നോക്ക്യേടീ, ഒരപ്പൂപ്പന്താടി.
ഇതെന്താ മനുഷ്യാ,അപ്പൂപ്പൻതാടി കണ്ടു രസിക്കേണ്ടൊരു പ്രായവേ.അതൊക്കെ കുട്ട്യോളെടുത്തു കളിച്ചോളും.പറഞ്ഞത് അങ്ങനെയാണെങ്കിലും ചേടത്തീടെ നോട്ടം എൻെറ നേർക്കായിരുന്നു.
നാരായണാ..നീയ്യെങ്ങടേക്കാ..ചോദ്യം മതിലിൻെറ അപ്രത്തെ വീട്ടിൽ നിന്നുമാണ്.
കുട്ട്യോളു വരണുണ്ട് ഖാദറേ.ചന്തേലു നല്ല മീനേതെങ്കിലും കിട്ടുവോന്നു നോക്കട്ടേ.
ന്നാ പോന്നോ..ഞാനും കടയിലേക്കാ.
ഗേറ്റിനു പുറത്തേക്കെത്തിയപ്പോഴാണ് അയൽക്കാരൻ എന്നെ കണ്ടത്.
അല്ലാ, ഇതെന്താ അൻെറ കൈയ്യില്.അപ്പൂപ്പന്താടിയാ.ഇജ്ജെന്താ കുഞ്ഞൂട്ട്യാ.
അതുകേട്ട് നാരായണേട്ടൻ പൊട്ടിച്ചിരിച്ചു.
കുട്ടിക്കാലത്ത് മ്മളൊക്കെ എന്തോരം കളിച്ചേക്കണൂ.ഇപ്പഴത്തേ കുട്ട്യോൾക്ക് ഇതു വല്ലോം കാണാങ്കിട്ടുവോ.അന്നൊക്കെ നാട്ടിലെ കാവിലും പറമ്പിലമൊക്കെ പറന്നു നടക്കുന്ന കാണാമിത്.ഇന്നു കാവെവിടെ കുളമെവിടെ.ഒന്നൂല്യ.
അതൊക്കെ ഒരു കാലമല്യോ ഖാദറേ.
കൈവെള്ളയിൽ എന്നേം പിടിച്ചായിരുന്നു പിന്നീടവരുടെ സംസാരം.
അനക്കോർമ്മേണ്ടോ നാരായണാ.ജോസഫും എൻെറ പെങ്ങളു മൈമുനേം അൻെറ പെങ്ങളും ഒക്കെ കൂടി കളിച്ചു മറിഞ്ഞ മ്മടെ കുട്ടിക്കാലം.
ചില ഓർമ്മകളുണ്ട്,നമ്മളെ വിട്ടുപോകാൻ മടിച്ച് ഹൃദയത്തിൽ അങ്ങനെ പറ്റിച്ചേർന്നു കിടക്കുന്നവ.അതൊക്കെ മരിക്കുവോളം മറക്കാമ്പറ്റുവോ ഖാദറേ.
കേശവേട്ടൻെറ പറമ്പിലെ മൂവാണ്ടൻ മാവിലെ മാങ്ങ എറിഞ്ഞിട്ട് ഉപ്പും മുളകും വെളിച്ചെണ്ണേം കൂട്ടി കഴിച്ചതിൻെറ രുചി ഇന്നും നാവീന്നു മാറീട്ടില്ല.ആ പറമ്പിലൊക്കെ എന്തോരം മഷിത്തണ്ടാ ഉണ്ടായിരുന്നേ.ആരും കാണാതെ അതെടുത്ത് പെങ്ങളുകുട്ട്യോൾക്ക് സ്ലേറ്റുമായ്ക്കാൻ കൊടുക്കുമ്പോഴും കുളത്തീന്ന് ആമ്പലും താമരയും കൊണ്ടോയ് കൊടുക്കുമ്പൊഴും അവർടെ സന്തോഷം കാണണം.
പറഞ്ഞു പറഞ്ഞ് അവരീ ലോകത്തേയല്ലാന്നു തോന്നി.
Sukhakaramaya vaayana… Nostalgic..
നല്ല കഥ