ഗയ്‌സ്… നേരെത്തെ പോസ്റ്റ് ചെയ്ത 𝘚𝘢𝘮𝘱𝘭𝘦 𝘱𝘢𝘳𝘵 𝘰𝘧 𝘔𝘺 𝘍𝘪𝘳𝘴𝘵 𝘕𝘰𝘷𝘦𝘭 related part…
നോവലിന്റെ ഒന്നാം അധ്യായത്തിന്റെ Very First Draft ഇവിടെ Post ചെയ്യുകയാണ്…
ᛋᛋᛋᛋᛋᛋᛋᛋᛋᛋᛋᛋᛋᛋᛋᛋᛋᛋᛋᛋᛋᛋᛋᛋᛋᛋᛋᛋᛋᛋᛋᛋᛋᛋ
PIPER – പ്രാരംഭം…
(BEFORE THE BEGINNING)
[ Sample Part ]
1942 മാർച്ച് 03 അർധരാത്രി….
മനസ്സിലപ്പോഴും എന്റെ ലക്ഷ്യങ്ങളിലൊന്ന് ഭാഗികമായി കൈവരിച്ചതിന്റെ ചാരിതാർഥ്യം നിറഞ്ഞു നിന്നിരുന്നെങ്കിലും, ഞാൻ നിർവഹിച്ച കൃത്യമെന്തെന്ന് ഒബർഹെറിന്റെ കരിംചുവപ്പ് കുപ്പായക്കാർ താമസിയാതെ കണ്ടെത്തിയിരിക്കുന്നുവെന്ന തിരിച്ചറിവ് എന്നെ അർധരാത്രിയുടെ മറവിൽ സ്പ്രീ നദിക്കരയിലൂടെ പായാൻ പ്രേരിപ്പിച്ചു.
എങ്ങനെയെങ്കിലും ഇന്ന് അർധരാത്രി, പതിനെട്ടു വർഷങ്ങൾക്ക് ആകാശത്ത് അരങ്ങേറുന്ന സമ്പൂർണ്ണ ചന്ദ്രഗ്രഹണം ആരംഭിക്കുംമുൻപ് താൻ ഒറാനിയൻബർഗിലെ ഷുട്സ്റ്റാഫലിന്റെ രഹസ്യഗവേഷണകേന്ദ്രത്തിൽ നിന്ന് കൈക്കലാക്കിയ ഈ വസ്തുവുമായി ബെർലിൻ നഗരം വിട്ടേമതിയാകൂ.
കനത്ത അന്ധകാരത്തിലൂടെ എന്റെ 1941 മോഡൽ നിംബസ് മോട്ടോർസൈക്കിളിൽ മുന്നോട്ടു പോകവേ, ഞാൻ കുറച്ചുകാലം മുൻപുവരെ ഒബർഹെറിന്റെ പ്രസ്ഥാനത്തിന് വേണ്ടി Defense of Reich കൗൺസിലിലെ അംഗമായി മനസ്സിൽ കാപട്യത്തോടെയും പുറമേ ആത്മാർത്ഥതയോടെയും പ്രവർത്തിച്ചിരുന്ന റീച്ച്സ്റ്റാഗ് കെട്ടിടത്തിന് നേർക്ക് ഒരുനിമിഷം നോക്കി…
അതാ അവിടെനിന്നും അസംഖ്യം കരിംചുവപ്പ് കുപ്പായക്കാർ എന്നെ ലക്ഷ്യമാക്കി മിലിട്ടറി ട്രക്കുകളിൽ പുറത്തേക്ക് വന്നു കൊണ്ടിരിക്കുകയാണ്…!
ഒബർഹെറിന്റെ കരിംചുവപ്പ് കുപ്പായക്കാർ, പ്രത്യക്ഷത്തിൽ നാസി ജർമനിയിലെ ഒരു പ്രബല അർദ്ധസൈനിക വിഭാഗമായിരുന്ന ഷൂട്സ്റ്റാഫലിന്റെ കീഴിലുള്ള മറ്റൊരു ഉപസേനാ വിഭാഗമായിരുന്നുവെങ്കിലും യഥാർഥത്തിൽ അവർ കെയ്‌നിന്റെ കുഴലൂത്തുകാരെന്ന് രഹസ്യ നാമത്തിലറിയപ്പെടുന്ന ജൂഡാസിയന്മാരാണ്.
