കുഞ്ഞന്റെ മലയിറക്കം 2128

അവന്റെ കണ്ണുകൾ കാളവണ്ടി ചക്രങ്ങൾ തീർത്ത സമാന്തരപാതകളിൽ പതിച്ചു…. അവയിൽ ചെളി വെള്ളം കെട്ടിക്കിടന്നിരുന്നു….. അവർ ആ പാത പിൻതുടർന്നു…. ഒരിക്കലെങ്കിലും ഇവ കൂട്ടിമുട്ടുമോ….? ചെളിയിൽ അവന്റെ കാലുകൾ വഴുക്കുന്നുണ്ടായിരുന്നു……. എങ്കിലും പരമാവധി വേഗത്തിൽ അവൻ പിൻതുടർന്നു കൊണ്ടേ ഇരുന്നു…  അവന്റെ മനസ്സിൽ ഒരു തരം നിർവികാരത തളം കെട്ടി നിന്നിരുന്നു…… ഭയം എങ്ങോ ഓടി ഒളിച്ചിരിക്കുന്നു…..  മനസ്സിൽ കറുപ്പുമാത്രം തളംകെട്ടിക്കിടക്കുന്നു….. യക്ഷിപ്പാറയുടെ വലിപ്പം വർദ്ധിച്ചുകൊണ്ടിരിക്കുന്നു…. പാലപ്പൂവിന്റെ ഗന്ധം തീഷ്ണമായി അന്തരീക്ഷത്തിൽ നിറഞ്ഞു….. ആലിൻ കൊമ്പിലെ നരിച്ചീറുകൾ അലറിക്കരയുന്നുണ്ടായിരുന്നു…. അവയുടെ കോബല്ലുകളിൽ നിന്നും രക്തം പൊടിയുന്നുണ്ടായിരുന്നു……

അവൻ പുറകിലേക്ക് തിരിഞ്ഞു നോക്കി….. ദൂരെ തന്റെ കുടിൽ നേരിയ പുകയാൽ മറയ്ക്കപ്പെട്ടിരിക്കുന്നു…..

ഒരു നിമിഷം അമ്മയുടെ രൂപം മനസ്സിൽ തെളിഞ്ഞു…… ആ കവിൾ തടത്തിലുടെ കണ്ണുനീർ ഒലിച്ചിങ്ങുന്നുണ്ടായിരുന്നു…. ആ ചുണ്ടുകൾ കുഞ്ഞാ……… കുഞ്ഞാ……… എന്നു മന്ത്രിക്കുന്നുണ്ടായിരുന്നു….. അവന്റെ കാലുകൾ ഇടറി…… നടത്തത്തിന്റെ വേഗത കുറഞ്ഞു…… പാറേലപ്പൂപ്പന്റെ വേഗതയ്ക്കൊപ്പം അവനെത്താൻ കഴിയാതെയായി… പാറേലപ്പൂപ്പൻ യക്ഷിപ്പാറയുടെ നെറുകയിലെങ്ങോ മറഞ്ഞു…… വട്ടനച്ഛന്റെ നിലവിളി അവന്റെ കാതിൽ മുഴങ്ങി കൊണ്ടേ ഇരുന്നു….. അസഹ്യമായ ആ നിലവിളി അവന്റെ ചങ്കുതുളച്ചു കടന്നുപോയി…. രണ്ടു കൈകൾ കൊണ്ടും അവൻ തന്റെ കാതുകൾ പൊത്തിപ്പിടിച്ചു…… പാലമരത്തിന്റെ ചില്ലകൾക്കിടയിൽ നിന്നും ചന്ദ്രൻ പുറത്തേക്കു വന്നു…… ഒരു കാഴ്ചക്കാരനായി നിലകൊണ്ടു…….

