പുനഃർജ്ജനി – 1 11

Punarjani Part 1 by Akhilesh Parameswar

കേരള ദേശം നിലവിൽ വരുന്നതിന് മുൻപ് നാട്ടുരാജ്യങ്ങളായിരുന്ന മലയാള മണ്ണ് ചേര സാമ്രാജ്യം മുതൽ പടിഞ്ഞാറ് സമുദ്രം വരെയും നീണ്ട് കിടന്നു.

വടക്കുംകൂറും തെക്കുംകൂറും കോലത്ത് നാടും തിരുക്കൊച്ചിയും തിരുവിതാംകൂറുമായി വിഭജിച്ച് നിന്ന നാട്ടുരാജ്യങ്ങളിൽ നായർ കുടുംബങ്ങളെ അധികാരം നൽകി നാടുവാഴികളാക്കിയിരുന്നു.

ചോര കൊണ്ട് കണക്ക് വീട്ടുന്നവർ നാടുവാണ കാലം.ഗൗണാർ നദി പലവുരു രുധിരം വീണ് ചുവന്നു.

തറവാടുകളും നാട്ടുരാജ്യങ്ങളും തമ്മിൽ ദുരഭിമാനത്തിന്റെയും പദവിയുടെയും അംഗ ബലത്തിന്റെയും പേരിൽ നടത്തിയ മാറ്റുരച്ചിലുകൾ യുദ്ധങ്ങൾക്ക് തുടക്കം കുറിച്ചു.

വാക്കിന് വാള് കൊണ്ട് മറുപടി പറഞ്ഞവർ ദേശത്തെ ചുടുകാടാക്കി. കച്ചവടത്തിന് വന്ന പറങ്കികൾ അവസരം മുതലാക്കി നാട് ഭരിക്കാൻ തുടങ്ങി.

കോട്ടയം സ്വരൂപത്തിന് കീഴിലെ വിജയാദ്രി(വെന്നിമല) പുലർകാല ശോഭയിൽ നിറഞ്ഞു.

ഉദയാർക്കന്റെ അരുണ ശോഭയിൽ മുങ്ങിക്കുളിച്ച നെൽപ്പാടങ്ങൾ പത്തര മാറ്റ് പൊന്ന് പോലെ വിളങ്ങി.

മുണ്ടകനും,ചെങ്കണ്ണനുമൊക്കെ കൊയ്ത്തിന് പാകമായിരിക്കുന്നു. കണ്ണെത്താ ദൂരം പരന്ന് കിടക്കുന്ന പാടവരമ്പിൽ കൊയ്തെടുത്ത കറ്റ ഒതുക്കി വയ്ക്കുമ്പോൾ ചിരുത ഒരു രഹസ്യം പോലെ പറയിയോട് പറഞ്ഞു,വല്യമ്പ്രാൻ വന്നിട്ടുണ്ട്.

പറഞ്ഞത് രഹസ്യമോ പരസ്യമോ,അരികിൽ നിന്ന അമ്പുവിന്റെ നെഞ്ചിൽ വെള്ളിടി വെട്ടി.

നീയ്യ് വെറുതെ പറഞ്ഞെ ആണോ ചിരുതേ,അമ്പുവിന് അത്രയും വിശ്വാസം വന്നില്ല.

ഏനിക്ക് കള്ളം പറഞ്ഞിട്ട് എന്ത് കിട്ടാനാ.ചിരുതയ്ക്ക് അമ്പുവിന്റെ ചോദ്യം അത്ര കണ്ട് രസിച്ചില്ല.

അമ്പു വീണ്ടുമെന്തോ ചോദിക്കാൻ വാ തുറന്നതും ആരോ വിളിച്ചു പറഞ്ഞു.

ദാ,തമ്പ്രാൻ വരണ്,അമ്പു തല വെട്ടിച്ച് നോക്കി.കൊയ്തെടുത്ത നെൽക്കറ്റ അവന്റെ കൈയ്യിൽ നിന്നും താഴെ വീണു.

പാടവരമ്പിലൂടെ പൊടി പറത്തി ഒരു കുതിര വണ്ടി പാഞ്ഞു വരുന്നു. വിജയാദ്രി ദേശത്തിന്റെ രക്ഷകൻ വരുന്നു.

മേഘവർണ്ണമുള്ള ലക്ഷണമൊത്ത കുതിര,അവന്റെ ഇടതൂർന്ന കുഞ്ചി രോമങ്ങൾ കാറ്റിൽ ഇളകിപ്പറക്കുന്നു.

അമ്പു ആലില പോലെ വിറയ്ക്കാൻ തുടങ്ങി.