പഴയ-പുതിയ നിയമങ്ങളിലെ കഥാപാത്രങ്ങളായ കായേനിന്റെയും യൂദാസിന്റെയും യഥാർത്ഥ അനന്തരാനുയായികളെന്നു സ്വയം വിശ്വസിക്കുന്ന ഭ്രാന്തന്മാരാണിവർ.
ഞാനെന്ത് ലക്ഷ്യത്തിനായാണോ ജർമനിയിലെത്തിയത്.. അത് എന്നെപോലെ കണ്ടെത്താനും, ഞാനെന്തിനെയാണോ തടയാൻ ശ്രമിക്കുന്നത്, അത് നടപ്പാക്കാനും ശ്രമിക്കുകയാണവർ.
അനേകം നൂറ്റാണ്ടുകൾക്ക് മുൻപ് ഈ നഗരത്തിൽ വെച്ച് നൂറ്റാണ്ടുകൾ പഴക്കമുള്ള ആ ലക്ഷ്യത്തിലേക്ക് പൂർണമായും നയിക്കുന്ന മാർഗം ലഭിക്കാനായി ഒരു ജർമൻ പണ്ഡിതനായിരുന്ന എന്റെ പൂർവികനെ ചതിയിൽപ്പെടുത്തി തടവിലിട്ട് കണ്ണുകൾ കുത്തിപൊട്ടിച്ചു ഇല്ലാതാക്കുകയും, മാരകമായ മൃഗീയമുറകൾ നൽകി അദ്ദേഹത്തെ കൊന്നുകളയുകയും ചെയ്ത ചെകുത്താന്മാരുടെ സന്തതികളാണിവർ.
“ഇല്ല.. എന്റെ പൂർവികനെപോലെ ഞാനും പിടിക്കപ്പെടുവാൻ പാടില്ല. കെയ്‌നിന്റെ കുഴലൂത്തുകാരുടെ കൈകളിൽ അകപ്പെടുന്നതിലും ഭേദം ആത്മഹത്യയാണ്.”
ഞാൻ അതിവേഗത്തിൽ മോട്ടോർ വാഹനം അവിടെനിന്നും ബെർലിനിലെ അതിപുരാതനമായ സെയിന്റ് പോൾ കത്തീഡ്രലിന്റെ നേർക്ക് വഴിതിരിച്ചുവിട്ടു.
പക്ഷേ ഇപ്പോൾ ഒടുങ്ങാത്ത പകയോടെയും വിദ്ദ്വേഷത്തോടെയും എന്നെ തിരഞ്ഞുകണ്ടെത്തി വേട്ടയാടുവാൻ പിന്തുടർന്നുകൊണ്ടിരുന്ന അവരുടെ ഭീക്ഷണികൾ നിറഞ്ഞ ആക്രോശങ്ങളും, തോക്കുകളുടെ വെടിയൊച്ചകളും വാഹനങ്ങളുടെ മുരൾച്ചയിൽ എന്റെ പിന്നിൽ ഉയർന്നു കേട്ടുതുടങ്ങിയിരിക്കുന്നു.
ഏതാനും നിമിഷങ്ങൾക്കുശേഷം സെയിന്റ് പോൾ കത്തീഡ്രലിന്റെ അടുത്തെത്താറായതും പിന്നിൽ നിന്നൊരു വെടിയൊച്ച കേട്ടതും, മോട്ടോർ സൈക്കിളിന്റെ പിൻ ടയർ പൊട്ടിതകർന്ന് തെരുവ് പാതയിൽ അടിച്ചുവീണതും ഒരുമിച്ചായിരുന്നു.
പള്ളിയുടെ മുന്നിലെ തണുത്ത കല്ലുകളിൽനിന്ന് പിടഞ്ഞെഴുന്നേറ്റ് ധരിച്ചിരുന്ന ട്രഞ്ച് കോട്ടിന്റെ അകത്തെ പോക്കറ്റിൽ കൈയിട്ട് അത് അവിടെത്തന്നെയുണ്ടെന്ന് ഉറപ്പ് വരുത്തികൊണ്ട് ഞാൻ, എന്റെ നേർക്ക് വന്നടുത്തുകൊണ്ടിരുന്ന കവചിത വാഹനങ്ങളിൽ നിന്ന് രക്ഷതേടാനായി പള്ളിയുടെ കൂറ്റൻ ഇരുമ്പുവാതിൽ ഇരുവശത്തേക്കും തള്ളിതുറന്ന് കനത്ത ഇരുളിലേക്ക് കാലെടുത്തു വെച്ചു.
