പോലീസ് ഡയറി 79

സി ഐ ആലോചനയോടെ തലയാട്ടി.

“രാത്രി വീടിനുള്ളില്‍ വേറെ ആരെങ്കിലും ഉള്ളതായി നിങ്ങളില്‍ ആര്‍ക്കെങ്കിലും തോന്നിയിരുന്നോ?”

നാല് മുഖങ്ങളിലും മാറിമാറി നോക്കിക്കൊണ്ട് സി ഐ ചോദിച്ചു. ആരും മറുപടി നല്‍കിയില്ല.

“വീടിന്റെ മുന്‍പില്‍ പാര്‍ട്ടി നടക്കുന്ന സമയത്ത്, മുന്‍വാതില്‍ ന്യായമായും തുറന്നാകും കിടക്കുക. പക്ഷെ പിന്നിലെ വാതില്‍ തുറന്നിടണ്ട കാര്യമില്ലല്ലോ..അത് ആ സമയത്ത് അടഞ്ഞു തന്നെയാണോ കിടന്നിരുന്നത്?” സി ഐ അടുത്ത ചോദ്യം ഉന്നയിച്ചു.

“പിന്‍വാതില്‍ അടച്ചിരുന്നു സര്‍. പക്ഷെ ഗസ്റ്റുകള്‍ ഉള്ളില്‍ കയറി ആരെങ്കിലും തുറന്നുകാണുമോ എന്നറിയില്ല. പത്തുപന്ത്രണ്ടു പേരോളം ഉണ്ടായിരുന്നതല്ലേ” അനിലാണ് അത് പറഞ്ഞത്.
അതിനിടെ പുറത്ത് പരിശോധന നടത്തിയ പോലീസുകാര്‍ ഉള്ളിലെത്തി.

“തുമ്പു വല്ലതും കിട്ടിയോടോ?”
സി ഐ ചോദിച്ചു. പഴംപൊരി വാങ്ങാന്‍ പോയ വണ്ടിയും അപ്പോഴേക്കും എത്തിക്കഴിഞ്ഞിരുന്നു. സി ഐ തല നീട്ടി വെളിയിലേക്ക് നോക്കിയിട്ട് മറ്റേ പോലീസുകാരെ നോക്കി.

“പ്രത്യേകിച്ച് ഒന്നും കിട്ടിയില്ല..പക്ഷെ ഒരു സൈക്കിള്‍ വടക്കേ ഭാഗത്ത് ചാരി വച്ചിട്ട് അത് പോയതിന്റെ പാട് കാണുന്നുണ്ട്” ഒരാള്‍ പറഞ്ഞു.
സി ഐയുടെ കണ്ണുകള്‍ തിളങ്ങി.

“സര്‍ പഴംപൊരി”

വാഴയിലയില്‍ പൊതിഞ്ഞ പഴംപൊരി സി ഐക്ക് നീട്ടിക്കൊണ്ട് അത് വാങ്ങാന്‍ പോയിരുന്ന പോലീസുകാരന്‍ പറഞ്ഞു. സി ഐ ആര്‍ത്തിയോടെ അത് തുറന്ന് ഒരു പഴംപൊരി എടുത്ത് വായിലേക്ക് തിരുകി.

“നിങ്ങക്കൊക്കെ ചായ വേണ്ടേ..ഓരോ ചായ ആയിക്കോ” അടുത്ത പഴംപൊരി എടുക്കുന്നതിനിടെ അനിലിന്റെ ഭാര്യയെ നോക്കി സി ഐ പറഞ്ഞു.

“ചെല്ലടി..എല്ലാവര്‍ക്കും ചായ ഇട്”

“കുറച്ചു വെള്ളം കൂടുതല്‍ വച്ചോ..അളവ് കുറയ്ക്കണ്ട” മൂന്നാമത്തെ പഴംപൊരി തിന്നുന്നതിനിടെ സി ഐ പറഞ്ഞു.

