ഒപ്പം 29

കുറച്ചു സമയത്തിന് ശേഷം പുറത്തേക്കു വന്ന് സുഹൃത്തിനോട് ബൈക്ക് സ്റ്റാർട്ട്‌ ആക്കാൻ ഞാൻ പറയുമ്പോൾ എന്റെ മനസ്സ് വിങ്ങിപൊട്ടുകയായിരുന്നു.

സർട്ടിഫിക്കറ്റ് കിട്ടിയോ എന്ന സുഹൃത്തിന്റെ ചോദ്യത്തിന് എല്ലാം വഴിയേ പറയാം വീട്ടിലേക്കു വണ്ടിതിരിക്കെന്നു പറഞ്ഞു യാത്രയ്ക്കു ആക്കം കൂട്ടുമ്പോഴും എന്റെ മനസ്സിലെ നീറ്റൽ അടങ്ങിയിരുന്നില്ല.

ബൈക്കിലിരിക്കുമ്പോൾ ഡോക്ടർ ചോദിച്ച ചോദ്യങ്ങൾ എന്റെ കാതിൽ അലയടിച്ചുകൊണ്ടിരുന്നു.

“മകന് ജോലി കിട്ടിയപ്പോൾ കൂടെ വരണമെന്ന് ആ അമ്മയ്ക്ക് ആഗ്രെഹമില്ലായിരുന്നോ ”

“എന്റെ കൂടെ അമ്മയല്ലേ ആദ്യം വരണ്ടതെന്ന് ആത്മാർഥമായി പറയാൻ മടി കാണിച്ചതെന്തേ ”

“ഓരോ പരീക്ഷ എഴുതാൻ പോവുമ്പോഴും ആ അമ്മ എത്ര പണം കടം മേടിച്ചു തന്നിട്ടുണ്ടാവും ”

“ഓരോ പരീക്ഷയും കഴിയുമ്പോൾ എന്റെ കുഞ്ഞിന് ജോലി കിട്ടണേ ന്ന് ആ അമ്മ എത്ര തവണ ഉള്ളുരുകി പ്രാർത്ഥിച്ചിട്ടുണ്ടാവും ”

“ഇന്നൊരു ദിവസമെങ്കിലും പണിക്കു പോകണ്ടമ്മേ എന്നു പറയാൻ മറന്നതെന്തേ ”

“ജോലിസ്ഥലത്തേക്ക് ഈ മകൻ വിളിച്ചു കൊണ്ടു പോകുമെന്ന് ആ അമ്മയും സ്വപ്നം കണ്ടു കാണില്ലേ ”

അകലെ പാടത്തു പണിയെടുക്കുന്ന അമ്മയെ കണ്ടപ്പോൾ ബൈക്ക് ഒതുക്കാൻ സുഹൃത്തിനോട് പറഞ്ഞു.

പാടത്തു പണിയെടുക്കുന്ന അമ്മയുടെ അടുത്തേക്ക് ബൈക്കിൽ നിന്നും ഇറങ്ങി നടക്കുമ്പോൾ കാലുകൾക്ക് വേഗത പോരെന്നു തോന്നുന്നുണ്ടായിരുന്നു.

എന്റെ തിരക്കിട്ട വരവ് കണ്ടു കണ്ടത്തിലെ ചെളിയുതിർന്ന കാലുമായി വരുന്ന അമ്മയുടെ മുഖത്തു എനിക്കെന്തു സംഭവിച്ചെന്നുള്ള ആകാംഷ ആയിരുന്നു.

ആ കാലുകൾ പുഴവക്കിലെ വെള്ളത്തിൽ കഴുകി വീട്ടിൽ വന്നു കുളി കഴിഞ്ഞു സാരി മാറി എന്റെ ബൈക്കിന്റെ പിന്നിലേക്ക് ഇരിക്കുമ്പോഴും ആ മുഖത്തെ അത്ഭുതം വിട്ടുമാറിയിരുന്നില്ല.

പോകുന്ന വഴി അമ്മയുടെ കാലിലെ തേഞ്ഞു തീർന്ന ചെരുപ്പിനു പകരം പുതിയൊരെണ്ണം വാങ്ങി ആ കാലിൽ ഇട്ടുകൊടുക്കുമ്പോൾ കാശു വെറുതെ കളയണ്ടെന്ന് അമ്മ പിറുപിറുക്കുന്നുണ്ടായിരുന്നു.

ഗവണ്മെന്റ് ഹോസ്പിറ്റലിൽ വനിതാ ഡോക്ടറുടെ മുന്നിലേക്ക് അഭിമാനത്തോടെ ഇതാണ് എനിക്ക് കൂട്ടുവന്ന എന്റെ അമ്മയെന്ന് പറയുമ്പോൾ ആ ഡോക്ടറുടെ മുഖത്തു ഒരു മന്ദഹാസം വിടരുന്നുണ്ടായിരുന്നു.

2 Comments

  1. Well narrated… Plot iniyum nallathu kondu varu… Your way of narration is so good.

  2. അവസാന ഭാഗത്ത് കഥാപാത്രങ്ങളുടെ മാത്രമല്ല വായനക്കാരുടെം കണ്ണ് നിറയിച്ച് കളഞ്ഞു.

Comments are closed.