നക്ഷത്രക്കുപ്പായം 30

“ഇക്കാക്കാ…ഞാനും വര്ണ്ട്.അല്ലാണ്ടെ നിക്കിവിടെ സമാധാനണ്ടാവൂലാാ..”
ഷമീലയുടെ നിർബന്ധപ്രകാരം അവളേയും കൂട്ടി
വല്ലപ്പോഴും ഷംസു ഓടിക്കാറുള്ള ഓട്ടോയിൽ ആശുപത്രി ലക്ഷ്യമാക്കി അവർ കുതിച്ചു..
ആർക്കും ഒന്നും പറയാനില്ലാ…അവർക്കുമുന്നേ അവരുടെ മനസ്സവിടെ ഹോസ്പിറ്റലിൽ നിലയുറപ്പിച്ചിരുന്നു…
കുട്ടിക്കാലം മുതലേ ഉള്ള ഓർമ്മകളവരിൽ തികട്ടി വരാൻ തുടങ്ങി..ഷമീലയുടെ തേങ്ങലുകൾ അപ്പോഴും നിലച്ചിരുന്നില്ല..എന്താണ് സംഭവിച്ചതെന്നറിയാതെ അവർ വീർപ്പുമുട്ടുകയായിരുന്നു..

അവരവിടെ എത്തിയപ്പോയേക്കും ഒരു പട തന്നെ യുണ്ടായിരുന്നു ഹോസ്പിറ്റലിൽ..
ഹമീദ്ക്കാ, കബീർക്കാ,ആമിനത്താ സാബിത്താ..തുടങ്ങി കേട്ടറിഞ്ഞെത്തുന്നവർ വേറെയും..അത് വേറേ ഒന്നും കൊണ്ടല്ലാ..ഖൈറുത്താ എല്ലാവർക്കും അത്രക്ക് പ്രിയപ്പെട്ടവരായിരുന്നു..അവരുടെയെല്ലാം വീട്ടിലെന്താവശ്യമുണ്ടേലും വേഗം ഓടിയെത്തുന്നത് ഖൈറുത്താന്റെ
അരികിലേക്കാണ്..കല്യാണവീടാണേലും സൽക്കാര വീടാണേലും മരണ വീടാണേലും എല്ലാം അവിടെ ഒരു നേതൃത്വം വഹിച്ച് ഖൈറുത്താ ഉണ്ടാവും….ആരോടും കണക്ക് പറഞ്ഞ് കാശ് വാങ്ങിക്കൂലാ..ഇഷ്ടമുള്ളത് സ്വീകരിക്കും..ഇല്ലായെങ്കിൽ ചെയ്തു കൊടുക്കുന്ന ജോലിയിൽ മടുപ്പൊന്നും കാണിക്കൂലാ..അതോണ്ട് തന്നെ എല്ലാവരും കണ്ടറിഞ്ഞു തന്നെയവരെ സഹായിക്കാറുണ്ടായിരുന്നു.

“മോനേ ഇയ്യ് സമാധാനപ്പെട് ..ഉമ്മാക്കൊന്നും സംഭവിക്കൂല..”
അയൽ വാസിയായ ഹമീദ്ക്കാ ആശ്വസിപ്പിച്ചെങ്കിലും അവന്റെ മനസ്സ് കടിഞ്ഞാണില്ലാത്ത കുതിരയെപ്പോലെ ഏതെല്ലാമോ വഴികളിലൂടെ അങ്ങനെ ഓടിക്കൊണ്ടിരുന്നു.

“എന്താ ഇക്കാ ഉണ്ടായേ…”.ഷംസുവിന്റെ ചോദ്യത്തിനുത്തരം നൽകിയത് ആമിനത്താ ആയിരുന്നു..

“ഖൈറു എന്റെ പെരേന്ന് പണിം കഴിഞ്ഞിറങ്ങിവരെയ്നു..
ഒരു ജീപ്പ് വന്നിടിച്ചതാ..അയാളെ പറഞ്ഞിട്ട് കാര്യല്ലാ..റോഡിലേക്ക് ഇറങ്ങിയതും വണ്ടിന്റെ മുന്നിലേക്ക് കുഴഞ്ഞു വീഴായിരുന്നു..”

ജീവിതത്തേയും മരണത്തേയും രണ്ടു തുലാസിൽ അളന്നു കൊണ്ട് വരാനിരിക്കുന്ന വിധിയെയും കാത്ത് ഐസിയു വിന്റെ ഇടനാഴികളിൽ അവർ പ്രാർത്ഥനയോടെ ഇരുന്നു…
ഒന്നും പറയാറായിട്ടില്ല എന്ന ഡോക്ടറുടെ പ്രസ്താവനക്കു മുന്നിൽ സെക്കന്റുകൾ മിനിട്ടുകളാായും മിനിട്ടുകൾ മണിക്കൂറുകളാായും ഇഴഞ്ഞു നീങ്ങിക്കൊണ്ടിരുന്നു..ഒടുവിൽ ഇരുളിനെ സാക്ഷിയാക്കി ഡോക്ടർ ആ വിധിക്കുത്തരം നൽകി..