ഞാൻ കടന്നു വന്ന ഇരുമ്പുവാതിൽ തിരികെ തള്ളിനീക്കി അടച്ച ശേഷം ഞാൻ അൾത്താരയിലൂടെ മുന്നോട്ടുകുതിച്ചു.
ചിലപ്പോൾ ഈയൊരു രാത്രി എന്റെ മരണംകൊണ്ട് മഹാപാപികളായ കെയ്നിന്റെ കുഴലൂത്തുകാരെ അൽപ്പകാലമെങ്കിലും ആ മഹാപാതകം നിർവഹിക്കുന്നതിൽ നിന്ന് തടഞ്ഞുനിർത്താൻ സാധിച്ചേക്കാമെന്ന അശുഭപ്രതീക്ഷയുമായി ഞാൻ പള്ളിയുടെ നീണ്ട അൾത്താര കടന്ന് അതിനടുത്തുള്ള ചുറ്റുഗോവണി കയറാൻ തുടങി.
മരണം പോലെ തണുത്തുറഞ്ഞ ആ മാർമോർ മാർബിൾ പടികളിലൂടെ ഇരുളടഞ്ഞ ചന്ദ്രന്റെ നിഴലിൽ കഷ്ടിച്ച് കയറി മുകളിലെത്തിയപ്പോഴേക്കും ആ നരവേട്ടക്കാർ താഴെയുള്ള പള്ളിവാതിൽ തകർത്ത് അകത്തെത്തിയിരുന്നു.
പള്ളിയുടെ പിൻവശത്തെ തുറന്ന മട്ടുപ്പാവിലേക്ക് നയിച്ച ആ ചുറ്റുഗോവണി, പൂർണചന്ദ്രൻ അതിന്റെ സമ്പൂർണഗ്രഹണത്തിലേക്ക് കടക്കാനൊരുങ്ങുന്ന ദൃശ്യമാണ് എനിക്ക് കാട്ടിതന്നത്…!
ആ ഭീതിദമായ ദൃശ്യം ഒരുനിമിഷത്തേക്ക് എന്റെ പാദങ്ങളെ നിശ്ചലമാക്കിയെങ്കിലും താഴെനിന്നും അടുത്തടുത്തു വന്നുകൊണ്ടിരുന്ന ബൂട്ടിന്റെയും ഇരുമ്പിന്റെയും ശബ്‌ദങ്ങൾ, കാതുകളിൽ പ്രതിധ്വനിച്ചതോടെ, എന്തോ അകാരണമായൊരു ഉൾപ്രേരണയാൽ ഞാൻ തൊടിയിടയിൽ പള്ളിയുടെ മേൽകുരയുടെ മുകളിലെ പടുകൂറ്റൻ താഴികക്കുടം ലക്ഷ്യമാക്കി നീങ്ങി.
ശേഷം, പള്ളിയുടെ തുറന്ന മട്ടുപ്പാവിൽനിന്ന് മേൽക്കൂരയിലേക്ക് നീളുന്ന ചെകുത്തായ കരിങ്കൽ ഭിത്തിയിൽ കൃത്യമായ വിന്യാസത്തിൽ പുറത്തേക്ക് തള്ളിനിൽക്കുന്ന കരിങ്കൽ പാളികളിലൂടെ മുതുക് വളച്ചുകൊണ്ട് ഞാൻ മുകളിലേക്ക് ഏന്തിവലിഞ്ഞു കയറികൊണ്ടിരുന്നു.
അപ്പോഴേക്കും അവർ മട്ടുപ്പാവിലേക്ക് ഉരച്ചുകയറിയിരുന്നു…
ഇനിയെന്താണ് സംഭവിക്കാൻ പോകുന്നതെന്ന് എനിക്കോ അവർക്കോ അറിയില്ല… കരിങ്കല്ലുകളിൽ ചവിട്ടിച്ചവിട്ടി മുകളിലേക്ക് ഉയർന്നു പോകവേ ഞാൻ ശിരസ്സ് പതിയെ പിന്നിലേക്ക് തിരിച്ച് താഴേക്ക് നോക്കി.
