ഇതിപ്പോ നമ്മുടെ എസ്.ഐ സാറിന്റെ അനിയനാ,അതിന്റെ അഹങ്കാരം അവനുണ്ട് താനും.
വാസു മൂത്താർക്കുള്ള ചായ എടുക്കുമ്പോൾ പിള്ള വാചാലനായി.
അല്ല ഞാൻ ചോദിക്കാൻ മറന്നു. നമ്മുടെ പണിക്കരെ മോളെ കൊന്നവരെ കിട്ടിയില്ല ല്ലേ?
ഇല്ല,ഒറ്റ വാക്കിൽ മൂത്താർ മറുപടി പറഞ്ഞു.
അല്ലെങ്കിലും പാവപ്പെട്ടവർക്ക് പുല്ല് വിലയില്ലേ.തെരുവ് നായക്ക് വേണ്ടി പോലും വാദിക്കുന്നവർ ഒരു പാവത്തെ പിച്ചി ചീന്തിയിട്ട് വാ തുറന്നില്ല.
അതൊക്കെ പോട്ടെ ചേട്ടന്റെ കാല് വേദനയൊക്കെ എങ്ങനെയുണ്ട്?
കൂടുതൽ ചർച്ചയ്ക്ക് ഇട കൊടുക്കാതെ വാസു മൂത്താർ വിഷയം മാറ്റി.
***********
മല്ലിയോടൻ കാവിലെ പൊട്ടിപ്പൊളിഞ്ഞ റോഡിലൂടെ വോൺ തന്റെ ബൈക്ക് പായിച്ചു.
മീറ്ററിൽ സ്പീഡ് 100-115 എന്നിങ്ങനെ മാറി മറിഞ്ഞു കൊണ്ടിരുന്നു.
ആക്സിലേറ്റർ എത്ര അമർത്തി തിരിച്ചിട്ടും വണ്ടിക്ക് വേഗത പോരെന്ന് വോണിന് തോന്നി.
ഒരു കൈ കൊണ്ട് കണ്ണിലേക്ക് ഇറ്റിറങ്ങിയ വിയർപ്പ് തുടച്ചു കൊണ്ട് അവൻ വീണ്ടും ആക്സിലേറ്റർ തിരിച്ചു.
കാവിനുള്ളിലെ ഇളം തണുപ്പ് അവന് അല്പം പോലും കുളിർമ പകർന്നില്ല.
സൂരജ് പൊലീസ് പിടിയിലായി എന്നറിഞ്ഞപ്പോൾ തുടങ്ങിയ ഓട്ടമാണ്.
തട്ട് കടയിൽ അവനെ നിർത്തി എണ്ണ അടിക്കാൻ പോയ നിമിഷത്തെ സ്വയം പഴിച്ചു കൊണ്ട് വോൺ അണപ്പല്ല് ഞെരിച്ചു.
എല്ലാം കൈവിട്ട് പോവുകയാണെന്ന് വോണിന് തോന്നി.
കേട്ടിടത്തോളം സി.ഐ ജീവൻ അത്യന്തം അപകടകാരിയാണ്.
മൂന്നാംമുറയിൽ കുപ്രസിദ്ധി നേടിയ ജീവന് മുൻപിൽ സൂരജ് പിടിച്ച് നിൽക്കുമോ?
അവൻ എന്തൊക്കെ പറഞ്ഞു കാണും.അയാൾ അവനെ എങ്ങോട്ട് കൊണ്ട് പോയി.
ഉത്തരമില്ലാത്ത ചോദ്യങ്ങളുടെ വേലിയേറ്റം വോണിനെ അസ്വസ്ഥനാക്കി.