“പേടിക്കാനൊന്നുമില്ലാ ..അപകടനില തരണം ചെയ്തിട്ടുണ്ട്..”

അൽഹംദുലില്ലാഹ്..നാഥനൊരായിരം സ്തുതിയർപ്പിച്ച് അജ്മൽ ആ വരാന്തയിൽ നിന്നൊരു ദീർഘശ്വാസം വിട്ടതപ്പോയായിരുന്നു..ഉമ്മാന്റെ വിലയെന്താന്ന് ആ മണിക്കൂറുകൾ താണ്ടിയപ്പോ താൻ ശരിക്കുമറിഞ്ഞതാണ്..മാത്രവുമല്ല എന്നും ഉമ്മാനെ കുറ്റപ്പെടുത്തിട്ടേ ഉള്ളൂ..ഒരു പക്ഷേ തെറ്റു തിരുത്താൻ നാഥൻ ഒരവസരം തന്നതാവാം..
ഐ സിയുവിന്റെ ചില്ലുജാലകത്തിലൂടവൻ ഉമ്മയെ ആദ്യമായ് കാണുന്നപോലെ നോക്കി നിന്നു..ആ നോട്ടത്തിനപ്പോൾ കൊച്ചുകുഞ്ഞിന്റെ നിഷ്കളങ്കതയുണ്ടായിരുന്നു..അവനു പിറകിലായി വിതുമ്പികൊണ്ട് ഷമീലയും..

“ഇതിലാരാ അജ്മൽ..”
ഡോക്ടറുടെ കണ്ണുകൾ അവർക്കിടയിൽ അജ്മൽ എന്ന വ്യക്തിയെ പരതി നടന്നു..

“ഞാനാ ഡോക്ടർ..”
മുന്നിലേക്ക് വന്നു നിൽക്കുന്ന ആ ചെറുപ്പക്കാരനെ ഡോക്ടർ സസൂക്ഷ്മം ഒന്നു വീക്ഷിച്ചു..
അത്യാവശ്യം തണ്ടും തടിയും അതിനൊത്ത ഉയരവും ആരോഗ്യവുമുള്ള സുമുഖനായ ഒരുചെറുപ്പക്കാരൻ..ഇരുപത്തിമൂന്ന് ആവ്ണേ ഉള്ളുവെങ്കിലും അതിനേക്കാൾ വളർച്ച തോന്നിക്കുന്ന ശരീരം..പൗരുഷം മുഖത്തെഴുതി വെച്ചിട്ടുണ്ട്..ഡോക്ടർക്ക് അവനെ കണ്ടപ്പോ അദ്ഭുതം തോന്നി..

“ഹോ ..ഇയാളാണോ..എന്റെ കാബിനിലേക്ക് വരൂ..കുറച്ച് സംസാരിക്കാനുണ്ട്..”

അജ്മൽ ഡോക്ടറുടെ അടുത്തേക്ക് പോവനൊരുങ്ങുമ്പോഴേക്കും ഹമീദ്ക്കാ അരികിലേക്ക് വന്നു..
“മോനേ ..എന്നാ ഞങ്ങളിറങ്ങട്ടെ..എന്താവശ്യമുണ്ടേലും വിളിക്കാൻ മടിക്കരുത് ട്ടോ..ഞങ്ങളൊക്കെ ഉണ്ടാവും..”

അവരുടെ നല്ല മനസ്സിനു മുന്നിൽ കൃതജ്ഞതയോടെ തലയാട്ടികൊണ്ടവൻ പറഞ്ഞു..
“ആയിക്കോട്ടേ..ഹമീദ്ക്കാ ആരുല്ലാത്ത ഞങ്ങളോട് ഇങ്ങളൊക്കെ ഇത്രേം കരുണ കാട്ടിയല്ലോ.. ”
അതുപറയുമ്പോയവന്റെ കണ്ണുകളെന്തിനോ നിറഞ്ഞിരുന്നു..
“അങ്ങനൊന്നും വിചാരിക്കണ്ട അജോ..ഞങ്ങളൊക്കെ എന്നും കൂടെ ഉണ്ടാവും..ഇയ്യ് ഇപ്പോ ഡോക്ടറുടെ അടുത്തേക്ക് ചെല്ല്…”

ഡോ.നവാസ് എന്ന നെയിം ബോർഡിന്റെ മുന്നിൽ അക്ഷമനായി ഡോക്ടറുടെ വാക്കുകൾക്കായി കാതോർത്തിരിക്കുമ്പോൾ അവനൊറ്റ പ്രാർത്ഥനയേ ഉണ്ടായിരുന്നുള്ളൂ..ഉമ്മാനെക്കുറിച്ച് നല്ലത് മാത്രമേ ആ നാവിൽനിന്ന് വരാവുള്ളൂ പടച്ചോനേ എന്ന്..

3 Comments

  1. ഇതിന്റെ ബാക്കി പെട്ടന്ന് ഇടനെ plzzz

  2. gud story next part petennu venam

Comments are closed.