പകർന്നാട്ടം – 9 38

വെള്ളം വേണോ?ജീവൻ സൂരജിനെ നോക്കി.വേണമെന്ന് അവൻ തല കുലുക്കിയതും അയാൾ ജോൺ വർഗ്ഗീസിനെ കണ്ണ് കാട്ടി.

എസ്.ഐ പെട്ടന്ന് തന്നെ മേശയിൽ ഇരുന്ന കപ്പിൽ അല്പം വെള്ളമെടുത്ത് അവന് നൽകി.എന്നാൽ അത് സ്വയം പിടിച്ചു കുടിക്കാനുള്ള ശേഷി പോലും സൂരജിന് ഉണ്ടായിരുന്നില്ല.

സൂരജിന്റെ അവസ്ഥ മനസ്സിലാക്കിയ ജോൺ വർഗ്ഗീസ്‌ കപ്പ് അവന്റെ ചുണ്ടോട് അടുപ്പിച്ച് കൊടുത്തു.

അല്പ നേരം അത് നോക്കി നിന്നശേഷം ജീവൻ പതിയെ പുറത്തിറങ്ങി തന്റെ ഓഫീസ് മുറിയിലേക്ക് നടന്നു.

ഫുൾ സ്പീഡിൽ ഫാൻ ഓൺ ചെയ്ത് കസേരയിലേക്ക് ചാരി കണ്ണടയ്ക്കുമ്പോൾ ജീവന്റെയുള്ളിൽ ജോൺ വർഗ്ഗീസിന്റെ വാക്കുകൾ അലയടിച്ചു.

“കുടുംബവും കുട്ടികളും ഉള്ളവർക്ക് അല്ലേ അതിന്റെ വില മനസ്സിലാവൂ”.

ഇറുക്കി അടച്ച കണ്ണുകളിൽ വീണ്ടും ജലകണങ്ങൾ ഉരുണ്ട് കൂടുന്നത് ജീവൻ അറിഞ്ഞു.

എത്രയൊക്കെ തടുക്കാൻ ശ്രമിച്ചിട്ടും കൺപീലികളുടെ പ്രതിരോധം തകർത്തു കൊണ്ട് അവ പുറത്തേക്ക് ഒഴുകി.
*************
എന്നാ പോക്കാ ചെക്കൻ പോകുന്നത്.ആർക്ക് വായു ഗുളിക മേടിക്കാൻ ആണോ വാ.

ചീറിപ്പാഞ്ഞ പുതുപുത്തൻ ബൈക്കിന്റെ കാറ്റിൽ പീടികയിൽ നിന്നും പുറത്തേക്ക് തെറിച്ച പത്ര – മാസികൾ അടുക്കി എടുത്തു കൊണ്ട് കേശവേട്ടൻ രോഷം പൂണ്ടു.

എന്നാ കേശവേട്ടാ രാവിലെ തന്നെ കലിപ്പ് ആണല്ലോ,ചെറു ചിരിയോടെ അങ്ങോട്ടേക്കെത്തിയ വാസു മൂത്താരെ കണ്ടപ്പോൾ കേശവൻ പിള്ള എന്ന കേശവേട്ടന്റെ ദേഷ്യം പാടെ മാറി.

തന്റെ ആത്മരോഷത്തിന്റെ കാരണം അറിയിക്കാൻ ഒരാളെ കൂട്ട് കിട്ടിയതിന്റെ സന്തോഷം അദ്ദേഹത്തിന്റെ മുഖത്തുണ്ടായിരുന്നു.

എന്നാ പറയാനാ മൂത്താരെ,ഇത് കണ്ടോ പുറത്ത് തൂക്കിയിരുന്ന പത്രവും മാസികയും ഒക്കെ ആ കുരുത്തം കെട്ടവന്റെ മരണപ്പാച്ചിലിൽ അങ്ങേലെത്തി.

അതിപ്പോ പിള്ളേരല്ലേ കേശവേട്ടാ, പോട്ടെ..ചേട്ടൻ എനിക്കൊരു ചായ എടുത്തേ.

വാസു മൂത്താർ കേശവൻ പിള്ളയെ അനുനയിപ്പിക്കാൻ നോക്കി.

പിള്ളേരാണെന്ന് വച്ച്?ഈ കുന്ത്രാണ്ടം കൊണ്ടുള്ള കളി കുറച്ച് അധികമാ.എത്ര എണ്ണവാ ആയുസ്സ് എത്താതെ പോകുന്നെ.