മോൻ പറഞ്ഞിട്ടും ഞാൻ വാങ്ങി കൊടുക്കാതിരുന്നത്, കേട്ടുകഴിഞ്ഞപ്പോൾ ഞാനുമറിഞ്ഞു ഇതെല്ലാം എന്റെ മനസ്സിലും മായാതെ കിടക്കുന്നുണ്ടല്ലോ.. അന്നതെല്ലാം വാങ്ങാതിരുന്നതിന് കാരണങ്ങളുണ്ടായിരുന്നു. അത് കൊണ്ടെനിക്കതൊരു കാര്യമായി തോന്നിയിരുന്നില്ല, എങ്കിലും അന്ന് വാങ്ങാതിരിക്കാനുണ്ടായ ഓരോരോ കാരണങ്ങൾ ഞാനവനോട് പറഞ്ഞു കൊടുത്തു.
നെഹ്രു പാർക്കിന്റെ പടിക്കൽ ഒരു ഹിന്ദിക്കാരൻ എന്തോ സോപ്പ് വെള്ളം കലക്കി ഊതി കുമിളകളുണ്ടാക്കി പറപ്പിക്കുന്ന ഒരു കളിക്കോപ്പ്, മോനന്ന് വളരെ ചെറുതല്ലേ, അതെങ്ങാനും വായ്ക്കകത്ത് ചെന്നാൽ വല്ല അസുഖം പിടിച്ചാലോ..! അതാണന്നത് വാങ്ങിക്കാതിരുന്നത്.
പിന്നെ വേറെയൊരിക്കൽ കടപ്പുറത്ത് പോയപ്പോൾ പട്ടം വാങ്ങി തരാതിരുന്നത്, അമിത വില പറഞ്ഞപ്പോ, അയാളോടപ്പോൾ തോന്നിയ ഒരു വാശി, വേറെ ആളിൽ നിന്ന് വാങ്ങാം ന്ന് കരുതി, പിന്നെയാരേം കണ്ടതുമില്ല, പത്തോ മുപ്പതോ അമ്പതോ രൂപയുടെ ഒരു പട്ടം നിന്റെ കുഞ്ഞുമനസ്സിൽ ഒരു വേദനയായി പതിയും എന്നൊന്നും ഞാൻ അന്നറിയാതേയും പോയി.
പക്ഷേ മോനന്ന് മുതൽ ഓർത്ത് വെക്കുവാൻ തുടങ്ങി കാണും, ഞാനാവശ്യപ്പെട്ടതൊന്നും ഉപ്പ വാങ്ങിച്ചു തരില്ല എന്ന്.
പിന്നെ ഒരു പള്ളി പെരുന്നാളിന് പോയപ്പോൾ, തിന്നാൽ ചുണ്ടും വായും ചുവക്കുന്ന ആ കോല് മിഠായി, പറയാൻ വിഷമമാണ്, എന്റെ വീഴ്ച.. അതിലെ ചേരുവകകളെ കുറിച്ചൊന്നും ബോധമില്ലാത്ത കാലത്ത്, ആ മിഠായി ഞങ്ങളേയും ഏറെ മോഹിപ്പിച്ചിട്ടുണ്ടായിരുന്നു എന്നതെല്ലാം ഞാനന്ന് മറന്നു. പെരുന്നാൾ കഴിഞ്ഞു വരുന്ന വഴിക്ക് കോമള ഹോട്ടലിൽ പോയി, മസാല ദോശയും ബ്രാൻഡെഡ് ഐസ്ക്രീമും കഴിച്ചു കഴിയുമ്പോൾ, ആ കോല് മിഠായിയോടുള്ള ആഗ്രഹം നീയതൊക്കെ മറന്നു പോകുമെന്ന് ഞാൻ കരുതി.
വിലകളും വലിപ്പവുമൊന്നുമല്ല ആഗ്രഹങ്ങളുടെ മാനദണ്ഡമെന്നു സൗകര്യപൂർവ്വം ഞാനതോർക്കാതെ പോയി.
നമ്മളൊക്കെ വല്ലാതെ വലുതായപ്പോൾ മണ്ണിൽ കളിക്കുന്ന, ചുവരിൽ വരക്കുന്ന, മഴകൊള്ളുന്ന, ചളിവെള്ളത്തിൽ കളിക്കുന്ന, കുഞ്ഞാവശ്യങ്ങൾ പറയുന്ന മക്കളെ, “അരുത് “ കൊണ്ട് നമ്മളവരെ നല്ല പാഠങ്ങൾ പഠിപ്പിക്കുമ്പോൾ മനസ്സിൽ പതിയുന്ന ഉണങ്ങാത്ത മുറിവുകൾ അവരിൽ ഉണ്ടാക്കുന്നുണ്ട്. നിഷേധങ്ങൾ, നിർബന്ധങ്ങൾ, അനുസരിപ്പിക്കൽ, പഠിപ്പിക്കൽ ഇതൊക്കെയാണ് നമ്മളവർക്ക് നൽകുന്ന ബാല്യം.
പുറത്തപ്പോഴേക്കും നേരം വെളുത്തിരുന്നു. മദ്രസ്സയിലേക്ക് പോകാൻ നേരമായെന്നും പറഞ്ഞു ഉമ്മ അവനെ വിളിച്ചെഴുന്നേൽപ്പിച്ചു കൊണ്ടു പോകുമ്പോൾ ഉമ്മ പറയുന്നുണ്ട്.