ഇടവഴികൾ പിന്നിട്ട ബൈക്ക് ചെന്ന് നിന്നത് പഴയ ഒരു ബംഗ്ലാവിന്റെ മുൻപിലാണ്.
കാടും വള്ളിപ്പടർപ്പുകളും മൂടിയ ബംഗ്ലാവ് ഒറ്റ നോട്ടത്തിൽ ഒരു ഭാർഗ്ഗവീ നിലയം പോലെ തോന്നിച്ചു.
മല്ലിയോടൻ കാവ് കടന്ന് ആരും ബംഗ്ലാവിന്റെ പരിസരത്തേക്ക് വരാറില്ല.
പ്രകൃതി രമണീയമായ കാഴ്ച്ചകൾ ഒരുപാട് ഉണ്ടെങ്കിലും ഇടയ്ക്കിടെ ആന ഇറങ്ങുന്ന സ്ഥലമായത് കൊണ്ട് ആരും കാവ് കടക്കാൻ മെനക്കെടില്ല.
കർണ്ണാടക ഫോറസ്റ്റിനോട് ചേർന്നുള്ള കെട്ടിടം ബ്രിട്ടീഷ് കളക്ടറുടെ സുഖവാസ കേന്ദ്രമായിരുന്നു.
കാസർഗോഡ് കർണാടകയിൽ നിന്നും മാറി കേരളത്തോട് ലയിച്ചപ്പോൾ ബ്രിട്ടീഷ് കെട്ടിടം കേരളത്തിലായി.
വള്ളിപ്പടർപ്പുകൾക്കിടയിൽ തന്റെ ബൈക്ക് ഒളിപ്പിച്ച് വോൺ ചുറ്റും നോക്കി.
അല്പം മാറിയുള്ള വെള്ളച്ചാട്ടത്തിന്റെ ഹുങ്കാരവും പക്ഷികളുടെ ചിലപ്പും ഒഴിവാക്കിയാൽ എങ്ങും ശാന്തം.
ആരുമില്ല എന്ന് ഒരിക്കൽ കൂടി ഉറപ്പ് വരുത്തിക്കൊണ്ട് അവൻ പതിയെ കാടിനുള്ളിലേക്ക് നടന്നു.
************
ജോൺ വർഗ്ഗീസ് നൽകിയ വെള്ളം രണ്ടിറക്ക് കുടിച്ചതും സൂരജിന് മനംപുരട്ടി.
വെള്ളവും ചോരയും കലർന്ന ദ്രാവകം പുറത്തേക്ക് തുപ്പിക്കൊണ്ട് അവൻ ജോണിനെ കൈ ഉയർത്തി തടഞ്ഞു.
കപ്പ് തിരികെ മേശയിൽ വച്ച് പുറത്തേക്ക് ഇറങ്ങാൻ തുടങ്ങുമ്പോഴാണ് ജോൺ വർഗ്ഗീസിന്റെ കണ്ണിൽ ഒരു id കാർഡ് ഉടക്കിയത്.
ചോരയിൽ മുങ്ങിയ നിലയിൽ നിലത്ത് കിടന്ന id അയാൾ എടുത്ത് നോക്കി.
ജീവന്റെ പോക്കറ്റിൽ നിന്നാണ് അത് വീണതെന്ന് ജോണിന് ഉറപ്പായിരുന്നു. പക്ഷേ എന്തിന്റെ id ആണെന്ന് വ്യക്തമാവുന്നില്ല.
പോക്കറ്റിൽ നിന്നും കർചീഫ് എടുത്ത് കാർഡ് തുടച്ചു.പതിയെ അതിലെ അക്ഷരങ്ങൾ അയാൾക്ക് മുൻപിൽ തെളിഞ്ഞു വന്നു.
പൊലീസിന്റെ ഔദ്യോഗിക മുദ്രയ്ക്ക് താഴെയുള്ള തിളങ്ങുന്ന അക്ഷരങ്ങൾ വായിച്ച ജോൺ വർഗ്ഗീസിന് തല കറങ്ങും പോലെ തോന്നി.
ഒരിക്കൽക്കൂടി അയാൾ ആ അക്ഷരങ്ങൾ കൂട്ടി വായിച്ചു.
ജീവൻ വർമ്മ IPS.
തുടരും