നക്ഷത്രക്കുപ്പായം 30

“മോളെ വീട് എവിടെയാ..?”

വെളുത്തു തുടുത്തൊരാ മുഖത്ത് പുഞ്ചിരി വിരിയുന്നതൊരു ആശ്ചര്യത്തോടവൻ നോക്കി കാണുകയായിരുന്നു..

“അതു കുറച്ചു ദൂരയാ ഉമ്മാ..വടകര..”

സോഫിയുട മധുരമൂറുന്ന ആ വാക്കുകൾ കേട്ട് ശ്വാസം പോലും വിടാൻ മറന്നുകൊണ്ടൊരു പ്രതിമ കണക്കെ നിൽക്കുകയായിരുന്നു അവൻ..

“അപ്പോ വടകരേക്ക് എങ്ങനാ മോള് പോവാ..രണ്ടാഴ്ച കഴിഞ്ഞാവും ലേ..”

ഖൈറുത്താന്റെ കൈനിവർത്തി പ്രഷർ നോക്കുന്നതിനിടയിലവൾ ഒരു നിമിഷം അവരുടെ മുഖത്തേക്ക് തന്നെ കണ്ണിമവെട്ടാതെ നോക്കികൊണ്ടിരുന്നു.. ..കണ്ടുമറന്ന ഈ മുഖത്തിന് തന്റെ ഓർമ്മയിലേ ഉമ്മാന്റെ ഛായയുണ്ടോ …അതോ തന്റെ തോന്നലാണോ..
തന്റെ മുഖറ്റത്തേക്ക് തന്നെ ഉറ്റു നോക്കികൊണ്ടിരിക്കുന്ന സോഫിയെ നോക്കി ഖൈറുത്താ പറഞ്ഞു..

“പറയാനിഷ്ടല്ലാച്ചാ പറയണ്ടാാട്ടോ മോളേ..മോളോടെനിക്കെന്തോ ഒരു അടുപ്പം പോലെ തോന്നി..അതോണ്ട് ചോദിച്ചെന്നേ ഉള്ളൂ..”

“ഹേയ്….അങ്ങനൊന്നും ഇല്ല ഉമ്മാ…എനിക്ക് പോവാനായിട്ട് അവിടെ ആരുമില്ലാ…അതോണ്ടാ…
ഞാനിവിടെയൊരു ഹോസ്റ്റലിലാ താാമസം..”

“അപ്പോ..മോളെ ഉപ്പയും ഉമ്മയുമൊക്കെയോ..”

പുച്ഛം കലർന്നൊരു ചിരി ആ ചുണ്ടുകളിലൂടെ കടന്നുപോയി..

“എനിക്ക് ആറു വയസ്സുള്ളപ്പോ എന്റെ ഉമ്മ പോയി…ന്നെ നോക്കാനെന്നും പറഞ്ഞ് ഉപ്പ വേറെ കല്യാണോം കഴിച്ചു..പക്ഷേ എന്റെ എളേമ്മ ഓരോ കാര്യങ്ങൾ പറഞ്ഞു ഉപ്പാനെ വശത്താക്കി..ഉപ്പാക്കും എളേമാക്കും ഞാനൊരു ഭാരാന്ന് തോന്നിയപ്പോ ഓരെന്നെ കോഴിക്കോട് ഒരു ഓർഫനേജിൽ കൊണ്ടാക്കി..സ്വന്തം ഉപ്പയാന്ന് പറഞ്ഞാൽ അവിടെ എടുക്കൂലാന്ന് പറഞ്ഞ് ഒരു ബന്ധുവിന്റെ മോളാന്ന് പറ‌ഞ്ഞു ഉപ്പ അവിടെ കൊണ്ടോയാക്കിയതെന്ന് പിന്നീടവിടുള്ളോരു പറഞ്ഞാ അറിയ്ണേ..
പിന്നെ പഠിച്ചതും വളർന്നതും ഒക്കെ അവിടെയാ..നല്ലപ്പോലെ പഠിക്കാനാണവിടെ കൊണ്ടോയാക്കിയതെന്നും ഉപ്പ ഒരു ദൂരയാത്ര കഴിഞ്ഞു വന്നുടനെ മോളെ കൂട്ടികൊണ്ടോയ്ക്കോളാന്നു പറഞ്ഞതും ഓർമ്മയുണ്ട്…ഉപ്പാന്റെ ആ വരവും പ്രതീക്ഷിച്ചോണ്ട് അന്നൊക്കെ എല്ലാ ദിവസവും അവിടെത്തെ ഗേറ്റിനരികിൽ പോയിരിക്കായിരുന്നു..പിന്നെ ക്രമേണ നിക്ക് ബോധ്യായി..ഇങ്ങനെ ഒരു മോളെ കാണാൻ ആ ഉപ്പ ഇനി ഒരിക്കലും വരൂലാന്ന്…”

ഒരു കഥ കേട്ടിരിക്ക്ണ പോലെ ഷമീലയടക്കം എല്ലാവരും സോഫീടെ മുഖത്തേക്ക് തന്നെ കണ്ണും നട്ടിരിക്കായിരുന്നു…തന്റെ സ്വന്തമെന്ന് തോന്നിയ ആരോ പോലെ തോന്നിയതോണ്ടാവാം തെല്ലൊരു മടികൂടാതെ എല്ലാം അവർക്കു മുന്നിൽ വെട്ടി തുറന്നത്..

