നക്ഷത്രക്കുപ്പായം 30

അതേ..ആതിര തന്നെ..സോഫിയേക്കാൾ കൂടുതൽ താനന്നു മനസ്സു തുറന്നു സംസാരിച്ചത് സിസ്റ്റർ ആതിരയോടായിരുന്നു..
അനസിന്റെ മുഖത്ത് സന്തോഷത്തിന്റെയും പ്രതീക്ഷയുടെയും ഒരു പുഞ്ചിരി വിരിഞ്ഞു..

പിറ്റേന്ന് സോഫി ജോലിക്ക് പോയ സമയം നോക്കി അനസ് ആതിരയുടെ വീട്ടിലെത്തി..

അതിശയഭാവത്തിൽ ഉറ്റു നോക്കി കൊണ്ടിരിക്കുന്ന ആതിരയെകണ്ട് അവനൊരു പുഞ്ചിരിയോടെ ചോദിച്ചു..

“ആതിരക്ക് എന്നെ മനസ്സിലായില്ലേ..”

“ആഹാ..ഇതു നല്ല ചോദ്യം..ഇയാളല്ലേ ഞങ്ങളെ മറന്നു കളഞ്ഞത്..പിന്നെ ഒരിക്കലെങ്കിലും ഒന്നു ഹോസ്പിറ്റലിൽ വരുമെന്ന് കരുതി..”
ആതിര കുറ്റപെടുത്തുന്ന പരിഭവത്തോടെ പറഞ്ഞു..

“അത്..പിന്നെ..എന്റെ റെസ്റ്റ് കഴിഞ്ഞതോടെ ഉപ്പാന്റെ മരണവും എല്ലാം കൂടി കഴിഞ്ഞപ്പോ നിങ്ങളെ കാണാനായി വന്നതാ…അപ്പോഴേക്കും രണ്ട് സിസ്റ്റർമാരും അവിടെന്ന് മുങ്ങിയെന്നുള്ള വിവരം കേട്ടത്..”

“ഉം..പിന്നെ എന്താ ഇയാൾടെ വിശേഷം..കല്യാണമൊക്കെ കഴിഞ്ഞോ…”

“ആ..കല്യാണമൊക്കെ കഴിഞ്ഞു..അതൊക്കെ പറയാം ..ഇയാൾടെ സോഫീടേം വിശേഷം പറ..”

പാതി മറച്ചു വെച്ച തന്റെ കഥക്ക് മുന്നേ അവരുടെ വിശേഷം അറിയാനായിരുന്നു അനസിനു തിടുക്കം..

“എന്റെ കല്യാണം കഴിഞ്ഞു..ഹസ്സ് എറണാകുളം ഒരു കമ്പനിയിൽ വർക്ക് ചെയ്യുന്നു.. ആഴ്ചയിലൊരിക്കലൊന്നു വന്ന് തല കാണിച്ചു പോവും..ഒരു വാവയുണ്ട്.. ഞാൻ ഒരു ഹോസ്പിറ്റലിൽ പോവുന്നുണ്ട്..കുറച്ച് ഡേയ് ലീവെടുത്ത്..”

“സോഫിയോ..?”

അനസിന്റെ ചോദ്യത്തിനൊരു നിമിഷം അവൾ മൗനം പാലിച്ചു നിന്നു..

“പറ ആതിരാ..സോഫിയുടെ വിശേഷം എന്താ…?”

“അതൊക്കെ ഒരു കഥയാ അനൂ..അതു പറയാതിരിക്കാ നല്ലത്..”

“നീ പറ‌..ആതിരാ… ഒരു കഥ കേൾക്കാനൊക്കെ എനിക്ക് സമയമുണ്ട്…”

അനസിന്റെ നിർബന്ധത്തിനു വഴങ്ങി
നാലുവർഷം മുന്നേ നടന്ന ആ കഥയുടെ തിരനോട്ടത്തിലേക്ക് ആതിര അനസിനെയും കൊണ്ട് കടന്നുപോയി..സോഫിയയുടെയും അജ്മലിന്റേയും പ്രണയത്തിൽ വിരിഞ്ഞ ആ വസന്ത കാലത്തിന്റെ ഓർമ്മകളിലേക്ക്…
പിന്നീട് ചിന്നിച്ചിതറി വീണ അവരുടെ ജീവിതത്തിലേക്ക്….

അനസിനു കുടിക്കാൻ ഒരു കോഫികൊടുത്തുകൊണ്ട് അവൾ തുടർന്നു..

