പുനഃർജ്ജനി – 2 7

Punarjani Part 2 by Akhilesh Parameswar

Previous Part

ആളനക്കമില്ല എന്നുറപ്പായതും ഇലച്ചാർത്തുകൾക്കിടയിലൂടെ ആ രൂപം പതിയെ മുൻപോട്ട് നീങ്ങി.

അമ്പിളിക്കല മേഘ പാളികൾക്കിടയിലൂടെ ഒളിഞ്ഞു നോക്കി.മങ്ങിയ വെള്ളി വെളിച്ചം മരച്ചില്ലയിൽ തട്ടിച്ചിതറി.

മതിലിന് മുകളിരുന്ന കരിമ്പടം പുതച്ച രൂപം ഒരു പ്രത്യേക ശബ്ദമുയർത്തി.

പ്രതിവചനം പോലെ ഇരുളിൽ ഒരു പന്തം തെളിയുകയും അതേ വേഗത്തിൽ അണയുകയും ചെയ്തു.

ആഗതൻ ഇടം കാൽ മതിലിൽ ഉറപ്പിച്ച് പുലിയെപ്പോലെ കുതിച്ചുയർന്നു.

വായുവിൽ മൂന്ന് മലക്കം മറിഞ്ഞുകൊണ്ട് അയാൾ കിഴക്കേതിൽ തറവാടിന്റെ നടുമുറ്റത്ത് കാലുറപ്പിച്ചു.

മഠത്തിൽ ഗുരുക്കൾ കാട്ടിയ വഴിയേ അയാൾ മുൻപോട്ട് നടന്നു.ഇരുവരും തറവാടിന്റെ ഇടനാഴി കടന്ന് പണിക്കരുടെ അറവാതിൽക്കലെത്തി.

ആ വരവ് മുൻകൂട്ടി കണ്ടത് പോലെ അവർക്ക് മുൻപിൽ വാതിൽ മലർക്കെ തുറക്കപ്പെട്ടു.

ആഗതൻ അകത്തേക്ക് പ്രവേശിച്ചതും വാതിലടഞ്ഞു. ഗുരുക്കൾ ജാഗരൂഗനായി പുറത്ത് കാവൽ നിന്നു.

അകത്തേക്ക് പോയത് കോട്ടയം സ്വരൂപത്തിലെ ചാരന്മാരിൽ ഒരാൾ.കാര്യഗൗരവമുള്ള എന്തോ വാർത്തയാണെന്ന് ഉറപ്പ്.

ഗുരുക്കൾ അരയിൽ ചുറ്റി ഉറപ്പിച്ചിരുന്ന ഉറുമിയിൽ ഒന്ന് തൊട്ടു.

എന്തോ വലിയ വിപത്ത് വരാൻ പോകുന്നു എന്ന തോന്നൽ അയാളുടെ മനസ്സിനെ മഥിച്ചു.

എന്താണ് പുതിയ വൃത്താന്തം?പണിക്കർ ചാരനെ നോക്കി. അയാളുടെ മുഖത്ത് ആകെയൊരു ഭയം നിറഞ്ഞത് പണിക്കർ ശ്രദ്ധിച്ചു.

തമ്പുരാൻ കിഴക്കൻ മല കടന്ന കാറ്റ് മലബാർ കടന്ന് നമ്മുടെ ദേശത്തേക്ക് വരുന്നു.

കോലത്ത് നാട്ടിലെ കാനത്തൂർ ദേശത്തെ ഒട്ടുമിക്ക ക്ഷേത്രങ്ങളും ആക്രമിക്കപ്പെടുകയും കൊള്ളയടിക്കപ്പെടുകയും ചെയ്തിരിക്കുന്നു.

രാജരാജേശ്വരവും പെരുവനവും തകർക്കപ്പെട്ടു.രാജരാജേശ്വര ക്ഷേത്രത്തിന് കൊള്ളി വയ്ക്കപ്പെടുകയും ചെയ്തിട്ടുണ്ട്.

കിട്ടിയ വിവരമനുസരിച്ച് അവർ പന്തീരായിരം പടയുണ്ട്. വെടിക്കോപ്പുകൾ യഥേഷ്ടം.

അധികം വൈകാതെ അവർ ഇവിടെയും…അയാൾ പാതിയിൽ നിർത്തി.

പണിക്കരുടെ നെറ്റിയിൽ വിയർപ്പു പൊടിഞ്ഞു.കണ്ണുകൾ ചുരുങ്ങി. വിജയാദ്രി പെരുമാളേ കൈ വിടല്ലേ.അയാൾ നെഞ്ചിൽ കൈ വച്ച് പ്രാർത്ഥിച്ചു.

മ്മ്.മടങ്ങിക്കോളു.പണിക്കർ ചാരനെ മടക്കി അയച്ച് ഗുരുക്കളെ അകത്തേക്ക് വിളിച്ചു.

പണിക്കരുടെ മുഖഭാവത്തിൽ നിന്ന് തന്നെ വിഷയം അതീവ ഗൗരവതരമെന്ന് ഗുരുക്കൾക്ക് ഉറപ്പായി.

ഗുരുക്കളെ നാം ഭയന്നത് പോലെ തന്നെ സംഭവിച്ചിരിക്കുന്നു.ഒരു പടയൊരുക്കത്തിന് സമയമായി.

ഗുരുക്കളുടെ മുഖം വികസിച്ചു. പണിക്കർ അദ്ദേഹം കല്പിക്കേണ്ട താമസം.ഞാനും എന്റെ കുട്ടികളും എപ്പോഴും തയ്യാറാണ്.

1 Comment

  1. ആകാംഷയോടെ വായിച്ചതാ പകുതിക്കു നിർത്തി

Comments are closed.