വിടരും മുൻപേ കശക്കി എറിയപ്പെട്ട പനിനീർപ്പൂവ്.താനുൾപ്പെടുന്ന പുരുഷ വർഗ്ഗത്തോട് അയാൾക്ക് വല്ലാത്ത വെറുപ്പ് തോന്നി.
“അവള് പോയിട്ട് നാള് രണ്ട് തികയുന്നു.എന്ത് ചെയ്തു സാർ നിങ്ങളുടെ നിയമം”?
രാമൻ പണിക്കരുടെ ചോദ്യം ആയിരം നാവുള്ള അനന്തനെപ്പോലെ ജീവന്റെ മനസ്സിനെ ആഞ്ഞു കൊത്തി.
മേശയിലിരിക്കുന്ന തൊപ്പിയിലെ സിംഹമുദ്ര തന്നെ നോക്കി പല്ലിളിക്കുന്നത് പോലെ അയാൾക്ക് തോന്നി.
മേശവലിപ്പിൽ നിന്നും ഒരു സ്ലീപ്പിങ് പിൽസെടുത്ത് വിഴുങ്ങിക്കൊണ്ട് ജീവൻ പതിയെ കണ്ണുകളടച്ചു.
*********
തിരിഞ്ഞും മറിഞ്ഞും കിടന്നിട്ടും ഉറക്കം വരാതെ ജോൺ വർഗ്ഗീസ് പതിയെ എഴുന്നേറ്റിരുന്നു.
കൈ നീട്ടി ബെഡ് ലാമ്പിന്റെ സ്വിച്ചിൽ വിരലമർത്തി.മേശയിൽ ഇരുന്ന ജഗ്ഗിൽ നിന്നും ഒരു ഗ്ലാസ് വെള്ളമെടുത്ത് ചുണ്ടോട് ചേർക്കുമ്പോൾ പുറത്താരോ നടക്കുന്നത് പോലെ അയാൾക്ക് തോന്നി.
ചുവരിലെ ക്ലോക്കിൽ മണി 2:30 കഴിഞ്ഞിരിക്കുന്നു.ശില്പ നല്ല ഉറക്കമണ്.
ജോൺ പതിയെ കട്ടിലിൽ നിന്നിറങ്ങി ഡോർ തുറന്നു.പുറത്താരുമില്ല. അമ്മയുടെ മുറി അടഞ്ഞു തന്നെ കിടക്കുന്നു.
തിരികെ റൂമിലേക്ക് കയറാൻ തുടങ്ങുമ്പോൾ ആണ് അയാൾ അത് കാണുന്നത്,പുറത്തേക്കുള്ള മെയിൻ ഡോർ തുറന്ന് കിടക്കുന്നു.
ഇതാരാ തുറന്നത്,അല്പം സംശയത്തോടെ അയാൾ മുൻപോട്ട് നടന്നു.
സ്വീകരണ മുറിയിലൂടെ പതിയെ നടന്ന് വാതിലിനോട് അടുത്തപ്പോൾ വോൺ പുറത്ത് നിൽക്കുന്നത് അയാൾ കണ്ടു.
നീ ന്താ ഇവിടെ എന്ന് ചോദിക്കാൻ നാവെടുത്തെങ്കിലും ജോൺ വർഗ്ഗീസ് അത് തൊണ്ടയിൽ തടഞ്ഞു നിർത്തി.
സിറ്റൗട്ടിൽ വോണിന് മുൻപിൽ മറ്റൊരാൾ കൂടി നിൽക്കുന്നു. ലൈറ്റില്ലാത്തതിനാൽ ആളിന്റെ മുഖം വ്യക്തമല്ല.
നീ ഇപ്പൊ പോ,ഞാൻ നാളെ എന്തെങ്കിലും ചെയ്യാം.സത്യത്തിൽ എനിക്കാകെ പേടി തോന്നുന്നു.
പതറിയ ശബ്ദത്തിൽ വോൺ സംസാരിക്കുന്നത് കേട്ട് ജോൺ വർഗ്ഗീസ് കാത് കൂർപ്പിച്ചു.
ഞാൻ അന്നേരെ പറഞ്ഞതല്ലേ ഒന്നും വേണ്ടന്ന്,അപ്പോൾ നിനക്കായിരുന്നു നിർബന്ധം.ഇനിയിപ്പോ ന്താ ചെയ്യാ ന്റെ കർത്താവേ.