ഒരപ്പൂപ്പൻ താടിയുടെ യാത്ര 22

നാരായണാ,നിൻെറ അമ്മ കനലീ ചുട്ടുതരുന്ന കപ്പേം കാന്താരിച്ചമ്മന്തീം എന്തോരം കഴിച്ചതാ.ഇപ്പോ ആർക്കും അതൊന്നും വേണ്ട.ല്ലാർക്കും പുതിയ പുതിയ ആഹാരങ്ങൾ മതി.ഇന്നാള് മെഹറൂൻെറ എട്ടു വയസ്സുകാരി പറയ്യാ,അവക്കേതാണ്ട് കെ.എഫ്.സി.ചിക്കൻ മതീത്രേ.എന്തൊക്കെ തരം സാധനങ്ങളാ.കാലംപോയ പോക്കേ.

കുട്ട്യോളു ഇടയ്ക്ക് വരുമ്പോ പറയണത് ഞാനും കേട്ടിട്ട്ണ്ട് ഖാദറേ.പുതിയ തലമുറേടെ ഓരോ പരിഷ്കാരങ്ങളേ.

നിനക്കോർമ്മയുണ്ടോ,നമ്മളൊക്കെ കണ്ടത്തിലെ ചെളിയിൽ കളിച്ചു മറിയണേ.ഇന്ന് ആരേലും കുട്ട്യോളെ മണ്ണിൽ കളിക്കാനോ മഴ നനയാനോ സമ്മതിക്ക്യോ. പുഴക്കരേൽ ചൂണ്ടയിട്ടു കിട്ടണ മീൻ വീതംവച്ചെടുക്കാൻ എന്താ ബഹളം.ഇന്നാണേലോ,മൊബൈലീ ചുണ്ണാമ്പു തേച്ച് നിവരാത്ത തലയുമായി നടക്കണ കുട്ട്യോൾക്ക് തൊട്ടടുത്ത് താമസിക്കണോരേക്കൂടെ അറിയാത്ത അവസ്ഥ.

അന്നൊക്കെ ഉത്സവോം ക്രിസ്മസും പെരുന്നാളും ഒാണോമൊക്കെ ഇല്ലായ്മേം വല്ലായ്മേം മറന്ന് ഒരുമിച്ചാഘോഷിച്ചു.ഒരാൾടെ സന്തോഷോം ദുഖോമൊക്കെ എല്ലാരുടേം ആയിരുന്നു.ഇന്നു ചില മനുഷ്യരുടെ മനസ്സ് സ്വാർത്ഥതകൊണ്ടു ചുരുങ്ങി ചുരുങ്ങി കടുകുമണിയോളം ചെറുതായി.അവനവനിലേക്കു തന്നെ ഒതുങ്ങീന്നു പറയണതാവും നല്ലത്.

ങാ..കലികാലം,പറഞ്ഞിട്ടൊരു കാര്യോല്ല്യ നാരായണാ.

പണ്ട് മ്മള് സിനിമ കാണാൻ ആഗ്രഹം മൂത്ത് ഉമ്മേടെ അരിപ്പെട്ടീൽ ഒളിപ്പിച്ചിരുന്ന കാശ് കട്ടെടുത്ത് പോയപ്പോ ന്താ ണ്ടായേ?

മൂന്നമ്മമാരും ചേർന്ന് തെങ്ങിൽ കെട്ടിയിട്ടാ തല്ല്യേ.അന്നു മുഴുവനും പച്ചവെള്ളം കിട്ടിയില്ല്യാ.പക്ഷേ അതിനു ശേഷം ഒരിയ്ക്കലും കാശുകട്ടെടുത്ത് പോയിട്ടില്ല.കാശിൻെറ വില നല്ലോണം പഠിച്ചു.ഇന്നാണേൽ അച്ഛനമ്മമാരോ മാഷുമ്മാരോ കുട്ട്യോളേ തല്ലിയാൽ എന്താ പുകില്.പത്രത്തിലെ വാർത്തകളു കാണുമ്പോ വല്ലാത്ത ഭയാ.എങ്ങോട്ടാ ഇന്നത്തെ തലമുറ പോവണേ!!!

പാവം,നമ്മടെ ജോസഫിനെ മക്കളു ഗൾഫീകൊണ്ടോയിരിക്കുവല്ലേ.അവനിന്നലെ വിളിച്ചപ്പോ ഖാദറെ തിരക്കി.അവനവിടെ ആകെ മടുപ്പാ.എത്രേം പെട്ടെന്ന് നാട്ടീ വന്നാമതീന്നാ.മ്മടെ നാട്ടിലെന്തോരം മാറ്റം വന്നാലും നാട്ടിലെ സുഖമൊന്നും ഒരിടത്തും കിട്ടില്യാന്നാ അവൻ പറഞ്ഞേ.

ബാല്യത്തിൻെറ മണമുള്ള ഓർമ്മകൾ അയവിറക്കുന്ന അവർക്കിടയിൽ നിന്നും പോകാനേ തോന്നിയില്ല.
പക്ഷേ,സംസാരിച്ചു നേരം വൈകുമെന്നു തോന്നിയ അവർ പോകാൻ തുടങ്ങി.

2 Comments

  1. Sukhakaramaya vaayana… Nostalgic..

  2. Dark knight മൈക്കിളാശാൻ

    നല്ല കഥ

Comments are closed.