ഓർമ്മകളിലെ ഓണം [Anju] 126

ഓർമ്മകളിലെ ഓണം

Ormakalile Onam | Author : Anju

 

ഓണം വെക്കേഷന് മുംബൈയിൽ നിന്നും തൃശൂരിലുള്ള അമ്മവീട്ടിൽ എത്തിയതാണ് മിന്നുവും ചിന്നുവും… രണ്ടുപേരും കൂടി അച്ഛന്റെ മൊബൈലിൽ തിരുവാതിരക്കളിയുടെ
വീഡിയോസ് കാണുന്നതിനിടയ്ക്കാണ് കാർത്ത്യായനി മുത്തശ്ശിയുടെ വരവ്………..!!”എന്തൂന്നാ കുട്ട്യോളെ ഈ പെട്ടിയിലിങ്ങനെ തോണ്ടി വരയ്ക്കണത്? വെറ്റിലേല് ചുണ്ണാമ്പു തേയ്ക്കണ കൂട്ട്”
വീടിന്റെ ഇറയത്തേക്ക് കയറിയിരുന്നു കൊണ്ട് അവർ ചോദിച്ചു…..!!

“അയ്യോ! ഇത് മൊബൈലാ മുത്തശ്ശി. ഞങ്ങൾ ഓണപ്പരിപാടികൾ കാണുകയാ” ചിന്നുവാണ് മറുപടി പറഞ്ഞത്….!!

ഓണക്കളികളൊക്കെ ഇങ്ങനെ കാണേണ്ട സ്ഥിതിയായില്ലേ കുട്ട്യോളെ? ആയ കാലത്ത് എത്ര കളിച്ചേക്കുന്നു ഞങ്ങളിതൊക്കെ…!!

“ങേ? മുത്തശ്ശി ഓണക്കളി കളിച്ചിട്ടുണ്ടോ?”

“പിന്നില്ല്യാണ്ട്, എല്ലാ കളികളും കളിച്ചിട്ടുണ്ടന്റെ പിള്ളരെ, അന്നൊക്കെ ഓണംന്ന് വെച്ചാ ഒരു ഉത്സവം തന്ന്യാ”
വായിൽ നിറഞ്ഞ മുറുക്കാൻ തുപ്പൽ മുറ്റത്തേക്ക് നീട്ടിത്തുപ്പിക്കൊണ്ട് കാർത്ത്യായനി മുത്തശ്ശി പറഞ്ഞു….!!

“ദേശമെങ്ങും പുകഴും എന്നങ്ങ്ട് പാടിത്തുടങ്ങിയാൽ നേരം പുലർന്നാലും തീരില്ല്യാട്ടോ കളികള്” മുത്തശ്ശിയുടെ മുഖം പഴയ ഓർമ്മകൾ കൊണ്ട് പ്രസന്നമായി….!!

ചിന്നുവും മിന്നുവും ഉത്സാഹഭരിതരായി പഴയ കാലത്തെ ഓണക്കഥകൾ കേൾക്കാൻ കാതു കൂർപ്പിച്ച് മുത്തശ്ശിയുടെ തൊട്ടടുത്തായി ചമ്രം പടിഞ്ഞിരുന്നു…!!

കാർത്ത്യായനി മുത്തശ്ശി ചിരിച്ചുകൊണ്ട് തുടർന്നു.
“അത്തത്തിന്റന്ന് തുടങ്ങണ ഓണം എത്ര ദിവസമാണെന്നാ?
അത്തം കറുത്താൽ ഓണം വെളുക്കുംന്നല്ലേ?
അതോണ്ട് മഴേടെ കാര്യോക്കെക്കെ നോക്കീട്ടാ ഓണം
എങ്ങനെയുണ്ടായിരുന്നൂന്ന് പറയാ ആളോള്….!!”