“ഇങ്ങേരു ചായ കുടിച്ചു പഴംപൊരീം തിന്നിട്ടു പോകാനാണോ ഇങ്ങോട്ട് വന്നത്” എന്ന് മനസ്സില്‍ പിറുപിറുത്തുകൊണ്ട് അനിലിന്റെ ഭാര്യ ഉള്ളിലേക്ക് പോയി.

“ഇന്നാ..ഇത് വണ്ടിയിലോട്ടു വയ്ക്ക്…” സി ഐ നാലാമത്തെ പഴംപൊരി എടുത്ത് വായില്‍ തിരുകിയ ശേഷം പൊതി നല്‍കിക്കൊണ്ട് പറഞ്ഞു. പിന്നെ അനിലിനെ നോക്കി.

“ഇവിടെ സൈക്കിള്‍ ഉണ്ടോ?”

“ഉണ്ട്..മോള്‍ക്കും മോനും സൈക്കിള്‍ ഉണ്ട്”

“അത് എവിടെയാണ് വയ്ക്കുന്നത്”

“വീടിന്റെ പിന്നില്‍ ഷെഡ്‌ ഉണ്ട്..അതില്‍”

“ഇന്നലെ വൈകിട്ട് ഇവര്‍ സൈക്കിള്‍ വീടിന്റെ വടക്കുവശത്ത് കൊണ്ടുപോയതായി ഓര്‍മ്മയുണ്ടോ?”

“ഇന്നലെ സൈക്കിള്‍ എടുത്തിട്ടേയില്ല സര്‍.” അനില്‍ കുട്ടികളെ നോക്കിയ ശേഷമാണ് അത് പറഞ്ഞത്.

“അതിഥികളില്‍ ആരെങ്കിലും സൈക്കിളില്‍ വന്നിരുന്നോ?”

“ഇല്ല..കാറിലും സ്കൂട്ടറിലും ഒക്കെയാണ് അവര്‍ വന്നിരുന്നത്”

“അച്ഛാ ഒന്നിങ്ങു വന്നെ” മകള്‍ അച്ഛനെ അടുത്തേക്ക് വിളിച്ചു. അയാള്‍ ചെന്നപ്പോള്‍ അവള്‍ കാതില്‍ എന്തോ മന്ത്രിച്ചു.

“സാറേ ഇവള്‍ ഇന്നലെ സൈക്കിള്‍ എടുത്തിരുന്നു..വീടിനു ചുറ്റും ചുമ്മാ കുറേനേരം ചവിട്ടിയത്രേ..” അയാള്‍ അവള്‍ പറഞ്ഞത് സി ഐയെ ധരിപ്പിച്ചു.

“സാരമില്ല. മോള്‍ സൈക്കിള്‍ എടുത്ത് വടക്ക് വശത്തേക്ക് വന്നെ”

അങ്ങനെ പറഞ്ഞിട്ട് സി ഐ വെളിയിലേക്ക് ഇറങ്ങി; ഒപ്പം പോലീസുകാരും മറ്റുള്ളവരും. സി ഐ സൈക്കിളിന്റെ ടയറിന്റെ പാടുകള്‍ കണ്ടു. അതിനിടെ അനിലിന്റെ മകള്‍ സൈക്കിള്‍ അവിടെ എത്തിച്ചു. സി ഐ അവളുടെ ടയറിന്റെ പാടും മറ്റേ പാടും പരിശോധിച്ചു.

“ഇത് മോള്‍ടെ സൈക്കിളിന്റെ പാടല്ല..പൊക്കോ”

അയാള്‍ അവളോട്‌ പറഞ്ഞു. പെണ്‍കുട്ടി സൈക്കിളുമായി പോയപ്പോള്‍ സി ഐ പോലീസുകാരോട് പറഞ്ഞ് സംശകരമായി കണ്ട പാടിന്റെ അളവും ഫോട്ടോയും എടുത്തു. പിന്നെ വീണ്ടും ഉള്ളിലേക്ക് കയറി.