ഏതോ കൂർത്ത മുൾച്ചെടിയിൽ അവന്റെ കാലിലെ ചങ്ങല ഉടക്കി വലിഞ്ഞു….. അവയുടെ കണ്ണികൾ അവന്റെ മാംസത്തിലേക്ക് ആഴ്ന്നിറങ്ങി……. അവനു പുറകിൽ അമ്മയുടെ പിൻവിളി ഉയർന്നുയർന്നു വന്നു…… അതിന്റെ പ്രതിധ്വനി യക്ഷിപ്പാറയുടെ മാറിൽ തട്ടി പടർന്നു കയറി…… ഒടുവിൽ നേർത്തു നേർത്ത് കാറ്റിലലിഞ്ഞ് ഇല്ലാതെയായി……….

അമ്മയുടെ രൂപത്തെ ഏതോ പുകമറയാൽ മൂടപ്പെട്ടു…… കുഞ്ഞിലക്ഷ്മി അവളും പുകമറയ്ക്കുള്ളിലേക്ക് നടന്നു കയറി…… ആ പുകച്ചുരുളുകൾക്കുള്ളിൽ വികലമായ രൂപങ്ങൾ ഉടലെടുത്തു, അവയ്ക്ക് കൈയ്യും, കാലുകളും മുളച്ചു, അവന്റെ ചുറ്റിനും ഉറഞ്ഞുതുള്ളി……

“ഹീയോയ്………”

ഊരാളിയപ്പൂപ്പന്റെ ആർപ്പുവിളി യക്ഷിപ്പാറയുടെ മലയിടുക്കുകളെ പ്രകമ്പനം കൊള്ളിച്ചു…… ശൂലത്തിൽ തൂങ്ങിയാടിയ ഓട്ടുമണികൾ കലപില ശബ്ദത്തിൽ പൊട്ടിച്ചിരിച്ചു…… ചാരായത്തിന്റെ രൂക്ഷഗന്ധം അവന്റെ നാസികകളെ തഴുകി…….

തൂശനിലയിൽ വിത്തും, കരിക്കും, കമുകിൻ പൂക്കുലയും…..

വെറ്റിലയും, ഒറ്റ രൂപാതുട്ടും, അടക്കയും……

ചുവന്ന പട്ടും, കറുത്ത പൂങ്കോഴിയും……..

അവന്റെ ഉള്ളിൽ വിഹ്വലതയുടെ അസംഖ്യം ബിംബങ്ങളായി പരിണമിച്ചു…….

അവൻ യക്ഷിപ്പാറയുടെ നെറുകയിലേക്ക് ഓടിക്കയറി…. അവന്റെ കാലിലെ ചങ്ങല പാറക്കൂട്ടങ്ങളിൽ തട്ടി തീപ്പൊരി ചിന്നി….. അതിന്റെ ശബ്ദം അന്തരീക്ഷത്തിൽ മുഴങ്ങി……..

പാലച്ചുവട്ടിലെ പ്രതിഷ്ഠക്കു മുന്നിലെ കൽവിളക്ക് ആളിക്കത്തി നില്ക്കുന്നു…… മഴയ്ക്കു പോലും അതിനെ അണയ്ക്കാൻ കഴിഞ്ഞിരുന്നില്ല….. അവനാ വിളക്കിന്റെ മുന്നിൽ മുട്ടുകുത്തി നിന്നു….. ഒരു തണുത്തകാറ്റ് അവനെ തഴുകി കടന്നു പോയി….. ഒരു വലിയ ഇരുമ്പുചങ്ങല അവന്റെ ശരീരത്തിലേക്ക് പതിച്ചു…… അത് തീർത്ത മുറിവുകളിൽ നിന്നും രക്തം ഒലിച്ചിറങ്ങി…… അവൻ അലറിക്കരയാൻ ശ്രമിച്ചെങ്കിലും ശബ്ദം തൊണ്ടയിൽ തന്നെ കുരുങ്ങിക്കിടന്നു….. മുറിവുകളിലൂടെ ചെള്ളുകൾ ഇഴഞ്ഞു നടക്കാൻ തുടങ്ങി…… നരിച്ചീറുകൾ പറന്നെതി രക്തം നക്കിത്തുടച്ചു…. അവയുടെ കോമ്പല്ലുകൾ ശരീരത്തിലേക്ക് തുളഞ്ഞു കയറി…… അവന്റെ മുന്നിലെ പാലമരത്തിൽ വലിയ ചങ്ങല കൊണ്ട് ബന്ധിക്കപ്പെട്ടിരുന്ന വട്ടനച്ഛൻ അവനെ നോക്കി പുഞ്ചിരിച്ചു……

“കുഞ്ഞാ…..”