“അനൂ..സോഫിയുടെ ജീവിതത്തെക്കുറിച്ച് പറയുന്നതിനു മുന്നേ നീ അജുനെ കുറിച്ചറിയണം..അജ്മൽ എന്ന അജുനെ കുറിച്ച്…”

ആ‌തിരയുടെ ഓരോ വാക്കുകൾക്കും കാതോർത്തു കൊണ്ട് അനസ് അവൾക്കുമുന്നിലൊരു കൊച്ചു കുട്ടിയെപോലിരുന്നു..
കോഴിക്കോട് മാവൂരിന്നടുത്തുള്ള ഒരു കൊച്ചുഗ്രാമത്തിലാണ് ഈ അജ്മലിന്റെ വീട്.. ഇവരുടെ നാടിനെക്കുറിച്ചു പറയാണേൽ അത് വർണ്ണനകൾക്കതീതമായിരിക്കും
പ്രകൃതി അതിന്റെ നിറച്ചാർത്തത്രയും നൽകി‌ സമ്പന്നമാക്കിയ വയലോരങ്ങളിൽ അഹങ്കാരത്തോടെ ഞെളിഞ്ഞു നിൽക്കുന്ന നെൽക്കതിരുകളും കളകളാരവങ്ങളിലൊഴുകി വരുന്ന അരുവികളും കുട്ടിക്കുറുമ്പന്മാരുടെ വികൃതിക്കു മുന്നിൽ തെന്നി വഴുതി മാറുന്ന പരൽ മീനുകളും ഓരോ പുൽനാമ്പുകളുടേയും ചുംബനമേറ്റു കിടക്കുന്ന മഞ്ഞുകണങ്ങൾ പ്രഭാതകിരണങ്ങളുമായേറ്റുമുട്ടി മഴവില്ലുതീർത്ത് തണുപ്പിന്റെ ആവാരം പുതച്ചുറങ്ങുന്ന ഒരു ഗാന്ധർവ്വ സുന്ധരിയെപ്പോലെ മനോഹരിയായ നാട് …സായാഹ്ന വേളയിൽ പാടവരമ്പത്ത് ചേക്കേറുന്ന ദേശാടനപക്ഷികളിൽ മലമുഴക്കി വേഴാമ്പൽ മുതൽ പുള്ളിയുടുപ്പണിഞ്ഞ പൂമ്പാറ്റ വരേ ആ നാടിന്റെ നാമത്തെ എടുത്തുകാട്ടി സന്ദർശകരുടെ മിഴികളിൽ പറുദീസ തീർക്കുന്നു..
..ആ ഗ്രാമത്തിന്റെ ഒരു മൂലയിൽ മൂന്നു മുറികളും ഒരു കിച്ചണും ഡൈനിംഗ് ഹാളും സിറ്റൗട്ടുമായി പാതി തേച്ച ചുമരുകൾക്കുള്ളിലായൊതുങ്ങി റോഡരുകിൽ ഒരു കുഞ്ഞു വീടുണ്ട് അതാണ് അജ്മലിന്റെ വീട്..അവിടെ ഉമ്മ ഖൈറുന്നീസയും രണ്ടുമക്കളും..അജ്മൽ, ഷമീല
പഠിച്ചതും വളർന്നതും എല്ലാം മാവൂർ പ്രദേശത്ത് തന്നെ..പ്രത്യേകിച്ച് പറയാൻ മാത്രം ബന്ധുക്കളൊന്നുമില്ലാ…ഖൈറുത്താക്ക് ഒരു സഹോദരനുണ്ട് റഫീഖ്…പാലക്കാട് ആയിരുന്നു ആദ്യം ഇവർ..പിന്നെ അജ്മലിനു രണ്ടു വയസ്സായത് തൊട്ട് ഇങ്ങോട്ട് കുടിയേറിയതാന്നാ കേട്ടത്… അത്യാവശ്യം തരക്കേടില്ലാത്ത സാമ്പത്തിക സ്ഥിതിയിലായിരുന്നു ഉപ്പയുള്ള കാലത്തോളം ജീവിച്ചിരുന്നേ..പിന്നെ അവനു പത്താം ക്ലാസിൽ പഠിക്കുമ്പോ ഉപ്പാനെ നഷ്ടപ്പെട്ടു..എല്ലാവരേയും പോലെ ജീവിതഭാരമൊന്നും ചുമക്കേണ്ടി വന്നില്ലാ..എന്നു വെച്ചാ ഉമ്മ ഖൈറുത്താ അതിനനുവദിച്ചില്ലാ..മറ്റുള്ള വീടുകളിൽ അടുക്കളപ്പണിക്കും മറ്റും പോയി ഖൈറുത്താാ രണ്ടു മക്കളേയും ഒരു അല്ലലും അറീക്കാതെ വളർത്തി കൊണ്ടു വന്നു..അതിന്റെ എല്ലാ കുറവും നമ്മളേ അജ്മലിൽ കാണാനുമുണ്ടായിരുന്നു ട്ടോ…
എന്നാലിനി അജ്മലിനെയൊന്നു പരിചയപ്പെടാം..

“ന്റെ പൊന്നാര അജ്മലേ…ആ ഫോൺ അവിടെടേലും വെച്ചിട്ട് കുറച്ചരി വാങ്ങികൊണ്ടോര്..ഉച്ചക്ക് വല്ലതും മ്ണ്ങ്ങണന്നുണ്ടേല്..”
ഉമ്മ ഖൈറുത്താന്റെ സ്ഥിരം പല്ലവിയാ ഇത്…

3 Comments

  1. ഇതിന്റെ ബാക്കി പെട്ടന്ന് ഇടനെ plzzz

  2. gud story next part petennu venam

Comments are closed.