രാവിലെ കുടിച്ച പനങ്കള്ള് ആവിയായിപ്പോയി.
പൊടിപാറിച്ച് വന്ന ഒറ്റക്കുതിരയെ പൂട്ടിയ വണ്ടി പാടവരമ്പിൽ നിന്നു.
ദീർഘയാത്രയുടെ ആലസ്യമേതുമില്ലാതെ ചേതക് എന്ന വെള്ളക്കുതിര അടുത്ത ആജ്ജ കാത്ത് അക്ഷമനായി നിന്നു.
വാസ്തവത്തിൽ ചിത്തോർ ഭരിച്ച രജപുത്ര രാജൻ റാണാ പ്രതാപ് അമര സിംഹന്റെ കരുത്തനായ കുതിരയുടെ പേരാണ് ചേതക് എന്നത്.
ദേശ സഞ്ചാരികളിൽ നിന്നും റാണാ പ്രതാപിനെക്കുറിച്ചും ചേതകിനെക്കുറിച്ചും അറിഞ്ഞപ്പോൾ തന്നെ പണിക്കർ ഉറപ്പിച്ചു തന്റെ കുതിരയ്ക്കും ആ പേര് മതി.
പാണ്ഡ്യ രാജാവായ വീരപാണ്ഡ്യ വേലവർമ്മൻ വിജയാദ്രി സന്ദർശിച്ച സമയം കിഴക്കേതിലെ ആദ്യ പണിക്കർക്ക് രണ്ട് വെള്ളക്കുതിരകളെ നൽകിയിരുന്നു.
അവയുടെ തലമുറയിൽ പെട്ട വാജി ശ്രേഷ്ഠന് ആഗ്രഹം പോലെ ശിവശങ്കര പണിക്കർ ചേതക് എന്ന് പേരിട്ടു.
കുതിരയെ തെളിക്കുന്നത് കിഴക്കേതിൽ തറവാട്ടിലെ വിശ്വസ്തൻ വീരമണി.
കരിവീട്ടി കാതലിൽ കടഞ്ഞ പോലെ ശരീരമുള്ള വീരമണി അഞ്ചാമത്തെ വയസ്സിലാണ് കിഴക്കേതിൽ എത്തുന്നത്.
അന്ന് മുതൽ ഇന്ന് വരെയും ഊണിലും ഉറക്കത്തിലും അവൻ ആ തറവാടിന് കാവലാണ്.
കാഴ്ച്ചയിൽ മുപ്പതിനോട് അടുത്ത പ്രായം തോന്നിക്കും.ഇടതൂർന്ന താടിയും കട്ടി മീശയും.ഒറ്റമുണ്ടും തോളിലൊരു തോർത്തുമാണ് വേഷം.
രാജ്യം വിസ്തൃതമാക്കുക എന്ന ലക്ഷ്യവുമായി മാർത്താണ്ഡവർമ്മ മഹാരാജാവ് പടയോട്ടം നടത്തിയതോടെ തെക്കുംകൂർ തിരുവിതാംകൂർ നാട്ടുരാജ്യത്തിന്റെ ഭാഗമായി.
കൊട്ടാരവും തളിയിൽ കോട്ടയും തകർത്തെറിഞ്ഞ മാർത്താണ്ഡവർമ്മ വിജയാദ്രിയുടെ സർവ്വാധികാരം കിഴക്കേതിൽ തറവാടിന് തന്നെ വിട്ട് നൽകി.
തെക്കുംകൂർ രാജാക്കന്മാരുടെ ഭരണം നിലച്ചെങ്കിലും കിഴക്കേതിൽ തറവാടിന്റെ പ്രതാപം ഇല്ലാതാക്കാൻ മാർത്താണ്ഡവർമ്മ ആഗ്രഹിച്ചില്ല.
ചുരുക്കത്തിൽ തിരുവിതാംകൂറിന്റെയും വടക്കുംകൂറിന്റെയും കോട്ടയം രാജാക്കന്മാരുടെയും ഇഷ്ട്ടക്കാരും അതിലുപരി കൈയ്യാളുകളുമാണ് കിഴക്കേതിൽ തറവാട്ടുകാർ.
വണ്ടിയുടെ പിന്നിൽ നിന്നും ഒരാൾ പതിയെ പുറത്തേക്കിറങ്ങി. വെൺതേക്ക് തോൽക്കുന്ന ശരീര പ്രകൃതിയുള്ള ഒരു ആരോഗ്യ ദൃഢഗാത്രൻ.
വശം ചേർത്ത് കെട്ടിയ മുടിയും, ഒതുക്കി വെട്ടിയ താടിയും,പിരിച്ചു വച്ച കൊമ്പൻ മീശയുമുള്ള ഒരാൾ.
കഴുത്തിൽ പുലി നഖ മാലയും കളരി ഭഗവതിയുടെ ചിത്ര മുദ്രയുള്ള നാഗ മാലയും തൂങ്ങുന്നു.
നെറ്റിയിൽ നീട്ടി വരച്ച ചന്ദന, കുങ്കുമ,ഭസ്മ കൂട്ടുകൾ. കൈകളിൽ അധികാര മുദ്രയുള്ള മോതിരവും വളയും.
തെക്കുംകൂർ വടക്കുംകൂർ ദേശത്തിൽ പങ്കിട്ട് നിന്നിരുന്ന വെന്നിമലയെന്ന വിജയാദ്രി ദേശത്തിന്റെ സർവ്വാധികാരി.