മഴത്തുള്ളികള്‍ പറഞ്ഞ കഥ 2 [ഹണി ശിവരാജന്‍] 20

”എന്തുപറ്റി തനിയ്ക്ക്…” സ്നേഹപൂര്‍വ്വം ദേവാനന്ദ് അവളുടെ താടി മെല്ലെ പിടിച്ച് ഉയര്‍ത്തി..

”വല്ലാത്ത തലവേദന…” അവളുടെ കണ്ണുകള്‍ ഈറനണിഞ്ഞിരുന്നു..

”ഹോസ്പിറ്റലില്‍ പോകണോ…?” ദേവാനന്ദ് അവളുടെ നെറ്റിയ്ക്ക് മേല്‍ കൈപ്പടം വച്ച് ചോദിച്ചു…

“ചെറിയ ചൂടുമുണ്ടല്ലോ…?”

”വേണ്ട ദേവേട്ടാ…. അല്‍പ്പം ബാം പുരട്ടിയാല്‍ മാറാവുന്നതേയുളളൂ…”

ദേവാനന്ദ് അവളെ ചേര്‍ത്ത് പിടിച്ച് അവളുടെ തലമുടിയിലും നെറ്റിത്തടത്തിലും തലോടി…

അയാള്‍ നല്‍കുന്ന ആ തലോടല്‍ അവളുടെ മനസ്സില്‍ സാന്ത്വനം പടര്‍ന്നിറങ്ങി…

കൊളുത്തിപ്പിടിക്കുന്ന വേദന…!!!

ശ്രീനന്ദന അടിവയര്‍ തപ്പിപ്പിടിച്ച് എഴുന്നേറ്റു…

വേദന അവള്‍ കടിച്ചമര്‍ത്താന്‍ ശ്രമിച്ചിട്ടും ഒരു തേങ്ങല്‍ അവളില്‍ നിന്നും പുറത്തേക്ക് ഒഴുകി…

ഒരു കുഞ്ഞിന്‍റെ കരച്ചില്‍ അവളുടെ കാതുകളില്‍ വന്ന് അലയടിച്ചു…

മെല്ലെ മെല്ലെ അടിവയറ്റിലുണ്ടായ വേദന ഒരുനീര്‍ക്കുമിള പോലെ അലിഞ്ഞില്ലാതായി…

മെല്ലെ ആ കുഞ്ഞിന്‍റെ കരച്ചില്‍ മഴയുടെ ഇരമ്പലില്‍ അലിഞ്ഞു ചേര്‍ന്നു…

”വരൂ…” മഴത്തുളളികളുടെ ചിലമ്പല്‍…

വീശിയടിക്കുന്ന കാറ്റില്‍ മേശമേലിരുന്ന് ചാഞ്ചാടുന്ന കടലാസ്സുകള്‍ തന്നെ മാടി വിളിക്കുന്നതായി അവള്‍ക്ക് തോന്നി…

മെല്ലെ ഇടറിയ കാലടികളോടെ അവള്‍ നടന്നു…

തൂലികത്തുമ്പ് എന്തോ എഴുതാന്‍ വെമ്പി നില്‍ക്കുന്നു…

അവളുടെ മൃദുലമായ വിരലുകള്‍ക്കിടയില്‍ സ്ഥാനം പിടിച്ച തൂലിക എഴുതിത്തുടങ്ങി…

”അന്ന് രാത്രിയിലെ സന്തോഷകരമായ നിമിഷങ്ങള്‍ സംഭ്രമജനിതമായത് പെട്ടെന്നായിരുന്നു…”

ശക്തമായ കാറ്റില്‍ എഴുതിക്കൊണ്ടിരുന്ന ശ്രീനന്ദനയുടെ മുടിയിഴകള്‍ കാറ്റില്‍ പറന്ന് തുളളിക്കളിച്ചു…

പുറത്ത് കോവിലകത്തിന് മുന്നിലെ പടര്‍ന്ന പന്തലിച്ച തേന്മാവ് ശക്തമായ കാറ്റില്‍ ശിഖരങ്ങള്‍ വിരിച്ച് ഒരു യക്ഷിയെപ്പോലെ ആര്‍ത്ത് അട്ടഹസിച്ചു…

പേമാരിയുടെ കുത്തൊഴുക്കില്‍ പുല്‍നാമ്പുകള്‍ വിലപിച്ചു…

മഴത്തുളളികള്‍ കലിബാധിച്ചവളെ പ്പോലെ ചിലമ്പി…

തൂലികയുടെ ചലനം നിന്നു…

ശ്രീനന്ദന കിതച്ച് കൊണ്ട് ശക്തിയായി ശ്വാസം വലിച്ച് വിട്ടു…

എഴുതിയ കടലാസ്സുകളും തൂലികയും മേശവലിപ്പില്‍ നിക്ഷേപിച്ച് തളര്‍ന്ന കാല്‍പ്പാദങ്ങളോടെ അവള്‍ വേച്ച് വേച്ച് കട്ടിലിനടുത്തേക്ക് നീങ്ങി….

കട്ടിലിലേക്ക് അവള്‍ ബോധരഹിതയായി തളര്‍ന്ന് വീണു…

”ശ്രീ… ശ്രീ…”
കണ്ണുകളില്‍ നനവ് പടര്‍ന്നതും അവള്‍ ദേവാനന്ദിന്‍റെ പരിഭ്രാന്തമായ വിളിയൊച്ച കേട്ടു..

ഒരു ഞെരുക്കത്തോടെ അവള്‍ കണ്ണുകള്‍ വലിച്ച് തുറന്നു…

ശരീരമാകെ ചുട്ട് പൊളളുന്ന ചൂട് അവള്‍ക്ക് അനുഭവപ്പെട്ടു…

”ശ്രീ… വേഗം എഴുന്നേല്‍ക്ക്… ഹോസ്പിറ്റലില്‍ പോകാം… നല്ല ടെംപറേച്ചറുണ്ട് നിനക്ക്…”
ദേവാനന്ദ് അസ്വസ്ഥമായ മനസ്സോടെ ശ്രീനന്ദനെ താങ്ങിയെഴുന്നേല്‍പ്പിച്ചു…

”ഹൈ ഡിഗ്രി ടെംപറേച്ചറുണ്ട്… നല്ല വിശ്രമം ആവശ്യമാണ്… ക്ഷീണം മാറ്റാന്‍ തത്കാലം ഒരു ട്രിപ്പിടാം… പിന്നെ ഒരു ഇന്‍ജക്ഷനും… പ്രിസ്ക്രിപ്ഷന്‍പ്രകാരമുളള ടാബ്‌ലെറ്റുകള്‍ കൃത്യമായി കഴിപ്പിക്കുകയും ചെയ്യണം….”

2 Comments

  1. അടിപൊളി

  2. Super
    Keep writing

Comments are closed.