മഹാരാജാവ് തിരുമനസ്സ് കൊണ്ട് പട്ടും പട വാളും നൽകി പണിക്കർ സ്ഥാനം കൊണ്ട് അധികാരമുറപ്പിച്ച നായർ കുടുംബത്തിലെ വല്ല്യ കാരണവർ ശിവശങ്കര പണിക്കർ.
ഉദയ സൂര്യനെക്കാൾ ശോഭയുള്ള ആ തിരുവദനം കണ്ട് പ്രകൃതി പോലും നിശ്ചലമായി നിന്നു.
പാടത്തിൽ കൊയ്തു നിന്ന അടിയാത്തി പെണ്ണുങ്ങൾ ഭയഭക്തി ബഹുമാനത്തോടെ കറ്റക്കെട്ടുകൾക്ക് പിന്നിൽ ഒളിച്ചു.
അമ്പുവടക്കമുള്ള ആണുങ്ങൾ തലയിൽ കെട്ടിയ തോർത്തഴിച്ച് വാ മൂടി ഓച്ഛാനിച്ച് നിന്നു.
അമ്പുവിനെ കണ്ടതും ശിവശങ്കര പണിക്കരുടെ കണ്ണിൽ കോപം ആളിക്കത്തി.ഇവിടെ വാടാ, പണിക്കർ അമ്പുവിനെ കൈ മാടി വിളിച്ചു.
അമ്പുവിന്റെ ഉള്ള് കിടുങ്ങി.താൻ ഭയന്നത് പോലെ തന്നെ സംഭവിച്ചിരിക്കുന്നു.
അവനെ വീണ്ടും വെട്ടി വിറയ്ക്കാൻ തുടങ്ങി.തൊഴുതു പിടിച്ച കൈയ്യുമായി അമ്പു ഒരടി അകലത്തിൽ പണിക്കർക്കരികിൽ നിന്നു.
ഇങ്ങ് അടുത്തേക്ക് വാടാ,പണിക്കർ ശബ്ദമുയർത്തി. അമ്പുവിന് കൈ കാൽ വിറച്ചിട്ട് അനങ്ങാൻ പറ്റിയില്ല.
വേണ്ടമ്പ്രാ,അടിയനിവിടെ നിന്നോളാ,അടുത്തേക്ക് വന്നാൽ അശുദ്ധാവും.ഏനിക്ക് പേടിയാ.
നിന്നോട് അടുത്തേക്ക് വരാനാണ് പറഞ്ഞത്.പണിക്കരുടെ മുഖം കൂടുതൽ കനത്തു.
അമ്പു വിറപൂണ്ട് അല്പം കൂടി മുൻപോട്ട് നീങ്ങി നിന്നു.പാടത്ത് കാഴ്ച്ച കണ്ട് നിന്നവർ എന്തൊക്കെയോ അടക്കം പറഞ്ഞു.
മ്മ്,നിന്റെ പെണ്ണിന് ഇതിപ്പോ എത്രയാ മാസം?പണിക്കർ അമ്പുവിന്റെ കണ്ണുകളിലേക്ക് തറച്ചു നോക്കി.
അഞ്ച്,പണിക്കരുടെ കൂർത്ത നോട്ടം താങ്ങാൻ സാധിക്കാതെ മുഖം താഴ്ത്തി അമ്പു മറുപടി പറഞ്ഞു.
നേരെ നോക്കെടാ,പണിക്കരുടെ ആജ്ഞ കേട്ട് തല ഉയർത്തിയതും അമ്പുവിന്റെ മുഖത്ത് പണിക്കരുടെ കൈ പതിഞ്ഞതും ഒരുമിച്ച്.
അമ്മേ,എന്ന വിളിയോടെ അവൻ തല കുടഞ്ഞു.വായിൽ നിന്നും രക്തം തെറിച്ചു.
നായിന്റെ മോനെ മാസം അഞ്ച് തികഞ്ഞ പെണ്ണിന്റെ ദേഹത്താണോ നീ കൈ തരിപ്പ് തീർക്കുന്നത്.
പണിക്കർ പല്ല് ഞെരിച്ചു കൊണ്ട് അമ്പുവിന്റെ നെടുംപുറത്ത് കാലുയർത്തി ഒരു ചവിട്ട്.
കനത്ത ആഘാതത്തിൽ അവൻ പാടത്തിലേക്ക് തെറിച്ചു വീണു. വായിൽ നിറഞ്ഞ മണ്ണ് പുറത്തേക്ക് തുപ്പി അവൻ പണിക്കരുടെ നേരെ കൈ കൂപ്പി.തല്ലല്ലേ തമ്പ്രാ,ഏനിക്ക് ഒരബദ്ധം…
ഭ്ഫാ,ചെറ്റേ..അബദ്ധമോ.