അവിശ്വാസവും, വെറുപ്പും, ക്രോധവും കലർന്ന നൂറുകണക്കിന് മിഴികൾ കൈയിലെ ബയനെറ്റുകൾ ചൂണ്ടിക്കൊണ്ട് എന്നെ തുറിച്ചുനോക്കിക്കൊണ്ടിരുന്നു..
“നീയൊരു ഭീരുവായ രാജ്യദ്രോഹിയാണ് ആൽബ്രഹ്ത്.. എവിടെയാണാ വംശശുദ്ധീകരണത്തിനുള്ള വിശുദ്ധവിത്ത് നീ ഒളിപ്പിച്ചിരിക്കുന്നത്…” അവർ അലറി.
“മഹാപാപങ്ങളാകുന്ന വിശുദ്ധ വിത്തുകളുടെ അന്തിമഫലങ്ങൾ ഓരോരോ കറുത്ത മരണങ്ങളാകുന്നു…”
“ഇല്ല…അതൊരിക്കലും നിങ്ങൾക്ക് ലഭിക്കുകയില്ല ദുഷ്ടരായ ഘാതകരേ.. വേണ്ടിവന്നാൽ അവയെ ഞാനെന്റെ മരണം കൊണ്ട് സംരക്ഷിക്കാനും ഒരുക്കമാണ്.” ഞാൻ ഭിത്തിയിലൂടെ മുകളിലേക്ക് അള്ളിപ്പിടിച്ചു കയറാൻ ശ്രമിച്ചുകൊണ്ടിരുന്നു.
“എങ്കിൽ നീയും നിന്റെ പൂർവികനെ പോലെ അവനു പ്രിയപ്പെട്ട രക്തസാക്ഷികളിൽ ഒരാളാകാൻ തയ്യാറായിക്കൊളുക..” കരിംചുവപ്പ് കുപ്പായക്കാരിലൊരാൾ എന്റെ നേർക്ക് ചീറി.
അവരിൽ ചിലർ എന്റെ പാദങ്ങളിൽ പിടുത്തമിട്ട് താഴെ വീഴ്ത്താൻ ശ്രമിച്ചുവെങ്കിലും മനസ്സിനെ മൂടിയ മരണഭീതിയിൽ ഞാൻ കാൽ സർവ്വശക്തിയിൽ കുടഞ്ഞുകൊണ്ട് മുന്നോട്ടുകുതിച്ചുകൊണ്ടിരുന്നു. അതേസമയം ആസന്നമായ മരണത്തിന്റെ മുമ്പിലും എന്റെ കൂസലില്ലായ്മ കണ്ട് ആ ഷുട്സ്റ്റാഫൽ ഓഫീസർമാരുടെ മനോവൈരം വർധിച്ചു.
മേൽകുര ലക്ഷ്യമാക്കി ഉയർന്നുപോകവേ ഞാൻ മെല്ലെ കോട്ടിന്റെ അകത്തെ പോക്കറ്റിൽ നിന്ന് ആ വസ്തു മടിച്ചു മടിച്ച് പുറത്തെക്കെടുത്തു… അതൊരു സർപ്പരൂപത്താൽ ചുറ്റപ്പെട്ട മുട്ടയുടെ ആകൃതിയിലുള്ള വസ്തുവായിരുന്നു…
ഗ്രീക്ക് പുരാണങ്ങളിൽ ഈ രൂപം Orphic Egg എന്നറിയപ്പെടുന്നു. ഗ്രീക്ക് പുരാണമനുസരിച്ച് പ്രപഞ്ചത്തിന്റെ ഉത്ഭവം ഇതിൽ നിന്നാണെന്ന് പറയപ്പെടുന്നു.
