രക്തരക്ഷസ്സ് 5 47

രക്തരക്ഷസ്സ് 5
Raktharakshassu Part 5 bY അഖിലേഷ് പരമേശ്വർ 

previous Parts

ഇല്ല്യാ, ദേവീടെ സ്വത്ത് ഞാൻ എടുത്തൂന്നോ,ഒരിക്കലുമില്ല. എന്നെ വിശ്വസിക്കണം.ദയവായി എന്നെ വിശ്വസിക്കൂ. ഞാൻ ചെയ്തിട്ടില്ല.

മൂന്ന് പൂജ തൊഴുത് ഞാൻ വിളിക്കണ ഈ ദേവി സത്യം ഞാൻ കള്ളനല്ല. ഞാൻ കള്ളനല്ലാ. മേനോൻ അദ്ദേഹം എന്നെ വിശ്വസിക്കണം.

ഹയ്, ദേവീടെ മുതൽ കക്കുക എന്നിട്ട് പിടിച്ചപ്പോ ഇല്ല്യാന്ന് കള്ള സത്യം ചെയ്യുന്നോ.

മേനോൻ കലിതുള്ളി. ഇനി ഒരക്ഷരം മിണ്ടിയാൽ നാവ് ഞാൻ പിഴുതെടുക്കും.

പെട്ടന്ന് വണ്ടി ഒന്ന് കുലുങ്ങി, മേനോൻ ഞെട്ടി കണ്ണ് തുറന്നു. വണ്ടി ഒരു വലിയ പടിപ്പുരയ്ക്ക് മുൻപിൽ നിൽക്കുന്നു.

പടിപ്പുരയുടെ മുകളിൽ വലിയ അക്ഷരങ്ങളിൽ കാളകെട്ടി എന്ന് ആലേഖനം ചെയ്തിരിക്കുന്നു.

അഭി അകത്തേക്ക് നോക്കി ആകെ കാട് പിടിച്ചു കിടക്കുന്നു. ഉണ്ണീ ഇറങ്ങാം. ഇങ്ങട് ആരും വരില്ല, നമ്മൾ അങ്ങോട്ട്‌ ചെല്ലണം.

മൂവരും പടിപ്പുര കടന്ന് അകത്തേക്ക് നടന്നു. ഉണ്ണീ അതാണ്‌ മാന്ത്രികപ്പുര, അവിടെ നിന്നാണ് കൈകര ഭഗവതി എന്ന മൂർത്തിയെ ഇവിടുത്തെ വല്ല്യ തിരുമേനി എടുത്തെറിഞ്ഞത്.

അഭി കൃഷ്ണ മേനോൻ കൈ ചൂണ്ടിയ ദിക്കിലേക്ക് നോക്കി, ചുറ്റി പിണഞ്ഞു കിടക്കുന്ന കാട്ടു വള്ളികൾക്കിടയിൽ മാന്ത്രികപ്പുര.

മൂർത്തിയെ എടുത്തെറിയുകേ, എന്താപ്പോ അങ്ങനെ. അഭി ആകാംഷയോടെ മേനോനെ നോക്കി.

അതൊരു വല്ല്യ കഥയാണ് കുട്ടീ. നിന്റെ അറിവിലേക്ക് ചുരുക്കി പറയാ.

പണ്ട്, പണ്ട് എന്നു വച്ചാല്‍ വളരെപ്പണ്ട്. ഒരു ദിവസം തിരുമേനി കുളി കഴിഞ്ഞു പൂജ ചെയ്യുന്ന സമയം തിരുമേനിയുടെ കുഞ്ഞുണര്‍ന്നു കരഞ്ഞു.

അകത്തുള്ളവരൊക്കെ എന്തോ തിരിക്കിലാവണം. കുഞ്ഞു നിര്‍ത്താതെ കരഞ്ഞിട്ടും ആരും കരച്ചിലടക്കാനെത്തിയില്ല. നമ്പൂതിരിക്ക് ദേഷ്യം വന്നു.

അതിനെ അടക്കാനാരുമില്ലേ എന്ന് തന്ത്രി ഉച്ചത്തില്‍ വിളിച്ചു ചോദിച്ചു. ഏതാനും നിമിഷങ്ങള്‍ക്കകം കുഞ്ഞിന്റെ കരച്ചില്‍ നിന്നു.

പൂജ കഴിഞ്ഞ് പുറത്തിറങ്ങിയ നമ്പൂതിരി നടുങ്ങിപ്പോയി. ഇല്ലപ്പറമ്പിലെ കാഞ്ഞിര മരത്തില്‍ കൊന്നു കെട്ടിത്തൂക്കിയ നിലയില്‍ കുഞ്ഞിന്റെ ശരീരം.

കൈകര ഭഗവതിയുടെ സ്ഥാനത്തെ പള്ളിവാളില്‍ നിന്നും ഇറ്റുവീഴുന്ന ചോരത്തുള്ളികള്‍ കണ്ട താന്ത്രികൾക്ക് കാര്യം മനസ്സിലായി.

അടക്കാനാരുമില്ലേ എന്ന തന്റെ ചോദ്യത്തിന്റെ ഉത്തരം ഭഗവതി നടപ്പിലാക്കിയിരിക്കുന്നു. കുഞ്ഞിനെ കൊന്ന് കരച്ചില്‍ അടക്കിയിരിക്കുന്നു.

കോപത്താല്‍ സമനില തെറ്റിയ നമ്പൂതിരി ഭഗവതിയുടെ ശക്തി കുടിയിരിക്കുന്ന വാളു വലിച്ചെടുത്ത് തൊട്ടരിരികലെ പുഴയിലേക്കെറിഞ്ഞു.

അഭി പിന്നെ ഒന്നും മിണ്ടിയില്ല. എത്തിച്ചേർന്ന സ്ഥലം അത്ര കണ്ട് നിസ്സാരമല്ല എന്ന് അയാൾക്ക്‌ തോന്നി.

അവർ ഇല്ലത്തിന്റെ മുറ്റത്തെത്തി. കാടും വള്ളികളും നിറഞ്ഞ മുറ്റം നിറയെ കരികിലകൾ വീണു കിടക്കുന്നു. ചുറ്റും ഇരുട്ട് പരന്നത് പോലെ, ഒറ്റ നോട്ടത്തിൽ ആൾപ്പാർപ്പില്ലാ എന്ന് തോന്നും.

ഇതൊരു ഭാർഗ്ഗവീ നിലയം പോലുണ്ടല്ലോ,അഭി അത് പറഞ്ഞു തീർക്കും മുൻപേ കിഴക്കൻ കാറ്റ് ആഞ്ഞു വീശാൻ തുടങ്ങി.