“ഉപ്പാന്റെം ഉമ്മാന്റെം വേറേ ബന്ധുക്കളാരും ഇല്ലേ മോളേ..”

ഖൈറുത്താന്റെ ആ ചോദ്യത്തിനുള്ള മറുപടിക്കായി വാതിലിനപ്പുറം മറ്റൊരു പിടക്കുന്ന മനസ്സും കാതോർത്തിരിക്കുന്നുണ്ടായിരുന്നു ..അജ്മലിന്റ്റെ..

“അറിയില്ല ഉമ്മാ..ഞാനന്ന് ചെറിയ കുട്ടിയല്ലേ..എന്റെ അവ്യക്തമായ ഓർമയിലിന്നും തെളിയാതെ കിടക്കുന്നൊരു മുഖമുണ്ട്..എന്റെ അമ്മായിടെ..സ്വന്തം ഉപ്പാക്കില്ലാത്ത സ്നേഹം ഓര്ക്ക് എങ്ങനെണ്ടാവാനാ.. ഒരുപാട് കാലം കാത്തിരുന്നു അവരേയും..നാളിതുവരേയായിട്ടും അങ്ങനാരേം ഞാനിന്നോളം കണ്ടില്ലാ…ഇനി യെനിക്ക് കാണുകേം വേണ്ടാ”

ഒരു ചെറുപുഞ്ചിരിയോടെ സോഫി എല്ലാം പറഞ്ഞു തീർക്കുമ്പോഴേക്കും അവളുടെ കണ്ണുകളിൽ നനവു പടർന്നിരുന്നു..

“സാരല്യ മോളേ..”
എന്തു പറഞ്ഞാശ്വസിപ്പിക്കണമെന്നറിയാതെ വിഷമിക്കുന്ന ഖൈറുത്താാക്ക് മുന്നിൽ വിഷയം മാറ്റാനെന്നോണമാായിരുന്നു പിന്നീടവൾ സംസാരിച്ചത്..

“എന്നാ ശരി ഉമ്മാ..മരുന്നൊക്കെ നല്ലപോലെ കഴിക്കണേ..ഡോക്ടർസാറ് ഞങ്ങളെ പ്രത്യേകം പറഞ്ഞേൽപ്പിച്ചിട്ടുള്ളതാ… അറിയാലോ..”

ഒരു ശാസനാ രൂപത്തിൽ ഖൈറുത്താനെ നോക്കി ഒരു പുഞ്ചിരി സമ്മാനിച്ചവൾ അവിടെ നിന്നും പുറത്തു കടന്നു..അകതാരിൽ ഒളിഞ്ഞു കിടക്കുന്ന ആ കദനകഥയെ പുറത്തേക്ക് തുറന്നു വിട്ടപ്പോൾ ഒഴുകാൻ വെമ്പി നിൽക്കുന്ന ആ കണ്ണീർ തുള്ളികളെയവൾ കൺപീലികളാൽ തടഞ്ഞുവെച്ചു..

പുറത്തേക്ക് കടക്കുമ്പോഴാണ് വാതിൽക്കൽ പതുങ്ങി നിൽക്കുന്ന അജ്മലിനെയും ഷംസുവിനേയും അവളുടെ ശ്രദ്ധയിൽ പെട്ടത്..ഒരു ദയാർദ്രമായ മിഴികളാൽ ഉറ്റു നോക്കി കൊണ്ടിരിക്കുന്ന അജ്മലിന്റെ മിഴികൾ തന്നോടായെന്തോ സ്വകാര്യം പറയുന്ന പോലെയവൾക്ക് തോന്നി..എന്തുപറയണമെന്നറിയാതെ നിശ്ചലനായി നിൽക്കുന്ന അജ്മലിനെ മറികടന്നു അവൾ വേഗത്തിൽ നടന്നു..

“അജോ..ഇയ്യ് എന്താലോചിച്ച് നിൽക്കാ..‌”
നിറഞ്ഞു വന്ന മിഴികൾ കൈകൊണ്ടു തുടച്ചു മാറ്റുമ്പോൾ അജ്മൽ അവിടെ ഒരു തീരുമാനത്തിനു അടിവരയിട്ടു..

“അതേ..നീ…നീമാത്രമാണ് സോഫീ.. ഇനിയീ ഭൂമുഖത്തെന്റെ പെണ്ണ്..”
മിന്നിമറിയുന്ന താരകങ്ങൾക്കൊപ്പം പുഞ്ചിരി തൂകി നിൽക്കുന്ന അമ്പിളിക്കെത്ര ഭംഗിയുണ്ടോ അത്രക്കും മനോഹരിയാണെന്റെ പെണ്ണും അവളുടെ മനസ്സും..

3 Comments

  1. ഇതിന്റെ ബാക്കി പെട്ടന്ന് ഇടനെ plzzz

  2. gud story next part petennu venam

Comments are closed.