“അതാ നോക്കൂ ആ വഞ്ചകൻ നമ്മുടെ ഒബർഹെറിന്റെ വിശുദ്ധവിത്ത് കൈക്കലാക്കിയിരിക്കുന്നു…”
“ഒബർഹെറിന്റെ കല്പ്പന ലംഘിക്കുന്നവർ ആരാണോ അവർ വധിക്കപ്പെടണം…”
“ഒബർഹെറിന്റെ ദൗത്യം ഒരിക്കലും പരാജയപ്പെടാൻ പാടില്ല.. അവനെ തടയുക…”
“ആര്യവംശജരല്ലാത്തവരും, ജൂതന്മാരും, ക്രിസ്ത്യാനികളും ഉന്മൂലനം ചെയ്യപ്പെടേണ്ടവർ… ആൽബ്രഹ്ത് ഷാഫർ, അവന്റെ ചരിത്രവഞ്ചകനായ മുൻഗാമി ആന്റണി ഷാഫറുടെ വിധി ഏറ്റുവാങ്ങേണ്ടവൻ…”
താഴെനിന്ന് വംശീയവിദ്വേഷം സ്ഫുരിക്കുന്ന കണ്ഠങ്ങളുമായി കരിംചുവപ്പ് കുപ്പായക്കാർ എന്റെ നേർക്ക് തോക്ക് ചൂണ്ടി നിറയൊഴിക്കുവാൻ തയ്യാറായി നിന്നു.
അപ്പോഴേക്കും മേൽകുരയിൽ കയറി താഴികക്കുടത്തിന്റെ അടുത്തെത്തിയ എന്റെ നേർക്ക് ആ നരാധമന്മാർ വെടിയുതിർത്തുതുടങ്ങി.
ഞാനാ താഴികക്കുടത്തിൽ എത്തിപ്പിടിക്കാൻ ശ്രമിച്ചുവെങ്കിലും, എനിക്കുചുറ്റും വെടിയുണ്ടകൾ മൂളിപറന്നുകൊണ്ടിരുന്നതിനാൽ ഒന്നും ചെയ്യാനാകാത്ത നിസ്സഹായവസ്ഥയിലായി കഴിഞ്ഞിരുന്നു ഞാൻ.
‘അല്ലയോ എന്റെ പൂർവികാ അങ്ങയ്ക്ക് നിഷ്കരുണം പീഡനങ്ങളേകിയ ചെകുത്താന്റെയും അവന്റെ ഈ ജാരസന്തതികളിൽ നിന്നും, പാപങ്ങളുടെ ഊറ്റില്ലമായ ഈ നഗരത്തിൽ നിന്നുമെന്നെ രക്ഷിച്ചാലും…’ മരണത്തെ കണ്മുന്നിൽ കണ്ട നിമിഷങ്ങളിൽ ഞാൻ സ്വയം മന്ത്രിച്ചു.
പെട്ടന്ന് എന്റെ മുന്നിൽ ആരോ പ്രത്യക്ഷപ്പെട്ടതുപോലെ തോന്നി. എന്റെ മിഴികൾ ആ ധ്വംസകരിൽ നിന്ന് മുകളിലേക്ക് ശ്രദ്ധ പതിപ്പിച്ചു.
മേലാകെ മൂടുന്ന തരത്തിലുള്ള ഒരു കറുത്ത മേലങ്കി ധരിച്ച ഒരു രൂപം വായുവിലുയർന്നു നിൽക്കുകയാണ്. ചുമലിൽ ഘടിപ്പിച്ചിരുന്ന ചൂണ്ട ക്കൊളുത്തിൽ മരണത്തിന്റെ പ്രതിനിധിയുടെ കൈയിലെ ആയുധമായ നീളൻ കൊയ്ത്തുവാൾ ഞാന്നുകിടന്നിരുന്നു.
ആ രൂപം തന്റെ മെലിഞ്ഞ വലതുകൈ എന്നെ സഹായിക്കാണെന്നോണം എന്റെ നേർക്ക് നീട്ടി. ഇരുളിൽ അതിന്റെ മുഖം വ്യക്തമല്ല..
ആ രൂപം എന്റെയുള്ളിൽ സൃഷ്ടിച്ച ഭയാഘാതം കാരണം, ആ രൂപത്തിന്റെ വാഗ്ദാനം ഞാൻ നിരസിച്ചു. എന്റെ പ്രതികരണം കണ്ട് ആ രൂപമൊന്നും ഉരിയാടാതെ നിലകൊണ്ടു.