“ഓണത്തിന് തൊട്ടുമുൻപ് കൊയ്തെടുത്ത നെല്ല് പുഴുങ്ങി കുത്തിയുണ്ടാക്കണ അരി കൊണ്ട് ഓണസദ്യയുണ്ടാക്കിയ ഒരു
കാലമൊക്കെയുണ്ടാർന്നു… അതൊക്കെ
ഓർക്കാൻ തന്നെ എന്ത് രസാണെന്റെ കുട്ട്യോളെ…!!”
മുത്തശ്ശി നെടുവീർപ്പിട്ടു….

പൂക്കളമിടാൻ പൂക്കളൊക്കെ എവിടന്നാ വാങ്ങിക്കാറ് മുത്തശ്ശി? ഇന്നത്തെ പോലെ കിറ്റുകൾ ആയിട്ടാണോ അന്നും?
സംശയം ചിന്നുവിനായിരുന്നു….

പൂക്കള് വാങ്ങിക്ക്യേ? അസ്സലായി. മ്മ്ടെ തൊടീലെ പൂക്കള് കൊണ്ടെന്ന്യാ പൂക്കളം ഇടണത്….

ചെമ്പരത്തീം കാശിത്തുമ്പയും’
കോളാമ്പിപ്പൂവും’ കൊങ്ങിണിപ്പൂവും, പോരാത്തേന് പാടത്തെ ചാമപ്പൂവും’ പല നെറത്തിലുള്ള പൂക്കളാ പറിച്ചോണ്ടു വരാ….

അരിപ്പൂവും മുക്കുറ്റിയും തുളസിയും
നാലുമണിപ്പൂവും അങ്ങനെ എത്ര തരത്തിലാ പൂക്കള് ന്നറിയോ?

മൂലത്തുനാള് മൂല തിരിച്ചന്നെ കളം ഇടണംന്നാണ്…

പൂത്തറയില് ഇടണ പൂക്കളം മഴയത്ത് നനയാണ്ടിരിക്കാൻ കുട കുത്തികൊടുക്കണോരും ഉണ്ട്……

8 Comments

  1. ഋഷി മൂന്നാമൻ

    ???

  2. ഓണത്തെ കച്ചവടവത്കരിച്ചപ്പോൾ
    മറന്നു പോകുന്ന യഥാർത്ഥ
    ഓണാഘോക്ഷം……

    ഓർമപ്പെടുത്തിയ നല്ല മുത്തശ്ശി?

  3. തികച്ചും ഒരു യാദർത്യം …
    പഴയകാല ഓണവും ഇപ്പോഴത്തെ ഓണവും രണ്ടും കാണിച്ചു തന്നു …
    നന്നായിട്ടുണ്ട് … ????

  4. സുജീഷ് ശിവരാമൻ

    വളരെ നല്ല എഴുത്ത്… വീണ്ടും ഓര്മകളിലേയ്ക് ഒരു എത്തിനോട്ടം… വീണ്ടും എഴുതുക… അടുത്തതിനായി കാത്തിരിക്കുന്നു..

  5. നല്ല എഴുത്തു.. മിന്നുവിന്റെയും ചിന്നുവിന്റെയും കൂടെ ഞങ്ങളും

  6. കയ്യെത്തും ദൂരെ ഒരു കുട്ടിക്കാലം എന്ന പാട്ട് ഓര്മവരുന്നു..
    നല്ല എഴുത്ത്..
    തുടർന്നും കഥകൾ പ്രതീക്ഷിക്കുന്നു❤️

  7. ഓർമ്മകൾ പങ്ക് വയ്ക്കാൻ കാരണവന്മാരില്ലാത്ത, ടെലിവിഷൻ ചാനലിലെ പരിപാടിയാണ് ഓണമെന്ന് വിശ്വസിക്കുന്ന പുതുതലമുറയ്ക്ക് പകർന്നുകൊടുക്കാൻ കഴിയുന്നതാണ് ഈ വിവരണം…

  8. വീണ്ടും ആ ഓർമ്മകളിലേക്ക്….

Comments are closed.