പകർന്നാട്ടം – 7 38

ജീവൻ ചിരിക്കുക മാത്രം ചെയ്തു. മോനെ സൂരജേ..അങ്ങ് തെക്കൻ തിരുവിതാംകൂറിൽ നിന്നും ഇങ്ങ് വടക്കേ മലബാറിലേക്ക് എന്നെ കൊണ്ട് എത്തിച്ചത് ഇതിലും വലിയ ഒരു സംഭവം ആയിരുന്നു.

നാട്ടിൽ നിന്നെപ്പോലെ തല തെറിച്ച ഒരുത്തന് രണ്ടെണ്ണം കൊടുത്തു. അവനും ഇത് പോലെ എന്നോട് ഷോ കാണിക്കാൻ വന്നതാണ്.

ഒടുക്കം അവന്റെ കട്ടേം പടോം ഞാനങ്ങു മടക്കി.

അവനും നീയും തമ്മിൽ വ്യത്യാസം ഒന്നേയുള്ളൂ അവൻ സ്ഥലം എം.എൽ.എയുടെ മകൻ നീ സ്ഥലത്തെ ഒരു പ്രമാണിയുടെ മകൻ..

അപ്പോൾ പറഞ്ഞു വന്നത്..കൂടുതൽ വിളച്ചിൽ എടുക്കാതെ നേരെ ചൊവ്വേ കാര്യങ്ങൾ പറഞ്ഞാൽ നിനക്ക് തടി കേടാകാതെ നോക്കാം.

സൂരജ് മറുപടി പറയാതെ ജീവന്റെ മുഖത്തേക്ക് തറച്ചു നോക്കി.

അപ്പോൾ പറ മോനെ കിഴക്കൻ കാവ് പീഡന കൊലപാതകത്തിൽ നിന്റെ പങ്ക് ന്താണ്?വേറെ ആർക്കൊക്കെ പങ്കുണ്ട്?

സൂരജ് ചോദ്യം കേട്ട ഭാവം പോലും നടിക്കാതെ ദൂരേക്ക് നോക്കിയിരുന്നു.

ജോൺ വർഗ്ഗീസിന്റെ മുഖത്തേക്ക് ദേഷ്യം ഇരച്ചു കയറി.അവന്റെ അഹങ്കാരം കണ്ടില്ലേ സർ,അടിച്ച് കരണം പുകയ്ക്കണം.ജോൺ പല്ല് കടിച്ചു.

ഹേയ്,അതൊന്നും വേണ്ട സൂരജ് മിടുക്കൻ ആണ്,അവൻ പറയും ല്ലേ സൂരജേ?ജീവന്റെ മുഖത്ത് അപ്പോഴും ചെറു ചിരിയായിരുന്നു.

എനിക്കൊന്നും പറയാനുമില്ല ഒന്നും അറിയുവേം ഇല്ല.മര്യാദയ്ക്ക് ന്നെ വിടുന്നതാ നല്ലത്.ഇല്ലെങ്കിൽ നീയൊക്കെ വിവരമറിയും.

പെട്ടന്ന് ജീവന്റെ മുഖത്തെ ചിരി മാഞ്ഞു.മ്മ്,ശരി അപ്പോൾ നിനക്കൊന്നും അറിയില്ല,സമ്മതിച്ചു. പിന്നെന്തിനാ നീ അയച്ച ആളുകൾ എന്റെ പിന്നാലെ വന്നത്?

ഞാൻ ആരെയും അയച്ചിട്ടില്ല. അങ്ങനെ ആരെങ്കിലും വന്നെങ്കിൽ അവരോട് പോയി ചോദിക്കണം.

അടുത്ത നിമിഷം ജീവന്റെ കാൽ സൂരജിന്റെ നെഞ്ചിൽ ആഞ്ഞു പതിച്ചു.കസേര അടക്കം സൂരജ് പിന്നോട്ട് മറിഞ്ഞു.

കഴുവേറിക്ക മോനെ നീ ന്താടാ വിചാരിച്ചത് പൊലീസുകാർ വെറും ഉണ്ണാക്കന്മാർ ആണെന്നോ?

സത്യം പറഞ്ഞാൽ നിനക്ക് കൊള്ളാം ഇല്ലെങ്കിൽ കൊന്ന് കെട്ടിത്തൂക്കും നായെ..ജീവന്റെ മുഖം കലി കൊണ്ട് വിറച്ചു.

ജീവന്റെ പെട്ടന്നുള്ള ആ ഭാവമാറ്റം ജോൺ വർഗ്ഗീസിനെപ്പോലും ഞെട്ടിച്ചു കളഞ്ഞു.

നിലത്ത് വീണ സൂരജ് നടുവിന് അടി കൊണ്ട പാമ്പിനെപ്പോലെ പുളഞ്ഞു കൊണ്ടിരുന്നു.

വീണ്ടും തൊഴിക്കാനായി ജീവൻ കാൽ ഉയർത്തിയതും സൂരജ് കാലിൽ കെട്ടിപ്പിടിച്ചു.