എന്നാൽ വിചാരിച്ചത് പോലെയായിരുന്നില്ല കാര്യങ്ങൾ… അൽപം മുൻപ് ഞാനെന്താണോ ചെയ്തത്, അതുപോലെ ആ കരിംചുവപ്പ് കുപ്പായക്കാർ വെടിവെയ്പ്പ് നിർത്തിയിട്ട് എന്നെ ലക്ഷ്യമിട്ട് ഓരോരോത്തരായി ആ ഭിത്തിയിൽ അള്ളിപ്പിടിച്ചു മുകളിലേക്ക് കയറാനാരംഭിച്ചു.
“ഭയപ്പെടേണ്ടാ ആൽബർട്ട്.. മരണത്തിന്റെ കറുത്ത വിത്ത് കൈമാറിക്കൊണ്ട് എന്നരികിലേക്ക് വരൂ. ഞാനവയെ സുരക്ഷിതമായി സംരക്ഷിക്കാം…” വീണ്ടുമൊരിക്കൽക്കൂടി ആ രൂപം ചിലമ്പിച്ച സ്വരത്തിൽ തന്റെ മെലിഞ്ഞ അസ്ഥിമാത്രയിലുള്ള കരങ്ങൾ എന്റെ നേർക്ക് നീട്ടി.
ഇപ്പോൾ എന്നിലേക്ക് നീട്ടിയ ആ കറുത്ത, തണുപ്പാർന്ന കരങ്ങളിൽ വിശ്വാസമർപ്പിച്ച് എന്റെ കൈയിലിരുന്ന ആ വസ്തു ആ രൂപത്തിനു കൈമാറിക്കൊണ്ട് പള്ളിയുടെ താഴികക്കുടത്തിലേക്ക് വലിഞ്ഞു കയറവേ എനിക്ക് ചുറ്റുമുള്ള കാഴ്ചകൾ മാറിമറിഞ്ഞു.
വലതുകരത്തിൽ ആ മരണവിത്ത് ആകാശത്തിലേക്ക് ഉയർത്തി പിടിച്ചുകൊണ്ട് വായുവിൽ ചടച്ചുയർന്നുനിന്ന ആ കറുത്തരൂപത്തിനു മുകളിലായി ഗ്രഹണനിഴലിൽ പൂർണചന്ദ്രൻ രക്തവർണം പൂണ്ട് ആകാശത്ത് ജ്വലിച്ചുനിന്നു. താനത് നോക്കിനിൽക്കേ അണ്ഡാകൃതിയിലുള്ള ആ വസ്തു വായുവിൽ അപ്രത്യക്ഷമായി…!
ആ അത്ഭുതകാഴ്ചയുടെ ഞെട്ടൽ മാറും മുൻപ് മറ്റൊരു ഭീകരദൃശ്യങ്ങൾക്കും ഞാൻ തുടർസാക്ഷിയായി…
എന്നെ പിന്തുടർന്നുവന്ന കരിംചുവപ്പ് കുപ്പായക്കാർ മട്ടുപ്പാവിൽനിന്നും മേൽക്കൂരയിലേക്ക് കരിങ്കൽ പാളികളിലൂടെ താഴെനിന്നും കയറിവരുന്നത് കണ്ടിട്ടെന്നോണം ആ കറുത്ത രൂപം, തന്റെ ചുമലിൽ തൂക്കിയിട്ടിരുന്ന നീളൻ കൊയ്ത്തുവാൾ ഊരിയെടുത്ത് ബെർലിൻ നഗരാന്തരീക്ഷത്തിലേക്ക് എറിഞ്ഞതും അത് എങ്ങോ പാഞ്ഞുകൊണ്ട് അതും അപ്രത്യക്ഷമായി..
“ഇനി വരൂ ആൽബർട്ട്.. എന്റെ കൂടെ നിൽക്കൂ..” ആ രൂപം പെട്ടെന്നെന്റെ തോളിൽ സ്പർശിച്ചതും ഹിമസമാനമായ തണുപ്പ് ശരീരത്തിൽ മെല്ലെ അരിച്ചിറങ്ങുന്നതായി എനിക്കനുഭവപ്പെട്ടു.
അടുത്ത നിമിഷം ഞാനും ആ കറുത്ത രൂപത്തോടൊപ്പം വായുവിലുയർന്നു നിന്നു…!
