കുഞ്ഞോളങ്ങൾ… 33

Kunjoolamgal by Usman Akkaparambil

അവധി ദിനങ്ങൾ കഴിയാറായത് കൊണ്ട് നാട്ടിൽ ചെന്നതിന്റെ സന്തോഷം മങ്ങാനും, തിരിച്ചു പോകലിന്റെ വേവലാതികൾ തെളിയാനും തുടങ്ങിയിരിക്കുന്നു.

അടുക്കള ജോലികളെല്ലാമൊതുക്കി വൈഫ് വരുന്നതും കാത്ത് ഞാനെന്തൊ മൊബൈലിലും നോക്കിയിരിക്കുകയാണ്. അന്നത്തെ ജോലികളും, നാളെ കാലത്തേക്കുള്ള പലഹാരത്തിനുള്ള തയ്യാറെടുപ്പുകളും കഴിഞ്ഞു അവൾ വന്നു, ഓരോ കാര്യങ്ങൾ പറയുന്നതിനിടയിലാണത് പറഞ്ഞത്.

“മോന് സൈക്കിൾ മാറ്റി കൊടുക്കാർന്നില്ലേ..? നല്ലോണം പ്രതീക്ഷിച്ചു ന്നാ തോന്നുന്നേ… വാങ്ങിച്ചു കൊടുക്കാത്തതിൽ അവന് ദേഷ്യവും സങ്കടമൊക്കെയുണ്ട്..”

മക്കളുടെ ചെറുപ്പത്തിലെ ദേഷ്യവും സങ്കടവും സന്തോഷവുമെല്ലാം കാണുന്നത് ഒരു രസമല്ലേ.., ഇപ്പോഴത്തെ സൈക്കിളിന് കേടൊന്നുമില്ല… അടുത്ത വരവിന് വാങ്ങിച്ചാൽ മതി..

“നല്ല രസാ.. മോൻ പറഞ്ഞതെന്താ ന്നറിയോ..? ഞാനെന്ത് പറഞ്ഞാലും ഇങ്ങിനെ തന്നെ,..ഉപ്പ എനിക്കൊന്നും വാങ്ങിച്ചു തരില്ലാന്ന്.. ഇപ്പോ ചെന്നപ്പോ ന്നോട് ദേഷ്യപ്പെട്ട് തിരിഞ്ഞു കിടന്നു”

ചെറുതായി വന്നിരുന്ന ഉറക്കം എവിടേയോ പോയൊളിച്ചു, വല്ലാതെ ചൂടെടുക്കും പോലെ, ഫാൻ പിന്നേയും വേഗത കൂട്ടി,.. ഉള്ളിലെ ചൂടൊന്നാറാൻ വേണ്ടിയാകാം, ഞാൻ പറഞ്ഞു..
ഉം വാങ്ങിച്ചു കൊടുത്തോളാം…

ഞാനങ്ങിനെ പറഞ്ഞെങ്കിലും വൈഫ് ഉറക്കത്തിലേക്ക് വഴുതിയിരുന്നു. പിന്നേയും മോന്റെ വാക്കുകൾ എന്റെ ചെവിയിൽ വന്നടിക്കും പോലെ… “’അല്ലെങ്കിലും ഞാൻ പറഞ്ഞതൊന്നും ഉപ്പയെനിക്ക് വാങ്ങിച്ചു തരില്ലാ…”

ഞാനെന്താണ് മോന് വാങ്ങിച്ചു കൊടുക്കാതിരുന്നത്…!! ആവശ്യപ്പെട്ടതും അല്ലാത്തതുമായ എന്തെല്ലാം വാങ്ങിച്ചിരിക്കുന്നു…!! അതോ അവനിഷ്ടമുള്ളതൊന്നും വാങ്ങിച്ചു കൊടുത്തിട്ടില്ലേ..? മനസ്സ് വല്ലാതെ അസ്വസ്ഥമാവാൻ തുടങ്ങി.