രഹസ്യം 2124

മറുപടി പറഞ്ഞതോടെ ബാലകൃഷ്ണനാശ്വാസമായി. പരിഭ്രമം മാറി. ഏതായാലും എന്നെയറിയുന്ന ഒരാളിവിടെയുണ്ടല്ലോ!

ബാലകൃഷ്ണന്‍റെ വേഷം കണ്ട് ഒന്നു മടിച്ചെങ്കിലും മുതലാളി പറഞ്ഞു:

“കയറിയിരിയ്ക്കൂ.”

അവന്‍ പൂമുഖത്തേയ്ക്കു കയറി നിന്നു. മുതലാളി നിര്‍ബന്ധിച്ചിട്ടും ഇരുന്നില്ല. വീടിനേയും വീട്ടുകാരേയും പറ്റി മുതലാളി അന്വേഷിച്ചു. ജോളിയെ എങ്ങനെ പരിചയമുണ്ടെന്നു ചോദിച്ചു.

പക്ഷെ ബാലകൃഷ്ണന്‍ ആഗ്രഹിച്ച ചോദ്യം മാത്രം ഉണ്ടായില്ല.

ആ ചോദ്യം ചോദിച്ചതു ജോളിയായിരുന്നു. ഒരു കപ്പു ചായയും കൊണ്ടാണവള്‍ വന്നത്. മുഖത്തെ ദുഃഖഭാവമെല്ലാം മാറിയിരുന്നു. ചായ ബാലകൃഷ്ണനു കൊടുത്തിട്ട് അവള്‍ പറഞ്ഞു:

“ബാലകൃഷ്ണന്‍ കണ്ടതു കൊണ്ട് മോന്‍ രക്ഷപ്പെട്ടു.”

മറുപടിയായി ഒന്നു പുഞ്ചിരിയ്ക്കാന്‍ പോലും അവനു കഴിഞ്ഞില്ല. അവനെ ആകെയൊന്നു നോക്കിയിട്ട് അവള്‍ ചോദിച്ചു:

“ഇപ്പോളെന്തു ചെയ്യുന്നു?”

ആഗ്രഹിച്ച ചോദ്യം. പക്ഷെ അത് അവളില്‍ നിന്നു വന്നപ്പോള്‍ താന്‍ അവിടെ വളരെ ചെറുതായ പോലെ അവനു തോന്നി. മടിച്ചുമടിച്ചാണ് മറുപടി പറഞ്ഞത്‌:

“എന്തെങ്കിലും ഒരു ജോലിയ്ക്കു ശ്രമിയ്ക്കുന്നു.”

കൂടുതലൊന്നും പറയാന്‍ അവനു കഴിഞ്ഞില്ല. പക്ഷെ അവന്‍റെ വേഷവും ദൈന്യത കലര്‍ന്ന മുഖഭാവവും തളര്‍ന്ന കണ്ണുകളും അവള്‍ക്ക് എല്ലാം വ്യക്തമാക്കിക്കൊടുത്തു.

അവരെ രണ്ടുപേരേയും ശ്രദ്ധിച്ചു കൊണ്ടിരുന്ന മുതലാളിയുടെ നേരേ അവള്‍ നോക്കി. അച്ഛന്‍റേയും മകളുടേയും കണ്ണുകള്‍ സംസാരിച്ചു.

മുതലാളി പെട്ടെന്നു അകത്തേയ്ക്കു പോയിട്ടു തിരിച്ചു വന്നു. ഒരു വിസിറ്റിംഗ് കാര്‍ഡിന്‍റെ പുറത്ത്‌ ഒപ്പിട്ട് അവനെ ഏല്‍പ്പിച്ചിട്ടു പറഞ്ഞു:

“നാളെ കമ്പനിയില്‍ വന്ന്‍ എന്നെ കാണണം. ഈ കാര്‍ഡു കാണിച്ചാല്‍ അവര്‍ അകത്തുവിടും. എന്തെങ്കിലും ശരിയാക്കാം.”

ജീവിതത്തില്‍ ഇത്രയും സന്തോഷകരമായ വാക്കുകള്‍ ഒരിയ്ക്കലും കേട്ടിട്ടില്ലെന്നു ബാലകൃഷ്ണനു തോന്നി. ഇനി ഇവിടെ നില്‍ക്കാന്‍ വയ്യ. ഇവരുടെ മുഖത്തു നോക്കാന്‍ ധൈര്യമില്ല.

ചായക്കപ്പ് ജോളിയെ ഏല്‍പ്പിച്ചു. രണ്ടു പേരോടും യാത്ര ചോദിച്ചപ്പോള്‍ ജോളി പറഞ്ഞു:

“നാളെത്തന്നെ കമ്പനിയില്‍ പോകണം. മറക്കരുത്.”

അവന്‍ ഗേറ്റിനു നേരേ നടന്നു. അച്ഛനും മകളും തന്നെത്തന്നെ നോക്കിയിരിയ്ക്കുന്നതായി അവന് അനുഭവപ്പെട്ടു. ജോലി കിട്ടിയ വിവരം വീട്ടിലറിയിയ്ക്കാനായി തിരക്കിട്ടു നടന്നപ്പോള്‍ അവന്‍ ഓര്‍ത്തു:

‘ഇനി എനിയ്ക്കും ഒരു രഹസ്യം സൂക്ഷിയ്ക്കാനുണ്ട്. എനിയ്ക്കു ജോലി കിട്ടിയതിന്‍റെ രഹസ്യം.”