പകർന്നാട്ടം – 9 17

Pakarnnattam Part 9 by Akhilesh Parameswar

Previous Parts

സാർ,വിറയാർന്ന ശബ്ദത്തിൽ ജീവനെ വിളിച്ചെങ്കിലും ഒച്ച തൊണ്ടയിൽ കുരുങ്ങി.

സർ,ശ്വാസമില്ല പണിയായോ?ജോൺ വർഗ്ഗീസിന് എന്ത് ചെയ്യണമെന്ന് നിശ്ചയമില്ലാതെയായി.

ജീവന്റെ മുഖത്ത് തികഞ്ഞ ശാന്തതയായിരുന്നു.ശ്വാസം ഇല്ലെന്ന് വച്ച് ഒരാൾ ചാകുവോ ജോണേ?

ജീവന്റെ കൂസലില്ലായ്മ കണ്ട് ജോൺ വർഗ്ഗീസിന് ദേഷ്യം ഇരച്ച് കയറി.സാറിന് ഇതൊന്നും പുത്തരി അല്ലാരിക്കും.

ഹാ അവൻ ചത്താ ചാവട്ടെടോ. ഇവനൊക്കെ ചാവുന്നതാ നല്ലത്. കൂടിപ്പോയാൽ ജോലി പോകും അത്ര അല്ലേ ഉള്ളൂ.

അത് സാറിന്,എനിക്കീ ജോലി പോയാൽ പോയതാ. സേനയോടുള്ള കൂറ് കൊണ്ടൊന്നും അല്ല ഞാൻ ഇതിൽ ചേർന്നത്. സർക്കാർ ജോലി കിട്ടി,പോന്നു.

എന്റെ ശമ്പളം കൊണ്ട് ജീവിക്കുന്ന കുറേ ആത്മാക്കൾ ഉണ്ട്.ജോലി പോയാൽ അതുങ്ങൾ പട്ടിണി ആവും.അത് പോട്ടെ വയ്ക്കാം ഇവന്റെ വീട്ടുകാർ വെറുതെ ഇരിക്കും തോന്നുന്നുണ്ടോ. കുടുംബമടക്കം കത്തിക്കും.

അതൊന്നും പറഞ്ഞാൽ സറിന് ചിലപ്പോൾ മനസ്സിലാവില്ല. അതെങ്ങനാ കുടുംബവും കുട്ടികളും ഉള്ളവർക്ക് അല്ലേ അതിന്റെ വില മനസ്സിലാവൂ.

പറഞ്ഞു തീരുമ്പോൾ ജോൺ വർഗ്ഗീസ്‌ കിതച്ച് തുടങ്ങി. ആരോടോ ഉള്ള ആത്മരോഷം തീർക്കും പോലെ അയാൾ ഭിത്തിയിൽ ആഞ്ഞിടിച്ചു.

മറുത്തൊരക്ഷരം മിണ്ടാതെ നിന്ന ജീവന്റെ കണ്ണുകളിൽ രണ്ട് നീർത്തുള്ളികൾ പ്രത്യക്ഷപ്പെട്ടു.

കവിളിൽ ചാലിട്ടൊഴുകിയ കണ്ണീർ കണത്തെ വടിച്ചെറിഞ്ഞു കൊണ്ട് ജീവൻ സൂരജിന്റെ സമീപത്തേക്ക് അടുത്തു.

സൂരജിന്റെ വായിൽ നിന്നും മൂക്കിൽ രക്തം ധാരയായി ഒഴുകുന്നുണ്ട്.കണ്ണുകൾ പാതി അടഞ്ഞിരിക്കുന്നു.

ഒരു നിമിഷം കണ്ണടച്ച് നിന്ന ശേഷം ജീവൻ തന്റെ ചൂണ്ട് വിരൽ കൊണ്ട് സൂരജിന്റെ നെഞ്ചിന്റെ മധ്യത്തിൽ ആഞ്ഞു കുത്തി.

പാമ്പ്‌ ചീറ്റും പോലെ ഒരൊച്ച സൂരജിൽ നിന്നുണ്ടായി,തൊട്ട് പിന്നാലെ രക്തം പുറത്തേക്ക് തെറിച്ചു.

കണ്ണുകൾ വലിച്ചു തുറന്ന സൂരജ് രണ്ട് മൂന്ന് തവണ ശ്വാസം ആഞ്ഞു വലിച്ചു.

ജോൺ വർഗ്ഗീസ്‌ അക്ഷരാർത്ഥത്തിൽ സ്തംഭിച്ച് പോയി.

ശ്വാസത്തിന്റെ നേരിയ കണിക പോലും ഇല്ലാതിരുന്നവൻ ഇതാ കണ്ണ് തുറന്നിരിക്കുന്നു.

എന്താണ് സംഭവിച്ചതെന്ന് അയാൾക്ക് വ്യക്തമായില്ല.ജീവന്റെ മുഖത്ത് അപ്പോഴും ഭാവവ്യത്യാസമൊന്നുമിലായിരുന്നു.

Leave a Reply

Your email address will not be published. Required fields are marked *

Malayalam Stories Novels & copy; 2017-2018
%d bloggers like this: