വെള്ളമടിച്ച് കഴപ്പ് കയറുമ്പോൾ പെണ്ണിന്റെ ദേഹത്ത് കൈ വയ്ക്കുന്നതാണോടാ അബദ്ധം. പണിക്കർ കലി കൊണ്ട് വിറച്ചു.
ആർക്കുമാർക്കും ഒന്നും മിണ്ടാനുണ്ടായിരുന്നില്ല.പെണ്ണിനോടും കുരുന്നിനോടും വൃദ്ധജനത്തോടും അനീതി കാട്ടുന്നത് ശിവശങ്കര പണിക്കർക്ക് അംഗീകരിക്കാൻ സാധിക്കുന്ന ഒന്നല്ല.അത് വിജയാദ്രി ദേശവാസികൾക്ക് ഒന്നടങ്കം അറിയുന്നതുമാണ്.
അമ്പുവിന്റെ അനീതി അവന്റെ ഭാര്യ കുയിലിയിൽ നിന്നറിഞ്ഞതും പണിക്കരുടെ ഉള്ളിൽ അമ്പുവിനെ കൊല്ലാനുള്ള ദേഷ്യമായിരുന്നു.
അതിന്റെ മൂർത്തിമത് ഭാവമാണ് പാടവരമ്പിൽ അരങ്ങേറിയത് എന്ന സത്യം എല്ലാവർക്കും വ്യക്തമായി.
തിരികെ വണ്ടിയിലേക്ക് കയറുമ്പോൾ പണിക്കർ കാര്യസ്ഥനെ നോക്കി,കണാരേട്ടാ ഇവന് ഇന്ന് നെല്ല് കൊടുക്കേണ്ട.
കാര്യസ്ഥൻ കണാരപിള്ള പണിക്കരുടെ ആജ്ജ ശിരസ്സാ വഹിച്ചു.
പക്ഷേ,ആ വാക്കുകൾ ഇടിത്തീ പോലെ അമ്പുവിന്റെ നെഞ്ചിൽ പതിച്ചു.
പണി കഴിഞ്ഞു പോകുമ്പോൾ ഒരു പിടി നെൽക്കറ്റ കിട്ടും.ഇന്നത് നൽകേണ്ട എന്ന് തമ്പ്രാന്റെ ആജ്ജ.
നെല്ല് കിട്ടിയില്ലെങ്കിൽ കുടുംബം പട്ടിണി.അമ്പുവിന് തല പെരുക്കും പോലെ തോന്നി.
അവൻ ദയനീയമായി പണിക്കരെ നോക്കി.എന്നാൽ അത് കാണാത്ത ഭാവത്തിൽ പണിക്കർ വണ്ടിയിലേക്ക് കയറി.
മുൻപോട്ട് നീങ്ങിയ വണ്ടിയിൽ നിന്നും തല പുറത്തിട്ട് പണിക്കർ അമ്പുവിനെ നോക്കി.
ഡാ,പണി കഴിഞ്ഞ് തറവാട്ടിലേക്ക് വാ,അടുക്കളപ്പുരയിൽ ചെന്ന് ഒരു പറയ്ക്ക് നെല്ലും അതിനൊത്ത് കറി വകയും വാങ്ങിച്ചോ.
വയറ് നിറഞ്ഞു നിൽക്കുന്ന പെണ്ണല്ലേ,പുതു നെല്ല് പുഴുങ്ങി കുത്തി വല്ലായ്മ വേണ്ടാ.
അമ്പുവിന്റെ കണ്ണുകൾ നിറഞ്ഞൊഴുകി.അടി കിട്ടിയ വേദന കൊണ്ടല്ല തന്റെ പൊന്നു തമ്പുരാന്റെ നല്ല മനസ്സ് കണ്ടുള്ള സന്തോഷക്കണ്ണുനീർ.
അമ്പുവിനിത് ആദ്യത്തെ അനുഭവമല്ല.ഒരിക്കൽ പാടത്തെ പണി കഴിഞ്ഞ് കിഴക്കേതിൽ തറവാടിന്റെ കളപ്പുര മുറ്റത്ത് കുഴി കുത്തി ചേമ്പില വച്ചതേ അവനോർമ്മയുള്ളു.
അടി വീണത് കവിളിലാണെങ്കിലും വേദനയറിഞ്ഞില്ല.ഒരുതരം മരവിപ്പ്. അടിക്ക് പിറകെ കാതടപ്പിക്കുന്ന തെറിയും.
കള്ള #@%&*#% നിന്നോട് പറഞ്ഞിട്ടില്ലേ മണ്ണിൽ ഇലവച്ചുണ്ണരുതെന്ന്.
ഇനിയൊരിക്കൽ കൂടി ഇത് കണ്ടാൽ അന്ന് നിന്റെ അവസാനമാണെന്ന് കൂട്ടിക്കോ.
കിഴക്കേതിൽ തറവാട്ടുകാർ അങ്ങനെയാണ്,ആദ്യം തല്ലും പിന്നെ തലോടും.
ശിവശങ്കര പണിക്കരുടെ കുതിര വണ്ടി വെന്നിമല കോട്ട കടന്ന് കിഴക്കേതിൽ തറവാടിന്റെ പടിപ്പുര മുറ്റത്ത് നിന്നു.