ഓർമ്മകളിലെ ഓണം [Anju] 125

Views : 875

തൃക്കാക്കരയപ്പനെ വെക്കുമ്പോഴേയ്ക്കും പൂത്തറയുടെ മോളിലായി കെട്ടിയുണ്ടാക്കണ കുട്ടിപ്പെരയൊക്കെ വൈക്കോല് കൊണ്ടോ, ഓല കൊണ്ടോ വാഴയില കൊണ്ടോ മേഞ്ഞുകൊടുക്കുംട്ടോ.. .!!

തൃക്കാക്കരയപ്പനെ എങ്ങനെയാ ഉണ്ടാക്കാ മുത്തശ്ശി? മിന്നു ആശ്ചര്യത്തോടെ ചോദിച്ചു….

കളിമണ്ണോണ്ട് ഉണ്ടാക്കും, അതല്ലാച്ചാ പറമ്പിൽ നിന്നും കിട്ടണ ചോന്നമണ്ണ് വെച്ചും ഉണ്ടാക്കും… അതൊക്കെ ഓരോരുത്തരുടെ സൗകര്യല്ലേ?

കല്ല് നീക്കിയെടുത്ത മണ്ണ് കുഴച്ച് വെള്ളം വാർന്നു വരുമ്പോഴേക്കും തടിപ്പലകയിലോ തറയിലോ വെച്ചങ്ങോട്ട് തട്ടി നീർത്തും…
പൂക്കള് കുത്താനായിട്ട് ഈർക്കിൽ കൊണ്ട് കൊറച്ച് തൊളകളും ഇടുംട്ടോ….!!

എന്നാ തൃക്കാക്കരയപ്പനെ വെയ്ക്കാ? ആരാ അണിയിച്ചൊരുക്കാ? ചിന്നു ചോദിച്ചു….

ഉത്രാടത്തിന്റന്ന് വൈകുന്നേരോ, തിരുവോണത്തിന്റന്ന് പുലർച്ചയ്ക്കോ വെയ്ക്കും..
അണിയിച്ചൊരുക്കണത് എല്ലാരും കൂടി തന്ന്യാ….

അരിപ്പൊടി കലക്കിയതും കുങ്കുമവും വെച്ചൊരു അണിയിച്ചൊരുക്കലുണ്ട്ട്ടോ. തുമ്പപ്പൂവും തുളസിപ്പൂവും ഒക്കെയുണ്ടാവുംട്ടോ അലങ്കാരത്തിന്…..

ചെലര് കടലാസു പൂക്കളും കുത്തിക്കൊടുക്കും, ഒരു ചന്തം കിട്ടാനായിട്ട്…. ഏറ്റോം
ഒടുവില് ഓരോ കൃഷ്ണകിരീടം പൂവെടുത്തു തലയിലും കുത്തിക്കൊടുക്കും…

അങ്ങനെയുള്ള തൃക്കാക്കരയപ്പനെ ഒന്ന്
കാണണ്ടത് തന്ന്യാട്ടോ, പിന്നെ നെലവെളക്കും കൊളുത്തി പൂജകളും നടത്തി ആർപ്പോ ഇർരോ എന്ന് ആർപ്പും വിളിക്കും…!!

“ഓണത്തിന് വല്യ സദ്യയാണോ മുത്തശ്ശി? കുറെ പായസമൊക്കെ ഉണ്ടാവ്വോ?” ചിന്നുവും മിന്നുവും ഒരേ സ്വരത്തിൽ ചോദിച്ചു….

“നല്ല കഥ ആയിട്ടുണ്ട്ട്ടോ. ഓണത്തിന്റന്നല്ലേ ന്റെ കുട്ട്യോളെ, സദ്യ മേളം…!!

ഉപ്പു തൊട്ടു കർപ്പൂരം വരെ എല്ലാം ഉണ്ടാവുംന്നല്ലേ പറയാ. ഏഴുകൂട്ടം കറിയും’ പഴവും’ പായസവും’ പപ്പടവും’ ശർക്കര ഉപ്പേരിയും കൂട്ടി ഒരു പിടി പിടിക്കുംട്ടോ….

ഓണത്തിന് ദാരിദ്ര്യം ഉണ്ടാവേയില്ല്യ….കാണം വിറ്റും ഓണം ഉണ്ണുമെന്ന് തന്നെ….
അതിലൊരു മാറ്റവും ഇല്ല്യാട്ടോ”നല്ലൊരു ഓണസദ്യ ഉണ്ടപ്രതീതിയായിരുന്നു മുത്തശ്ശിയുടെ മുഖത്ത്….!!