അച്ഛൻ ആദ്യമായി വാത്സല്യത്തിന്റെ പരകോടിയിൽ എത്തപ്പെട്ടു…… ആ വിളിക്ക് അത്രമാത്രം മാധുര്യമുണ്ടായിരുന്നു…… അപ്പോഴും അച്ഛന്റെ ചങ്ങല തീർത്ത വടുക്കളിൽ ചലം മുറ്റി നിന്നിരുന്നു…. ഊരാളിയപ്പൂപ്പൻ അവർക്കു ചുറ്റിനും ഉറഞ്ഞു തുള്ളി….. ആ കാലുകളുടെ വേഗത അവനെ അതിശയിപ്പിച്ചൂ…..

ഉരാളിയപ്പൂപ്പൻ അവന്റെ നെറ്റിത്തടത്തിൽ ചുംബിച്ചു…… അപ്പൂപ്പന്റെ കൂർത്ത പല്ലുകൾ വെട്ടിത്തിളങ്ങുന്നത് അവൻ കണ്ടു…….. പിന്നീട് അവ അവന്റെ കഴുത്തിലേക്ക് ആഴ്ന്നിറങ്ങി…… അവന്റെ ഞരമ്പുകൾ വലിഞ്ഞു മുറുകി…… നാവു പുറത്തക്ക് തള്ളി…… ശ്വാസം കിട്ടാതെ കൈ കാലിട്ടടിച്ചു……

തന്റെ മൺകുടിലിന്റെ മുറ്റത്തെ ഒഴിഞ്ഞ ബഞ്ച് അവന്റെ ഉള്ളിൽ തെളിഞ്ഞു വന്നു…… അതിൽ നിന്നും അപ്പോഴും മഴത്തുള്ളികൾ ഇറ്റിറ്റു വീഴുന്നുണ്ടായിരുന്നു…… ആൽമരത്തിന്റെ സമീപത്തുള്ള പാറയിടുക്കുകളിൽ നിന്നും കറുത്ത ചെള്ളുകൾ പറന്നുയർന്നു….. അവ ചന്ദ്രനെ അന്ധകാരത്തിലേക്ക് വലിച്ചിഴച്ചു….. നരിച്ചീറുകൾ ആകാശത്തിന്റെ അനന്തതയിലേക്ക് പറന്നു മറഞ്ഞു……….

അപ്പോഴും അവന്റെ മൺകുടിലിനുള്ളിൽ അമ്മ നിദ്രയുടെ ആഴങ്ങളിലേക്ക് ഊളിയിട്ട് താഴ്ന്നിറങ്ങുകയായിരുന്നു…….. ഒന്നും അറിയാതെ……

ഉറഞ്ഞു തുള്ളിക്കൊണ്ടിരുന്നു ഭൈരവിക്കോലത്തിന്റെ മുഖത്തെഴുത്ത് മഴ വെള്ളത്താൽ വിക്രിതമാക്കപ്പെട്ടു……..ഭൈരവിക്കോലം ആസുരതാളത്തിന്റെ പരകോടിയിൽ നിന്നും ശമനതാളത്തിലേക്ക് കൊട്ടിയിറങ്ങി……. തളർന്നു മയങ്ങി…….

മൺകുടിലിനു മുന്നിലെ ബഞ്ചും, തുരുമ്പിച്ചു തുടങ്ങിയ ചങ്ങലയും ഏകാന്തതയെ പുണർന്ന്  അവനെ കാത്തിരുന്നു…… വട്ടൻ കുഞ്ഞന്റെ മലയിറക്കവും പ്രതീക്ഷിച്ച്.