“കള്ളന്‍ സൈക്കിളില്‍ ആണ് വന്നത്. അവന്റെ ടയറിന്റെ പാട് ഞങ്ങള്‍ക്ക് കിട്ടിയിട്ടുണ്ട്. അതൊരു തുമ്പാണ്. പേടിക്കണ്ട മിസ്റ്റര്‍ അനില്‍..അവനെ ഏറെ വൈകാതെ ഞങ്ങള്‍ പൊക്കും….”

അനിലിന്റെയും മക്കളുടെയും മുഖങ്ങളില്‍ നോക്കി സി ഐ അങ്ങനെ പറഞ്ഞപ്പോള്‍ അയാളുടെ ഭാര്യ ചായകളുമായി എത്തി.

“സര്‍..എനിക്കപ്പോള്‍ ഓര്‍മ്മവരുന്നു..ഇന്നലെ കതക് അടച്ചിട്ടാണ് ഞാന്‍ ഉറങ്ങാന്‍ പോയത്..ചായ ഉണ്ടാക്കുന്ന സമയത്ത് ഞാനത് തന്നെ ആലോചിക്കുകയായിരുന്നു..” സി ഐയ്ക്ക് ചായ നല്‍കിക്കൊണ്ട് അവര്‍ പറഞ്ഞു.

“അത് കഴിഞ്ഞു ഞാന്‍ എന്റെ ഷൂസ് എടുക്കാന്‍ കതക് തുറന്നാരുന്നു അമ്മെ” മകന്‍ അങ്ങനെ പറഞ്ഞപ്പോള്‍ അവര്‍ അതെപ്പറ്റി ഓര്‍ക്കാന്‍ ശ്രമിക്കുന്നത് പോലെ അല്‍പനേരം നിന്നു.

“ചേച്ചി സാറിനു ഗ്ലാസില്‍ ചായ കൊടുക്കണ്ട..മൊന്ത ഇല്ലേ?” അതിനിടെ ഒരു പോലീസുകാരന്‍ പറഞ്ഞു. സി ഐ അയാളെ രൂക്ഷമായി ഒന്ന് നോക്കിയിട്ട് അനിലിന്റെ ഭാര്യയെയും നോക്കി ഇങ്ങനെ പറഞ്ഞു:

“എന്നാപ്പിന്നെ മൊന്തേല്‍ എടുത്തോ…” തുടര്‍ന്ന് അദ്ദേഹം പയ്യനെ നോക്കി “നീ കതക് തുറന്നിട്ട്‌ അടച്ചില്ലേ?”

“അടച്ചു..പക്ഷെ മോളിലെ കൊളുത്ത് മാത്രമേ ഇട്ടുള്ളൂ..”

“അവന്‍ കതക് തുറന്നത് നിങ്ങള്‍ ഓര്‍ക്കുന്നുണ്ടോ?”

“ഇല്ല സര്‍. ഞാന്‍ കതകടച്ചിട്ടു കിടക്കാന്‍ പോയി. നല്ല ക്ഷീണം ഉള്ളത് കൊണ്ട് വേഗം ഉറങ്ങുകയും ചെയ്തു” അനിലിന്റെ ഭാര്യ പറഞ്ഞു.

“അപ്പോള്‍ അവസാനം കതക് ഉപയോഗിച്ചത് ഇവനാണ്..”

5 Comments

  1. Adipoli story !!

  2. അടിപൊളി.. ഒന്നും പറയാൻ ഇല്ല.. തമാശയും സസ്‌പെൻസും എല്ലാം ചേർന്നൊരു ഐറ്റം..

  3. സുദർശനൻ

    നല്ല കഥയാണല്ലോ! ഇഷ്ടമായി.

  4. Bro ethu polle niggal deepthi IPS ne vachu oru story ezhuthamo

  5. Nalla katha

Comments are closed.