പാട്ടും കളികളും കുറെയുണ്ടാവുമല്ലേ? ചിന്നു മുത്തശ്ശിയുടെ അടുത്തേക്ക് നീങ്ങിയിരുന്നു കൊണ്ട് ചോദിച്ചു….

“ഓണസദ്യയും കഴിഞ്ഞ് കുറച്ചു നാട്ടു വാർത്താനോം പറഞ്ഞ് അമ്പലത്തിലേക്കൊരു പോക്കാണ്…..

അവിടെയല്ലേ ഓണക്കളികള് നടക്കണത്. ചെല വല്ല്യ തറവാടുകളിലും ഉണ്ടാവുംട്ടോ….

ഉറിയടിയും ,കോൽക്കളിയും,
കൈക്കൊട്ടിക്കളിയും, തുമ്പി തുള്ളലും ഒക്കെയുണ്ടാവും….

ഓണപ്പാട്ടും വടംവലിയുമൊക്കെയായി ഓണം കൊഴുപ്പിക്കുംട്ടോ…. പല ദേശക്കാരുടെയും കുമ്മാട്ടി വരവും കാണാൻ പോവും. മാവേലീടെ
വരവും ഒന്ന് കാണണ്ടത് തന്ന്യാട്ടോ, അഞ്ചാം ഓണത്തുന്നാള് പുലിക്കളിയും ഉണ്ടാവും…!!

മുത്തശ്ശിയുടെ മുഖത്ത് നിന്ന് പണ്ടത്തെ
ഓണക്കാലത്തെ വായിച്ചെടുക്കാൻ പറ്റി
മിന്നുവിനും ചിന്നുവിനും…..

“അയ്യയ്യോ! നേരം പൊയെന്റെ കുട്ട്യോളെ,
എന്നാപ്പിന്നെ മുത്തശ്ശി അങ്ങ്ട് നടക്കട്ടെട്ടോ…”

കുട്ടികളോട് യാത്രയും പറഞ്ഞ് ഓണത്തിന്റെ ഓർമ്മകളിൽ മുഴുകി കാർത്ത്യായനി മുത്തശ്ശി ഇറങ്ങി നടന്നു. അപ്പോഴും, മുത്തശ്ശിയുടെ ഓണക്കാല വിശേഷങ്ങൾ കേട്ട
ഉന്മേഷത്തിലായിരുന്നു മിന്നുവും ചിന്നുവും ….!!!

Recent Stories

The Author

Anju

8 Comments

  1. ഋഷി മൂന്നാമൻ

    💖💖💖

  2. ഓണത്തെ കച്ചവടവത്കരിച്ചപ്പോൾ
    മറന്നു പോകുന്ന യഥാർത്ഥ
    ഓണാഘോക്ഷം……

    ഓർമപ്പെടുത്തിയ നല്ല മുത്തശ്ശി🥰

  3. തികച്ചും ഒരു യാദർത്യം …
    പഴയകാല ഓണവും ഇപ്പോഴത്തെ ഓണവും രണ്ടും കാണിച്ചു തന്നു …
    നന്നായിട്ടുണ്ട് … 👍🏻👍🏻

  4. സുജീഷ് ശിവരാമൻ

    വളരെ നല്ല എഴുത്ത്… വീണ്ടും ഓര്മകളിലേയ്ക് ഒരു എത്തിനോട്ടം… വീണ്ടും എഴുതുക… അടുത്തതിനായി കാത്തിരിക്കുന്നു..

  5. നല്ല എഴുത്തു.. മിന്നുവിന്റെയും ചിന്നുവിന്റെയും കൂടെ ഞങ്ങളും

  6. കയ്യെത്തും ദൂരെ ഒരു കുട്ടിക്കാലം എന്ന പാട്ട് ഓര്മവരുന്നു..
    നല്ല എഴുത്ത്..
    തുടർന്നും കഥകൾ പ്രതീക്ഷിക്കുന്നു❤️

  7. ഓർമ്മകൾ പങ്ക് വയ്ക്കാൻ കാരണവന്മാരില്ലാത്ത, ടെലിവിഷൻ ചാനലിലെ പരിപാടിയാണ് ഓണമെന്ന് വിശ്വസിക്കുന്ന പുതുതലമുറയ്ക്ക് പകർന്നുകൊടുക്കാൻ കഴിയുന്നതാണ് ഈ വിവരണം…

  8. വീണ്ടും ആ ഓർമ്മകളിലേക്ക്….

Comments are closed.

kadhakal.com © 2022 | Stories, Novels, Ebooks | Contact us : info@kadhakal.com