പകർന്നാട്ടം – 6 35

ഇന്ന് അവള് പോയിട്ട് നാള് രണ്ട് തികയുന്നു.എന്ത് ചെയ്തു സാർ നിങ്ങളുടെ നിയമം?

ഇവിടെ പണമുള്ളവന്റെ കൂടെ നിൽക്കുന്ന നീതി,നിയമം. പാവപ്പെട്ടവന് എന്ത് നീതി ന്ത് ന്യായം ല്ലേ സർ.

ആർക്കും ഒരുപദ്രവവും ചെയ്യാത്ത ന്റെ ചിന്നൂട്ടി ഇന്ന് ഒരു പിടി ചാരമായിരിക്കുന്നു.അതിന് കാരണക്കാരായവർ ഇന്നും ഈ സമൂഹത്തിൽ സ്വതന്ത്ര്യരായി വിഹരിക്കുന്നു.

രാമൻ പണിക്കരുടെ കണ്ണുകളിൽ നിന്നും കണ്ണീർ അണപൊട്ടിയൊഴുകി. വാക്കുകൾ വിറച്ചു.

ജീവന് എന്ത് പറയണം എന്ന് അറിയില്ലായിരുന്നു.പണിക്കരുടെ വാക്കുകൾ അയാളുടെയുള്ളിൽ ആഴ്ന്നിറങ്ങി.

ഞാൻ വന്നത് ഒരപേക്ഷയും കൊണ്ടാണ് സാർ.

ന്റെ കുട്ടിക്ക് നീതി കിട്ടണം,ഇതൊരു അച്ഛന്റെ യാചനയാണ്…ന്റെ കുട്ടിക്ക് നീതി കിട്ടണം….ഞാനീ കാല് പിടിക്കാം സാർ…

രാമൻ പണിക്കർ പൊട്ടിക്കരഞ്ഞു കൊണ്ട് ജീവന്റെ കാൽക്കൽ വീണു.

ഒരു നിമിഷം തീ കൊണ്ടുള്ള കുത്തേറ്റത് പോലെ ജീവൻ പിന്നോട്ട് മാറി.

അപ്പോഴും ഒരു കൊച്ച് കുഞ്ഞിനെപ്പോലെ രാമൻ പണിക്കർ തറയിൽ കിടന്ന് കരഞ്ഞു കൊണ്ടിരുന്നു.

ഹേയ്,ന്താ പണിക്കരെ ഇത്. എഴുന്നേൽക്കൂ.ജീവൻ അയാളെ ബലമായി പിടിച്ചെഴുന്നേൽപ്പിച്ചു.

ഞാൻ വാക്ക് തരുന്നു പണിക്കരെ, താങ്കളുടെ കുട്ടിക്ക് നീതി ലഭിക്കും.
ഇരുപത്തിനാല് മണിക്കൂർ സമയം എനിക്ക് തരണം.എല്ലാ പ്രതികളെയും ഞാൻ നിയമത്തിന് മുൻപിൽ കൊണ്ട് വരും.ന്നെ വിശ്വസിക്കണം.

ജീവൻ പണിക്കരുടെ കൈകൾ കൂട്ടിപ്പിടിച്ച് തന്റെ നെഞ്ചോട് ചേർത്തു.

ഇതൊരു പോലീസ് ഓഫീസറിന്റെ വാക്കുകൾ അല്ല,ഒരച്ഛന് മകൻ നൽകുന്ന ഉറപ്പ്.

അത് പറയുമ്പോൾ ജീവന്റെ കണ്ണുകളും ഈറനണിഞ്ഞു.

മതി,ഈ വൃദ്ധന് സന്തോഷായി,രാത്രി ബുദ്ധിമുട്ടിച്ചതിൽ ക്ഷമിക്കണെ. സഹായം ചോദിച്ച് കൈ നീട്ടാൻ മറ്റാരും ഇല്ല…ഇറങ്ങട്ടെ…

കൂടുതൽ ഒന്നും പറയാതെ കണ്ണുകൾ തുടച്ചു കൊണ്ട് രാമൻ പണിക്കർ ധൃതിയിൽ അവിടെ നിന്നിറങ്ങി.

ഇടറിയ കാലടികളുമായി ഇരുളിലേക്ക് നടന്ന് മറയുന്ന ആ മനുഷ്യ രൂപത്തെ നോക്കി ജീവൻ നെടുവീർപ്പിട്ടു.

തിരികെ കട്ടിലിലേക്ക് ചാഞ്ഞെങ്കിലും ജീവന് ഉറങ്ങാൻ കഴിഞ്ഞില്ല.മനസ്സ് നിറയെ ആ പതിനേഴുകാരിയുടെ മുഖമാണ്.