ആ നിഴൽ രൂപത്തിന്റെ സഹായത്തോടെ പള്ളിയുടെ ഉയർന്ന മകുടത്തിന് മുകളിൽ വായുവിൽ നിർവർന്നുനിൽക്കുമ്പോൾ എന്റെ മുന്നിൽ ചില ദൃശ്യങ്ങൾ തെളിഞ്ഞുവന്നു…
എന്റെ മുന്നിലുള്ള ലോകം ഭൂകമ്പം കൊണ്ട് വിറയ്ക്കുന്നു… വൻമരങ്ങൾ കൊടുങ്കാറ്റിൽ ആടിയുലയുന്നു…
ദൂരെയതാ ഞാൻ താണ്ടിവന്ന ബെർലിനിലെ തെരുവോരങ്ങൾ തീമഴയിൽ മൂടപ്പെടുന്നു…
ആസക്തി പൂണ്ടുനിൽക്കുന്ന ആ നരകാഗ്നിയിൽ പാപികളെന്നോ നിരപരാധികളെന്നോ വ്യത്യാസമില്ലാതെ ചില മനുഷ്യർ ഉടലോടെ വെന്തുമരിക്കുന്നു…
ചിലർ ബന്ധുവന്നോ മിത്രമെന്നോ വ്യത്യാസമില്ലാതെ കൈയിൽ കിട്ടിയതെടുത്ത് പരസ്പരം ആക്രമിക്കുന്നു…
തെരുവിലെ മരത്തടികളും ഓടും കൊണ്ട് നിർമ്മിക്കപ്പെട്ട കെട്ടിടങ്ങളുടെ മേൽക്കൂരകൾ തീപിടിച്ച് പൊട്ടിതെറിച്ചുകൊണ്ടിരുന്നു.
എന്നാൽ എന്നെ കൊലവെറിയോടെ സമീപിച്ച ഷൂട്സ്റ്റാഫൽ ഓഫീസർമാരെ അപ്പോഴാണ് ഞാൻ ശ്രദ്ധിക്കുന്നത്..
അവരെല്ലാവരുടെയും ദേഹം ജീർണിച്ചു ദ്രവിക്കാൻ തുടങ്ങി.. മാംസം അഴുകി വെളുത്ത എല്ലുകൾ ദൃശ്യമായി.. കണ്ണുകളിൽ നിന്ന് നേത്രഗോളങ്ങൾ ഊരിവീണു… അവരുടെ ശരീരത്തിലെ നവദ്വാരങ്ങളിൽ നിന്നും കറുത്ത രക്തം പുറത്തേക്കൊഴുകാൻ തുടങ്ങി…
മരണത്തേക്കാൾ ഭീകരമായ അന്ത്യം ആ ദുഷ്ടജന്മങ്ങൾ നരകിച്ചു തീർത്തുകൊണ്ടിരിക്കുന്നത് കണ്ടുനിൽക്കാനാവാതെ ഞാൻ കണ്ണുകളടച്ചങ്ങനെ നിന്നു…
എന്നാൽ എനിക്ക് ചുറ്റുമുള്ള സർവ്വവും ലോകാവസാനത്തിന് സമാനമായ അവസ്ഥയിലൂടെ കടന്നുപോകുന്നത് എന്റെ ഉൾക്കണ്ണുകളിലൂടെ ഞാൻ ദർശിച്ചുകൊണ്ടിരുന്നു.
പെട്ടന്ന് ചീഞ്ഞളിഞ്ഞ മനുഷ്യ മാംസത്തിന്റെയും രക്തത്തിന്റെയും ഗന്ധമുള്ള തണുത്ത കാറ്റ് മുഖത്തു തട്ടിയപ്പോൾ മരണത്തിന്റെ യഥാർത്ഥ രൂപത്തെ മുന്നിൽ കണ്ടതുപോലെ ഞെട്ടിതരിച്ചുകൊണ്ട് ഞാൻ തൊട്ടടുത്ത് നിന്നിരുന്ന രൂപത്തെ ഭയത്തോടെ നോക്കി.
ആ രൂപം… കറുത്ത തുകൽ തൊപ്പിയോടുകൂടിയ, പക്ഷിമുഖത്തിന് സദൃശ്യമായ ഒരു കറുത്ത മുഖംമൂടി ധരിച്ചിരുന്നു. അതിന്റെ കണ്ണുകളുടെ സ്ഥാനത്തുള്ള മിഴികൾ ചുവന്ന് തിളങ്ങിനിന്നിരുന്നു.
