്ളൂ. പിന്നെ എന്താ പറ്റിയെ അറിയില്ല്യ.

അവളുടെ കണ്ണുകൾ പിന്നെയും പിന്നോട്ട് മറിഞ്ഞു ബോധം നഷ്ട്ടമായി.

ഇത്ര നേരം വെള്ളത്തിൽ കിടന്നത് അല്ലേ അതിന്റെയാവും. അഭി പറഞ്ഞു. പക്ഷേ ദേഹത്ത് മുറിവൊന്നുമില്ല, പിന്നെ ആ രക്തം, അതെങ്ങനെ വന്നു.

അഭിയുടെ ചോദ്യം കൃഷ്ണ മേനോനിൽ ഒരു നടുക്കമുണർത്തി. ദേവകീ കൃഷ്ണ മേനോൻ ഉറക്കെ വിളിച്ചു.

അഭിയും കുമാരനും പോലും അപ്പോൾ മാത്രമാണ് അത് ഓർത്തത്. ദേവകിയമ്മയെ കാണാനില്ല.ഇവിടെ ഇത്രയൊക്കെ സംഭവിച്ചിട്ട് അവർ എവിടെ.

കാളകെട്ടിയിൽ കണ്ട ലക്ഷണങ്ങളും തിരുമേനിയുടെ വാക്കുകളുമെല്ലാം ഒന്നൊന്നായി മൂവരുടെയും മനസ്സിൽ ആരോ മന്ത്രിച്ചു കൊണ്ടിരുന്നു.

കുമാരനെ ലക്ഷ്മിയുടെ അടുത്താക്കി അഭിയും കൃഷ്ണ മേനോനും ദേവകിയമ്മയെ അന്വേഷിച്ചു തുടങ്ങി.

തറവാടിന്റെ ഓരോ മുക്കും മൂലയും അവർ അരിച്ചു പിറക്കി. കൃഷ്ണ മേനോൻ ഒരു ഭ്രാന്തനെപ്പോലെ മുടി വലിച്ചു പറിച്ചു. ദേവകീ അയാൾ അലറിവിളിച്ചു കൊണ്ടിരുന്നു.

അകത്തെ തിരച്ചിൽ മതിയാക്കിയ അഭിമന്യു പുറത്തേക്കിറങ്ങി. ചുറ്റും ഇരുട്ട് പരന്നിരിക്കുന്നു.

നറുനിലാവിന്റെ വെട്ടത്തിൽ വല്ല്യമ്മേ എന്ന വിളിയോടെ അയാൾ പറമ്പിലൂടെ നടന്നു.

അൽപ്പം അകലെ ആരോ കിടക്കുന്നത് പോലെ തോന്നിയ അഭിമന്യു അങ്ങോട്ടേക്ക് ഓടിച്ചെന്നു.

ശ്രീപാർവ്വതി വലിച്ചെറിഞ്ഞ ദേവകിയമ്മയുടെ ശരീരം ഒറ്റ നോട്ടത്തിൽ തന്നെ അയാൾ തിരിച്ചറിഞ്ഞു.

അഭിയെ പിന്തുടർന്നെത്തിയ കൃഷ്ണ മേനോൻ ആ കാഴ്ച്ച കണ്ട് നടുങ്ങി.ദേവകീ അയാൾ ഉറക്കെ വിളിച്ചു കൊണ്ട് അങ്ങോട്ടേക്ക് ഓടി.

ദേവകിയമ്മയുടെ അടുത്തേക്ക് എത്തും മുൻപേ അഭിമന്യു കൃഷ്ണ മേനോനെ തടഞ്ഞു. വല്ല്യച്ഛൻ ഇവിടെ ഇരിക്കൂ. ഞാൻ നോക്കാം.

അയാൾ മേനോനെ അടുത്ത് മറിഞ്ഞു കിടന്ന ഒരു മരത്തിന്റെ തടിയിൽ ഇരുത്തിയ ശേഷം കമിഴ്ന്നു കിടന്ന ദേവകിയമ്മയുടെ ശരീരത്തിൽ തൊട്ടു.

തീയിൽ തൊട്ട പോലെ അയാൾ കൈ വലിച്ചു.അവരുടെ ശരീരം തണുത്ത് മരച്ചിരുന്നു, വിറയാർന്ന കൈകളോടെ അയാൾ ആ ശരീരം നേരെ കിടത്തി.

പൊടുന്നനെ ഞെട്ടി പിന്നോട്ട് മറിഞ്ഞു അഭിമന്യു.കൃഷ്ണ മേനോൻ ഓടിയെത്തി ഒരു വട്ടം മാത്രമേ അയാൾ ദേവകിയമ്മയുടെ മുഖത്തേക്ക് നോക്കിയുള്ളൂ.

ആാാ, അയാൾ അലറി വിളിച്ചുകൊണ്ട് മണ്ണിലേക്ക് കുഴഞ്ഞു വീണു. അയാളുടെ ആർത്തനാദം അവിടെയാകെ ഉയർന്നു പൊങ്ങി.

അതേ സമയം കാളകെട്ടി ഇല്ലത്തെ മന്ത്രക്കളത്തിൽ മഹാകാളിക്കുള്ള പൂജയിലായിരുന്നു ശങ്കര നാരായണ തന്ത്രികൾ.

വലിയ ഹോമകുണ്ഡത്തിലേക്ക് നെയ്യ് ഒഴിച്ച് അഗ്നി ജ്വലിപ്പിച്ചു തന്ത്രികൾ.

തന്ത്രിയുടെ നാവിൽ നിന്നുയരുന്ന മന്ത്രജപങ്ങൾ മാത്രം അവിടെ ഉയർന്നു നിന്നു.

തന്റെ സമീപം വച്ചിരുന്ന വലിയ വട്ടളത്തിലെ ജലത്തിലേക്ക് ജപിച്ച പുഷ്‌വും അരിയുമിട്ട് കണ്ണടച്ച് പ്രാർത്ഥിച്ചു അദ്ദേഹം. ശേഷം കണ്ണ് തുറന്ന് ആജ്ഞാനുവർത്തിയായ ദേവദത്തനെ നോക്കി.

ആ നോട്ടത്തിന്റെ അർത്ഥം മനസ്സിലായ അയാൾ അവിടെ നിന്നും പിന്നോട്ട് മാറി.

തന്ത്രികൾ ഒരിക്കൽ കൂടി ജലത്തിലേക്ക് നോക്കി മന്ത്രം ചൊല്ലി.

ഓം ഹ്രീം പ്രത്യക്ഷ പ്രത്യക്ഷ,ശ്രീപാർവ്വതി നാമദേവസ്യ കാർത്തിക നക്ഷത്ര പ്രേത രൂപീ പ്രത്യക്ഷ….

1 Comment

  1. Nxt part eppo varum

Comments are closed.