അത് കണ്ടപ്പോൾ അനേക നൂറ്റാണ്ടുകൾക്ക് മുൻപ് യൂറോപ്പിനെയാകമാനം ബാധിക്കുകയും യൂറോപ്പിലെ 50 ശതമാനത്തോളം വരുന്ന ജനങ്ങളെ കൊന്നൊടുക്കിയ കറുത്ത പ്ലേഗിനെയാണ് ഓർമവന്നത്.
ഒരുതരത്തിൽ ഇപ്പോൾ നാസികളിൽ നിന്ന് താൻ അതിവിദഗ്ധമായി കടത്തികൊണ്ട് വന്ന വസ്തുവിലും, ബുബോണിക് പ്ലേഗിന്റെ പുതിയ രേണുക്കൾ തന്നെയല്ലേ അടങ്ങിയിരിക്കുന്നത്…
“നിങ്ങൾ ആരാണ്…?” ഉള്ളിൽ ഭയത്തോടെയാണെങ്കിലും ധൈര്യം സംഭരിച്ചുകൊണ്ട് ഞാനാ രൂപത്തിനുനേർക്ക് തിരിഞ്ഞു.
“നിനക്ക് എന്നെ അറിയാം ആൽബർട്ട്… എന്റെ കണ്ണുകളിലേക്ക് നോക്കൂ… അപ്പോൾ ഞാൻ ആരായിരുന്നുവെന്നോ എന്തായിരുന്നുവെന്നോ നീയറിയും.” ആ രൂപം ചിലമ്പിച്ച സ്വരത്തിൽ പ്രതിവചിച്ചു.
“നിങ്ങൾ.. നിങ്ങൾ…. എന്റെ പൂർവികനായ ആന്റണി ഷാഫർ അല്ലേ…?”
എന്റെ മനസാക്ഷിയിൽ നിന്നുള്ള ചിന്തകൾ ചോദ്യങ്ങളായി വന്നത് കണ്ട് ഞാനെന്നെ സ്വയം സംശയിച്ചു.
“നിന്റെ മനസാക്ഷിയെ സംശയിക്കേണ്ട ആൽബർട്ട്..! അവ സത്യം തന്നെയാണ്…ഞാൻ നിന്റെ പൂർവികനായ ആന്റണി ഷാഫർ തന്നെയാണ്.”
ആ രൂപം, താൻ ധരിച്ചിരുന്ന കറുത്ത, പക്ഷിമുഖംമൂടി ഇളക്കിമാറ്റിയതും… അവിടെ, കണ്ണുകളുടെ സ്ഥാനത്ത് രണ്ട് ചോര കുഴികളുള്ള മരണത്തിന്റെ വിളറിയ ചാരനിറം കലർന്ന ദ്രവിച്ച മാംസത്തോടുകൂടിയ തലയോട്ടി അയാൾക്കുമുന്നിൽ പ്രത്യക്ഷമായി…!
☠︎︎☠︎︎☠︎︎☠︎︎☠︎︎☠︎︎☠︎︎☠︎︎☠︎︎☠︎︎☠︎︎☠︎︎☠︎︎☠︎︎☠︎︎☠︎︎☠︎︎☠︎︎☠︎︎☠︎︎
“എന്ത്…? എന്റെ വല്ല്യപ്പാപ്പൻ..!” ആബേൽ ഫിലിപ്പ്സൺ തന്റെ ലഘുനിദ്രയിൽ നിന്ന് ഞെട്ടിയുണർന്നു.
പസഫിക് സമുദ്രത്തിന്റെ നീലിമയാർന്ന ജലപരപ്പിന്മുകളിലൂടെ അസ്തമയസൂര്യനെ ദർശിച്ചുകൊണ്ട് കിഴക്ക് ദിക്കിലേക്ക് പറക്കുകയായിരുന്ന എയർ ഇന്ത്യ ഫ്ലൈറ്റ് 180ലെ പ്രീമിയം ഇക്കോണമി ക്ലാസ്സിനുള്ളിലായിരുന്നു അപ്പോൾ ആബേൽ ഫിലിപ്പ്സൺ…
ᛋᛋᛋᛋᛋᛋᛋᛋᛋᛋᛋᛋᛋᛋᛋᛋᛋᛋᛋᛋᛋᛋᛋᛋᛋᛋᛋᛋᛋ
Waiting for next part.